അനന്തമായ ഓളങ്ങളുടെ വക്കിൽ
ഓർമ്മപ്പൊടിപോലെത്തങ്ങിനിന്നുഞാൻ…
Maybe this isn’t what I wanted to say. To speak, and speak of the self like this, is hardly pleasant. I cannot speak with my voice, but I speak with my voices. Or it could be that this poem is a trap, or simply another scene in a play.—Alejandra Pizarnik, Extracting the Stone of Madness, tr. Yvette Siegert.
1
ജനാലയിലെ പൊടിതുടച്ചു. തവിട്ടുനിറം
എല്ലായിടത്തും നിറഞ്ഞതായിത്തോന്നി.
2
ഒരു പുഴുവിനെ ഓർമ്മവന്നു. അതു് ഒരു
ചെടിയില തിന്നുകയായിരുന്നു.
ഒരു ചെറിയ കാറ്റത്തു് അവ രണ്ടും.
3
മുറിവിന്റെ നിറം പതുക്കെ ഇരുട്ടുന്നുണ്ട്.
നീലയിൽനിന്നു് കരിനീലയിലേക്ക്.
4
പള്ളിയിലേക്കു് പോയി.
ഖബറുകൾക്കിടയിൽ കുറേനേരം നിന്നു.
5
ഉപ്പുവെള്ളത്തിൽ കാലുകൾ ഇറക്കിവെച്ചു.
6
നാരകത്തിന്റെ ഒരു ചില്ല മുറിച്ചുകളഞ്ഞു.
അതിൽ നിറയെ കായ്കൾ ഉണ്ട്.
7
തുണി കഴുകിയിട്ടു. നീലയിൽ നിറമില്ലാത്ത
മേഘങ്ങൾ നീങ്ങുന്നതു് അല്പനേരം
നോക്കിനിന്നു.
8
കിഴക്കുവശത്തെ സൺഷേഡിനുമീതെ
ഒരു കിളി ചത്തുകിടന്നിരുന്നു.
അതിനെ മണ്ണിൽ മൂടി.
9
മുറ്റത്തു് ഒരു കിളി ചത്തുകിടന്നു.
അതിനെ ആദ്യത്തേതിനു് തൊട്ടടുത്തായി
അടക്കം ചെയ്തു.
10
ജനാല തുടയ്ക്കാൻ വയ്യ. ചാരനിറത്തിൽ
പൊടി കട്ടിയായിരിക്കുന്നു.
11
നാരകത്തിന്റെ ഒരു ചില്ലകൂടി മുറിച്ചു.
അതിനുമേൽ ഒരു ചെറിയ
കൂടു് ഉണ്ടായിരുന്നു.
12
തോട്ടുവക്കിൽ വളരുന്ന തരം ഒരു കൈത
ഓർമ്മയുണ്ടായി. ഇരുപുറവും മുള്ളുകൾ.
13
നാരങ്ങയുടെ തൊലി വെയിലത്തു്
ഉണക്കാൻ വച്ചു.
14
കാറ്റിൽ പുളിമരച്ചില്ലകൾ വീടിനുനേരെ വന്നു.
പുളിയിലയുടെ ചവർപ്പു് ചുമരിൽ തങ്ങിനിന്നു.
15
ഒട്ടിപ്പിടിച്ച മണ്ണു് വേർപെടുത്തി.
പൂമ്പാറ്റയുടെ ചിറകു് കഴുകിത്തുടച്ചു.
16
മരപ്പൊത്തിനുള്ളിലേക്കു് പറന്നുപോയ
കിളി ഇന്നു് മുഴുവൻ പുറത്തിറങ്ങിയിട്ടില്ല.
അതിന്റെ കരച്ചിൽ കേട്ടു.
17
തുണി പതുക്കെ കീറി.
ഈ ചോരയ്ക്കുമേലെ വിരിച്ചു.
