തിരിച്ചുവരുമെന്നു് പറയുന്നു
വഴിയടയാളം ദേഹത്തു് എഴുതിവയ്ക്കുന്നു
ഓർമിക്കും എന്നു് പറയുന്നു
മറന്നുപോകുന്നതെല്ലാം
കടലാസിൽ കുറിക്കുന്നു
ഈ വെള്ളത്തിനു് മീതെ
കാറ്റുകൾ വന്നുനിൽക്കുന്നു
തകർന്ന ചില്ലകളിലെക്കൂണുകൾ
നീർത്തടത്തിന്റെ താഴേക്കുവീഴുന്നു
കരയ്ക്കു വളർന്ന മരങ്ങളിൽ
കൂടുകൾ ദ്രവിക്കുന്നു
തിരിച്ചുവരാതെ, ഓർമ്മകിട്ടാതെ
എന്തൊക്കെയോ എഴുതുകയും
വായിക്കാൻ വയ്യാത്തവിധം
ലിപികൾ അവ്യക്തമാവുകയും ചെയ്യുന്നു
വിശ്വാസംവരാതെ വീണ്ടുംവീണ്ടും
ഈ കടലിന്റെ രണ്ടു കരയിലും
തിരയുന്നു
തിരയുന്നു
ഈ കല്ലിനരികത്തു് ഒരു മരമുണ്ടു്, ഇപ്പോഴല്ല
ഈ മരത്തിനുതാഴത്തു് ഒരു കല്ലുണ്ടു്,
ഇപ്പോഴല്ല-
ഇരുട്ടിന്റെ പാട നീക്കുന്നു, രാപ്പാറ്റകൾ
അവയുടെ തീരെച്ചെറിയ ഉടലിൽനിന്നു്
ചിറകെല്ലാം നനഞ്ഞുവേർപെട്ടു്
ഇരുട്ടിലൊട്ടിക്കിടക്കുന്നു
കുഞ്ഞുങ്ങൾ അമ്മൂമ്മമാരുടെ
കാതിൽ ചുണ്ടുരുമ്മി മിണ്ടുന്നു
കാറ്റത്തുവീഴുന്ന പഴങ്ങൾ
പെറുക്കി കീശയിലിട്ടുവയ്ക്കുന്നു
നീരുവന്ന കാലുകളുഴിയുന്നു
തണലിലും വെയിലിലും ഓടുന്നു
വാതിലിനു പിന്നിലൊളിക്കുന്നു
മുടിപിന്നിയിടുന്നു
കുഞ്ഞുങ്ങൾ ഇരുന്നിടത്തുറങ്ങിപ്പോവുന്നു
ഈ ചുവന്ന മണ്ണും
ഈ വെളുത്ത ശീലയും
ഓരോന്നിനേയും
നമ്മിൽനിന്നു് വേർതിരിക്കുകയാണു്
മുറിച്ചിട്ട ചെറിയ മരച്ചില്ല
വിട്ടുപോവാത്ത ഇലകൾ
നാലാഴ്ച കഴിഞ്ഞു നോക്കുമ്പോൾ
മുറിച്ചിട്ട ചെറിയ മരച്ചില്ല
മണ്ണിലമർന്നു് ഇലകൾ
നാലാഴ്ച കഴിഞ്ഞു നോക്കുമ്പോൾ
മുറിച്ചിട്ട ചെറിയ മരച്ചില്ല
ഇരുണ്ട നിറമായ മണ്ണു്
നാലാഴ്ചകഴിഞ്ഞു നോക്കുമ്പോൾ
മുറിച്ചിട്ട ചെറിയ മരച്ചില്ല
—വിട്ടുപോകാത്ത പക്ഷികൾ
ഉണങ്ങിയ ചുള്ളിക്കമ്പുകളുടെ
കൂമ്പാരത്തിൽനിന്നു്
ആ കിളി പുറത്തുവന്നു
ഉടലുകുടഞ്ഞു് ദൂരേക്കു് പറന്നു
ഉണങ്ങിയ ചുള്ളിക്കമ്പുകളുടെ
കൂമ്പാരത്തിൽനിന്നു്
ആളുന്ന തീയ് പതുക്കെയണഞ്ഞു
മനുഷ്യർ തീ കണ്ടുപിടിച്ചതിനുശേഷമാണു്
വിറകുണ്ടായതു്
അതിനുമുമ്പു് ചുള്ളിക്കമ്പുകൾ
മുറിഞ്ഞ ചുള്ളിക്കമ്പുകൾ
വേർപെട്ടുപോയ
ഇലകളും കായ്കളും
പുഴുക്കളും പറവകളും
പ്രാർത്ഥനാശകലങ്ങളും ഒരു വെളുത്ത
തുണിയും മാത്രം പൊതിഞ്ഞു്
മണ്ണിലേക്കു് മടങ്ങിപ്പോയ കുഞ്ഞുങ്ങൾ
ഈ മരച്ചില്ലകളിൽ ഭാരമാകുന്നു
തകർന്ന മരച്ചില്ലകൾ
ഒരു പക്ഷിക്കൂടു്
ഭൂമിയിലായതിനാൽ കിളികളതിൽ
പാർക്കുകയില്ല
ഭൂമിയിലല്ലാത്തതിനാൽ മനുഷ്യരും
പകുതിച്ചിറകുള്ള കിളി,