18
കാറ്റിൽ മരത്തലപ്പുകൾ കൂട്ടിയിടിച്ചു.
പൂപ്പൽത്തരികൾ താഴെവീണു.
19
ദേശാടനക്കിളികൾ കൂട്ടത്തോടെ മടങ്ങി.
എല്ലാ മരങ്ങളിൽനിന്നും.
20
അപ്പം രണ്ടായി മുറിച്ചു. നായിന്റെയും
എന്റെയും പിഞ്ഞാണത്തിലിട്ടു.
21
മഴയത്തു് തുണികൾ നനയുന്നു.
ടെറസിലേക്കു് വഴി ഓർമ്മിക്കാനാവുന്നില്ല.
22
ഇന്നു് സൂര്യഗ്രഹണമാണു്. നിഴലുകൾ
എല്ലാ ഗ്രഹങ്ങളിലും ഇളകുന്നതു് കണ്ടു.
23
ചെരിപ്പുകൾ കാലിലൊട്ടിപ്പിടിച്ചിരിക്കുന്നു.
ചോരപ്പശ ഈ കല്ലിൽ ഉരച്ചു.
24
ചേരയുടെ ഇഴച്ചിൽ നോക്കിനിന്നു.
ചേരയുടെ മഞ്ഞനിറം നോക്കിനിന്നു.
25
ആലിപ്പഴം വീണുകൊണ്ടിരുന്നു.
ഉള്ളങ്കൈയിലിരുന്നു് അതു് ഉരുകുന്നു.
ഒന്നോ രണ്ടോ ഓടുകൾ പൊട്ടി.
26
ഈ ചിത്രം പുസ്തകത്തിൽ വച്ചു.
ആരുടേതെന്നു് ആർക്കും അറിയാത്ത
ഒരാളിന്റെ പാസ്പോർട്ടു് സൈസിൽ
ഉള്ള ഫോട്ടോ.
27
കാക്കകളെ ആട്ടി. നെല്ലിനടുത്തു് ഒരു
കണ്ണാടിച്ചില്ലു് ചെരിച്ചുവച്ചു.
28
തുടവരെ വെള്ളമുണ്ടായിരുന്നു. കന്നുകൾ
പെട്ടെന്നു് ഇറങ്ങുന്ന ഒരു ചെരിവുണ്ട്.
തോടുകടന്നപ്പോൾ ഞാൻ അതു് തിരഞ്ഞു.
29
കള്ളിപ്പാലയുടെ കറ കാലിലിറ്റിച്ചു.
കുറേദൂരം നടന്നു.
ഒരു ഇല പൊട്ടിച്ചു.
30
ദൂരെ കാട്ടുതീ. ദൂരെ നിലവിളി.
ദൂരെ രാത്രിയാവാത്ത മൃഗങ്ങൾ.
31
മുഞ്ഞയില നെറ്റിയിൽ
തണുത്തുകിടക്കുന്ന ഒരു ശീല.
32
മുറിവു്, മരക്കമ്പുകളിൽ കൂണുകൾ വളർത്തി
33
പകൽ ഇലകളായ്ത്തീർന്നും
രാത്രി കായ്കളായ്ത്തീർന്നും
34
വെളിച്ചം പുരളുന്നതുള്ളിലായിരുന്നു
35
മുറിത്തുന്നലിൻ നിറം
ചെടിത്തണ്ടുകളിലേക്കു നീങ്ങുന്നു
36
കിളികൾ സ്വരംകൊണ്ടു്
കിളികളെ മറച്ചുപിടിച്ചു
37
വെളിച്ചത്തിൽ അനാദിയായ ദുഃഖം
വെളിച്ചത്തിന്റെ നിഴലായ്ത്തോന്നുന്നു
38
ഭാരംകൊണ്ടല്ല കല്ലുകൾ താഴത്തു
നിൽക്കുന്നു, ഓർമ്മയെപ്പോഴും
വലിച്ചമർത്തുന്നു
39
പൂവിനും തണ്ടിനുമിടയിലൊരിടത്തു്
പ്രകാശം അല്പനേരം പാർക്കുന്നു
40
മണ്ണിന്നിരുൾനിറം മുലക്കണ്ണിനു ചുറ്റിലും
വീഴുന്ന ഇലകൾ മെല്ലെയഴുകുന്നു
41
നാരകമരം പൂച്ചയുടെ മുതുകത്തുരയുകയും
വാലിൽ തൊട്ടുനോക്കുകയും ചെയ്തു
42
എല്ലാക്കൊല്ലവും ചേരട്ട ഒതുക്കുകല്ലിനു
മീതെക്കൂടെ ധൃതിയിൽ അകത്തേക്കു വന്നു
43
മടങ്ങുമ്പോൾ കിളികൾ മുഴുവനായും മടങ്ങി;
നിറമോ രൂപമോ ഇവിടെ മറന്നുവയ്ക്കാതെ
44
വെള്ളത്തിന്റെ ചിറകു് പാറ്റയിൽ ഒട്ടിപ്പിടിച്ചു്
പറക്കാൻ തുടങ്ങുന്നു
45
ആയുസ്സിന്റെ പകുതികൊണ്ടു് ഇലകൾ
ചേർത്തൊട്ടിക്കുന്നു. പിന്നത്തെപ്പകുതി
നേരം ഭൂമിയെപ്പഠിക്കുന്നു
46
കാറ്റത്തു ചെറിയ വിത്തുകൾ വെള്ളത്തിലും
ഉറക്കത്തിലും വന്നുവീഴുന്നു
47
ഭൂമിയുടെ നിഴലിൽനിന്നു്
വെളിച്ചമുള്ളിടത്തേക്കു് മരങ്ങളിലെ
പ്പായലുകൾ യാത്രചെയ്തു
48
നക്ഷത്രപ്പൊടി സൂര്യനുചുറ്റും പതിനായിരം
തവണ ഈ ഉണങ്ങിയ മുള്ളുമ്പഴങ്ങളും
49
രാവും പകലുമില്ലാതെ മേഘങ്ങൾ മലകളിലും
മാളങ്ങളിലും അലക്കുകല്ലുകളിലും തൊട്ടു
50
ചന്ദ്രനൊപ്പം വളരുന്നു നഖങ്ങൾ
ഉടലിലുണ്ടാക്കിയ കലകൾ
51
സൂര്യന്റെ അടയാളങ്ങൾ വേഗംവേഗം
മായുന്നു, ഉപ്പുകല്ലു് വേഗത്തിൽ നീരാവുന്നു
52
ഒരു തോക്കയിൽ തൊണ്ണൂറ്റേഴു മണികൾ,
മഞ്ഞയും ചുവപ്പും കലർന്നു് മൂന്നെണ്ണം,
മുളകുവള്ളികൾ പ്രയാസത്തോടെ
തണുപ്പുകാലം കഴിച്ചുകൂട്ടുന്നു
53
ഈ നെൻമണിയിൽ ഒരു തത്തയുടെ
പേരെഴുതിയിരിക്കുന്നു; അതു് ദൂരത്തുനിന്നു
പറന്നുവരുന്നു
54
മഞ്ഞിന്റെ നിറമില്ലായ്മ
അടിക്കാടുകളിലേക്കു താണുപോയി
അതിന്റെ നിറങ്ങൾ ഉയരമുളള
കൊമ്പുകളിലവശേഷിച്ചു
55
കോപ്പയിലെ വെള്ളം ഇപ്പോഴും ഇരുട്ടു
കുടഞ്ഞുകളയാതെ രാത്രിയായ്ത്തന്നെ
നിൽക്കുന്നു
56
പിഞ്ഞാണങ്ങൾ അടുത്തടുത്തിരുന്നു,
വിറകുകൊള്ളികളും കൈയിലുകളും
എന്നാൽ കൂണുകൾ എപ്പോഴും
അകലെപ്പോയിനിൽക്കുന്നു
57
ഗേറ്റുതുറക്കുമ്പോഴുള്ള ശബ്ദം
ചില്ലുടയുന്നതേക്കാൾ പുരാതനമാണു്,
പ്ലാവിലകളുണങ്ങുന്നതേക്കാൾ
58
നൂലിഴ നഖത്തിൽ, മേഘങ്ങൾക്കിടയിൽ ഒരു
കിളി, നമ്മൾ വേർപെട്ടുപോവുകയാണു്
59
ഉടഞ്ഞ മൺകുടത്തിൽനിന്നു് ചിതറാതെ
നിൽക്കുന്ന വെള്ളം
ഉടലിൽ ഓർമ്മയുണ്ടാക്കി
60
അകലത്തിന്റെ അകലം കാലിഞ്ചു്
അല്ലെങ്കിൽ നാലു പ്രകാശവർഷം
ആ വിടവിൽ മനുഷ്യർ
61
വെളിച്ചത്തിൽനിന്നു് തരികൾ
അകന്നുപോയി, അതിന്റെ തരംഗങ്ങൾ
മാത്രം മുഖത്തുവീഴുന്നു
62
നോക്കിനോക്കിനിൽക്കെ
മുറ്റവുമിറയിലെക്കാലവും മാഞ്ഞുപോവുന്നു
63
മരങ്ങൾക്കിടയിലൂടെ ഒരു ആവൽ പറക്കുന്നു
രാത്രിയുടെ ഈ അരണ്ട വെളിച്ചത്തിൽ
വിദൂരഗ്രഹത്തെ കാത്തുനിൽക്കുമ്പോൾ
പതുക്കെ കായ്കൾ പഴുക്കുന്നു
64
കായ്കളുടെ പച്ചനിറം എപ്പോഴും
ഒഴിഞ്ഞ വീടു് എപ്പോഴും
നക്ഷത്രങ്ങൾക്കിടയിലെ ഈ നീലമഷിവര
വെള്ളത്താൽ മായുന്നു
65
മനുഷ്യരുടെ ദുഃഖം കൊണ്ടു്
പുഴു ഒരു കൂടുണ്ടാക്കുന്നു,
ആ ദുഃഖത്തിന്റെ നിഴലിൽ ഉറങ്ങുന്നു,
ചിറകുവച്ചു് കൂടുപൊട്ടിച്ചു പറക്കുന്നു,
മനുഷ്യരുടെ ദുഃഖത്തിൽനിന്നു് ഒരിക്കലും
പുറത്തുകടക്കാൻ വയ്യാതെ
പുല്ലിലും മേട്ടിലും അലയുന്നു
66
നീന്തുമ്പോൾ പാറക്കൂട്ടത്തിൽ
ചെന്നിടിച്ച പുറംകൈ
സ്വപ്നമിപ്പോൾ ഇരുണ്ട
ചുവപ്പുനിറമായിരിക്കുന്നു
ഉറക്കമുണരുമ്പോൾ ഉച്ചവെയിലിൽ
തോട്ടുവെള്ളം അനങ്ങാതെനിൽക്കുന്നു
67
ഇന്നു് മേഘങ്ങൾ ഒരു
ചുഴി പോലെ കറങ്ങുന്നു
കനംകുറഞ്ഞ പടലങ്ങളായി ചുറ്റിത്തിരിയുന്നു
പടിഞ്ഞാറു ദിക്കിലേക്കു് നീങ്ങുന്നു
ഇന്നു് വെയിലിൽ
കാക്കച്ചിറകുകൾ തിളങ്ങുന്നു
ഒരു ചെമ്പോത്തിന്റെ കൂവൽ
മേഘങ്ങളിൽ കലരുന്നു
68
രാപ്പാറ്റ നൃത്തം ചെയ്യുന്നു
പശകൊണ്ടുണ്ടാക്കിയ പഞ്ഞിക്കൂടിനുള്ളിൽ
മരിക്കുന്ന നക്ഷത്രത്തിന്റെ ഇരുട്ടിലേക്ക്
ഗ്രഹങ്ങൾ
പാഞ്ഞുപോകുന്നതുപോലെ
നിശ്ശബ്ദം
69
വെളിച്ചത്തിൽ, അകലത്തു്,
നാലഞ്ചു് ഇരുണ്ട കുത്തുകൾ പ്രത്യക്ഷമായി
അകലം കുറയുംതോറും അവ വലുതായിവന്നു
വാലും ചുണ്ടുമായി, കിളികളായി,
ഈ വീടും തൊടിയും കടന്നുപോയി
നാലഞ്ചു വാക്കുകൾ എങ്ങും പോവാതെ
ഈ വെളിച്ചത്തിലും നിഴലുകളിലും
ഇപ്പോഴും ചെറിയ കുത്തുകൾ
70
ദുഃഖം ഇവിടെവച്ചു് രണ്ടായിപ്പിരിയുന്നു
അകലെയുള്ള മരത്തിൽ ഒരു കിളിപ്പൊത്തു്
അകലെയുള്ള മലഞ്ചെരുവിൽ ഒരു മാളം
71
ഓർമ്മയിൽനിന്നു വേർപെട്ടു്
ഓർമ്മ മുറിനിറയുന്നു
മുറിക്കു് ഒരു ജനാല തുറക്കുന്നു
അതിന്റെ പൊളികൾ കാറ്റത്തടഞ്ഞുകിടന്നു
എപ്പോഴും ഈ കാറ്റുകൾ
72
പൂവിൽനിന്നു് തുന്നഴിഞ്ഞു് പൂവു് താഴെവീഴുന്നു
നൂലിഴ തൂങ്ങിനിൽക്കുന്നു രാത്രി മുഴുവൻ
73
കടൽ പെട്ടെന്നടങ്ങി
ശരീരത്തിന്റെ ഒരു ദിക്കിലെത്തണുപ്പു്
എല്ലായിടവും പരക്കുന്നു
74
മടങ്ങിവരുന്നു, മടങ്ങിവരുന്നു ഈ നിറം
ഇലകളിലെല്ലാം മരണത്തെക്കാണൽ
75
വീടിനുമീതെ പറക്കുന്ന രാപ്പാറ്റകൾ
സ്വപ്നത്തെയലട്ടുന്നു
ചെറിയ ചെറിയ നിഴലുകൾ വീഴ്ത്തുന്നു
ഉറങ്ങുന്ന മുഖത്തു് ഈ വാക്കുകൾ
76
കൂണുകളുടെ മണം തേടി കാട്ടിലൂടെ അലഞ്ഞു
കല്ലിലുരഞ്ഞുപൊട്ടിയ കാൽത്തണ്ടയിൽ
ഭൂമിയുടെ നിറം കലർന്നു
77
ഇലകൾക്കുള്ളിൽ പറക്കുവാനുള്ള ദാഹം
പുഴുക്കളുണ്ടാക്കിയ ഈ സുഷിരങ്ങളിലൂടെ
നാം അകലങ്ങളിലേക്കു് വീണുപോകുന്നു
78
സന്ധ്യയോടു് ഈ വീടുകൾ മിണ്ടുന്നു
ആഴത്തിൽച്ചെന്നു മടങ്ങിവരുന്ന
പ്രകാശത്തിൽ
79
ചെറിയ അലകൾ വാക്കുകളെ
മറ്റൊരിടത്തേയ്ക്കു് നീക്കുന്നു,
മഷി കട്ടപിടിക്കുന്നു
80
കടൽ കിളികളെയുണ്ടാക്കുന്നു,
മലകൾ അവയ്ക്കുള്ള കൂടുകളും
പഴങ്ങൾ ഉരുവാക്കുന്നതു സൂര്യനാണു്
രാത്രി, ആ രൂപങ്ങളഴിച്ചുകളയുന്നു
81
രാപ്പാറ്റകൾ രാത്രിയെ വർത്തുളമാക്കുന്നു
നമ്മുടെ കരച്ചിലുകൾ അതിനാൽ
ഭൂമിയിലേക്കുതന്നെ വീണുകൊണ്ടിരുന്നു
82
അകലങ്ങൾ പൂമ്പാറ്റച്ചിറകിൽ
നിഴൽ വീഴ്ത്തുകയും
നിഴലുകൾക്കുമേൽ തിളങ്ങുന്ന
ചായം പുരട്ടുകയും ചെയ്തു
ആഴമുള്ള ആ വലയങ്ങൾ
രാത്രിപോലെയും ഓർമ്മപോലെയും
നമ്മെ മൂടിക്കഴിഞ്ഞു
83
ഇരുണ്ട വെള്ളം-
അടിയിലെ കല്ലുകളിൽ ദു:ഖത്തിന്റെ ഓർമ്മ
എന്താണു് വെള്ളത്തെ
കട്ടിയുള്ളതാക്കുന്നതു്?
84
ഭൂമിയുണ്ടാകുന്നതിനു മുമ്പു് ഈ ചീവീടുകൾ
എങ്ങായിരുന്നു പാർപ്പു്?
മരങ്ങളിൽനിന്നു വേർപെട്ടു് മരങ്ങൾ
എവിടേക്കാണു് പോകുന്നതു്?
85
അലഞ്ഞുതിരിഞ്ഞു മടുത്ത മേഘങ്ങൾ
കരിയിലകൾക്കടിയിൽ പതുങ്ങി,
കണ്ണുപൂട്ടുന്നു.
86
തിന്നുമാഞ്ഞ മുഴുവനിലപ്പച്ച-
യുമോർക്കുകയാണുറക്കത്തിൽ,
നൂൽക്കൂടിനുള്ളിലെപ്പുഴു പാറ്റയായ്ത്തീരും വരെ,
ഒരു തളിരും വിട്ടുപോകാതെ.
87
വെള്ളത്തിനെന്തായിരുന്നു, ആകൃതി?
ദുഃഖം എല്ലാ പ്രാണികളെയും
തൊട്ടുനോക്കുന്നു
ദുഃഖം എല്ലാ പാറകളിലും തൊട്ടുനോക്കുന്നു
അതിന്റെ കൈവിരലറ്റം നനഞ്ഞിരിക്കുന്നു
88
ഗ്രഹങ്ങൾക്കിടയിൽ ഈ ഷഡ്പദം എല്ലാ
ദിക്കിലേക്കും വലിഞ്ഞുമുറുകുന്നു,
അതിന്റെ ആറുകാലിലും
കാന്തത്തരികളോ ലോഹങ്ങളോ?
89
കുടത്തിനകത്തു് വാക്കുകൾ,
പുരാതനകാലത്തേതു്,
മീതെ മൂടിക്കെട്ടിയ ശീല,
അമർത്തിവച്ച ചുണ്ടുകൾ
90
മുറിവു മായ്ക്കേണ്ട; അതിനു ചുറ്റിനും
ഉണങ്ങിപ്പിടിച്ച ഓർമ്മ
91
തുണികൊണ്ടു് കല്ലുകഴുകുന്ന ശബ്ദം
എല്ലാ കടവിലും മുഴങ്ങുന്നു
92
ഭൂമിയുടെ പിൻമുറ്റത്തു് ഒരു ചെറിയ
കളിസ്ഥലം ഉണ്ടായിരുന്നു
മരിച്ചവയൊക്കെയും അങ്ങോട്ടോടിപ്പോയി;
പുഴു, കിളി, കുട്ടികൾ
93
അഴിച്ചുവച്ച ഷൂവിൽനിന്നു്
പൂമ്പാറ്റകൾ മടങ്ങുന്നു
94
തെച്ചിക്കായ്കൾക്കു് ഭാരം കൂടിക്കൂടിവന്നു
ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം
അല്പം കുറഞ്ഞു
95
ചില്ലകൾ സൂര്യനുനേരെയും പുഴുക്കൾ
ചന്ദ്രനുനേരെയും വളർന്നു
96
ഇലകളിലുണ്ടാക്കിയ ഓരോ സുഷിരവും
ഇപ്പോൾ വിരിഞ്ഞ ഈ ചിറകിലും
പക്ഷേ, നിറങ്ങൾ കലർന്നു്
97
നീർക്കാക്കകൾ മടങ്ങുന്നു
എഴുതിയ കടലാസുകൾ
രാത്രിയുടെ ഉള്ളിലേക്ക്
98
എവിടെനിന്നാണു് നീ വന്നതു്?
ചിന്നക്കുട്ടുറുവന്റെ ഒച്ചയിൽ മുങ്ങിക്കുതിർന്നു്
ഒരു കഷ്ണം വെളിച്ചം
99
എല്ലായും തൂവലായും വേർപെടുക
ഒഴിഞ്ഞ പൊത്തിന്നിരുളായി മടങ്ങിവരിക
100
ചുവന്ന കരയുള്ള നനഞ്ഞ തോർത്തു്
കരയിൽ വിരിച്ചിട്ടു;
താഴേയ്ക്കു മറഞ്ഞു മീനുകൾ;
വേഗമാറുന്നു മരണങ്ങൾ
101
എല്ലുകളും മുടിയിഴകളും കഴുകുന്നു പുഴവെള്ളം
102
മടങ്ങിവരുന്നില്ല ഒരിക്കലും
103
ദു:ഖവും ആനന്ദവും ഇല്ല
കാറ്റ് വെള്ളത്തെ ഇളക്കുന്നു
104
വലിയ പാറക്കെട്ടുകൾ രാത്രിയോടു്
105
നിലത്തിലകളിൽ പുഴുക്കളിൽ
കാട്ടുപുള്ളിന്റെ മൺനിറം പുരളുന്നു
106
മഴയത്തു് പെട്ടെന്നു് പാറ്റകൾ പൊടിഞ്ഞു.
ഭൂമിക്കടിയിൽനിന്നു് കുറച്ചു പ്രകാശം
അവ കൊണ്ടുവന്നു.
107
എല്ലാ മുറിയിലും രാത്രിയാണു്.
എല്ലാ മുറിയിലും ചന്ദ്രൻ
നീങ്ങിനീങ്ങിപ്പോകുന്നു.
108
എപ്പോഴും മടങ്ങിവരുന്നു-
എങ്ങുനിന്നുമല്ല
എങ്ങുനിന്നുമല്ല
109
ഉറവയ്ക്കരികിലെത്തുമ്പോൾ
ദാഹം മറഞ്ഞുമറഞ്ഞുപോയി
110
ശവത്തെ പൊതിഞ്ഞ തുണിയിൽ
വീഴുന്ന വെളിച്ചം-
വേഗം കുറഞ്ഞുവന്നു
പിന്നെ നിലയ്ക്കുകയും മായുകയും ചെയ്തു
111
എല്ലാ കല്ലുകളും പ്രകാശിക്കുന്നു-
112
അശാന്തമായ ഒരു നീർച്ചാട്ടത്തിന്നരിക്-
മുറുക്കെപ്പിടിച്ച കൈയ്ക്കുള്ളിൽ
ഈ വിതുമ്പൽ
113
ഓരോ പാളിയിലൂടെയും
മണ്ണിൽ വെളിച്ചത്തിന്റെ ജ്വാലകൾ
നേരം ഉടലിൽ ഓരോ ദിക്കിലും
114
മരണം തനിയെ
അദ്യശ്യമാവുന്നു-
മലയുടെ ഒരു ചെരിവ്
പൊടുന്നനേ ഒരു പകലിൽനിന്നു്
115
വേർപിരിഞ്ഞു
ഓരോ ചില്ലയിലും തെഴുത്തു
മരണം തായ്ത്തടിയിൽ
വലയങ്ങൾ പോറുന്നു
116
കൂടിന്റെ നിഴൽ കിളികളെ അടയിരിയ്ക്കുന്നു
117
വെള്ളം കൊണ്ടു് കഴുകാൻ വയ്യ
തീ കൊണ്ടു് എപ്പോഴും
118
തുണിയുടെ പോലും കനം-
മരണത്തിനൊപ്പം
ആഴ്‌ന്നു മറയുന്ന പ്രാണികൾ
119
രൂപരഹിതമായ
ലിപികൾ വായിക്കുന്നു-
മറയുന്ന താളുകൾ
ഉടലിൽ വീഴുന്ന മണ്ണു്
120
നഖം വെട്ടുന്നു
പതിവായി
നഖം വളരുന്നു
തോടിനരികിൽ കൈത
121
കല്ലുകളാൽ
പിഴിഞ്ഞെടുത്ത ചാറ്
ഇപ്പോഴും കടൽമണം
122
ഇരുട്ടിൽ-
തേനിന്റെ കണികകൾ
അടുത്തടുത്തു് വന്നുചേരുന്നു
123
പുളിമാവു് രാത്രിയുടെ
ദുഃഖത്തെ നേർപ്പിക്കുന്നു
124
ലോകം കൺമുമ്പിൽനിന്നു
നീങ്ങിപ്പോയി-
പാമ്പിന്റെ ഉറ
വെയിലിൽ മുൾവേലിയിൽ
125
പൂമ്പാറ്റകളും
പാറക്കല്ലുകളും
—തീയണയ്ക്കുന്നു
126
ഒഴിഞ്ഞയിടത്തു് ഇരിക്കുക
—ഏകാന്തതയുടെ നിഴൽ
ആയി
127
അടയാളം വച്ച വാക്ക്-
കടൽക്കരയിലെ പാറക്കെട്ടുകളിൽ
കാക്കകൾ ഒരുമിക്കുന്നു
128
വെളിച്ചം വാക്കുകളെ മായ്ക്കുന്നു
ശബ്ദങ്ങളുടെ അരണ്ട നിഴൽ മായുന്നില്ല
129
ഈ കരയിൽ അകലത്തെ കേൾക്കാം
ഈ വെള്ളവും അകലെനിന്നു്
130
വെളിച്ചം കല്ലുകളെച്ചുറ്റി വന്നു
കല്ലുകൾക്കു ചുറ്റും ഒരു വലയം വളരുന്നു
131
ശബ്ദത്തിനു സഞ്ചരിക്കാൻ
ഈ ദിക്കുകൾ വേണം;
കല്ലിൽനിന്നു് മരങ്ങളിലേയ്ക്കു വാക്കുകൾ
132
ഇലകളിൽ ചെറിയ ഇലകൾ
വീണു പറ്റിപ്പിടിച്ചിരുന്നു;
ഉണക്കമാവുന്ന മുറിവിൽ പഞ്ഞിനാരുകൾ-
തിളക്കമുള്ള പദാർത്ഥം
133
വെളുപ്പു്, മരണത്തിന്റെയാനന്ദം;
ചായമൊഴിഞ്ഞ ഉടലുകൾ-
134
കേട്ടതുതന്നെ വീണ്ടുംവീണ്ടും കേൾക്കുന്നു;
കല്ലുകൾ, കാറ്റത്തു ശിഖരങ്ങൾ
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.