(അതിനു പറക്കാൻ വയ്യ)
തകർന്ന ഒരു വീടു്,
(മരണവും പൊടിപടലങ്ങളും)
വിട്ടുപോന്ന നാടു്, (സ്വപ്നത്തിന്റെ ഒരറ)
ഒരു കല്ലിന്റെ പാതി, (മുറിവിന്റെ പാതി)
കുഴിയെടുക്കേണ്ട കാര്യമില്ല
മണ്ണുനീക്കേണ്ടതുമില്ല
—പൊഴിഞ്ഞ ഒരില മീതേവയ്ക്കൂ,
എല്ലാ ദിവസവും ഒരു തൂവാല
കഴുകിയുണക്കിമടക്കി അലമാരയിൽ
അതേയിടത്തുവയ്ക്കുന്നു
എല്ലാ ദിവസവും രണ്ടു ചായക്കോപ്പകൾ
കഴുകി വെടിപ്പാക്കി അതേ തട്ടിൽ വയ്ക്കുന്നു
ഒട്ടും വിയർക്കാത്ത മുഖവും കൈകളും
ഒട്ടും ദാഹിക്കാത്ത തൊണ്ട
കഴിഞ്ഞുപോവാതെ,
വരാനില്ലാതെ
ചില്ലയിലും ഭൂമിക്കടിയിലും വളരുന്നു-
ആ പറവകളെ ഞാൻ നോക്കിനിന്നു;
എല്ലാവരും ഈ മണ്ണിലിപ്പോൾ
അടക്കം ചെയ്യപ്പെട്ടവളെപ്പറ്റി
സംസാരിച്ചുകൊണ്ടിരിക്കെ,
എന്റെ ചില്ലകളിലിരിപ്പുറപ്പിച്ച
ആ പറവകളെത്തന്നെ
ഞാൻ നോക്കിനിന്നു,
ഉരുകാദുഃഖത്തിൻ ചിലപ്പുകൾ
താഴെവീഴുന്നതു്
പച്ചക്കായ്കൾക്കു് സങ്കടമൊട്ടും
സഹിക്കാൻ വയ്യ,
ചില്ലകളിൽ കനമായ് നിന്നുനിന്നു്
അവ അലിയുന്നു,
കനിയായി ഉരുകുന്നു,
പ്രിയമായതിനെയെല്ലാം
—മനുഷ്യരോ മേഘമോ ആവട്ടെ-
ഓർത്തോർത്തു്
—ഭൂമിയിൽ വീഴുന്നു
ഓരോ രാത്രിയും ഞാറമരത്തിനു
ചുറ്റിലും കാണുന്ന പ്രകാശവലയം
കല്ലിൽ തൊടുമ്പോൾ
നനഞ്ഞുകുതിരുന്ന കൈകൾ
എല്ലാവരുടെ ജീവിതത്തിലുമുണ്ടു്
കവിതപോലുളള ചില കാര്യങ്ങൾ
കൊളുത്തിൽനിന്നു് വിട്ടു്
താഴേക്കുവീഴുന്ന ഗ്രഹങ്ങൾ
പുല്ലിൽനിന്നു് പുല്ലിലേക്കുനീങ്ങുന്ന
പ്രാണികൾ
വെളിച്ചം പെട്ടെന്നണയുന്ന നേരം
മുറിവിന്നുചുറ്റും നിറയുന്ന ശ്വാസം
നമ്മുടെ ഭാഷയിൽ
എല്ലാ വാക്കുകളും ആവശ്യമില്ല;
മരണശേഷം ഈ ശരീരത്തെ
ലോകത്തിൽനിന്നു്
മറച്ചുപിടിക്കാൻ വിരിക്കുന്ന ശീല പോലെ
അടുപ്പിച്ചു നെയ്ത ഇഴകൾ
—മൂകമായും
വിദൂരമായും
വിതുമ്പുന്ന ഒലിവുതോട്ടങ്ങളിൽ
പൊടിമൂടിയ മേഘങ്ങൾക്കടിയിൽ
എന്റെ വിരലുകളറ്റുപോയി
നിർത്താതെപായുമിത്തീവണ്ടിയിൽ,
നിൽക്കാതൊഴുകുമിച്ചോരയിൽനിന്നു
വേർപെട്ടു് വിരലുകൾ
വിതുമ്പുന്ന മരങ്ങളിലിലകളിൽ
തൊട്ടുനോക്കുന്നു-
തേനീച്ചകൾ മധുരം ശേഖരിക്കുന്നു
പാറകൾക്കുള്ളിലെ നീരു്
അവയെ കാത്തുനിന്നു
ഞാൻ കല്ലിൽനിന്നുണ്ടായ കുട്ടിയാണു്
അതിനാലെപ്പോഴുമലിഞ്ഞുകൊണ്ടു്
തേനീച്ചകളുടെ മൂളൽ മാത്രം തരൂ
ഈ വെയിലിൽ
തുണിയെങ്കിൽ അതിൽനിന്നൊരിഴ
കാട്ടുമരമെങ്കിലതിന്നില
മൃഗമെങ്കിലതിൻമുരൾച്ച
—ശരീരം, എന്നാൽ, വെറും ശരീരം
കാറ്റത്തു് പാറ്റച്ചിറകു്
കടലാസിൽ മഷികൊണ്ടെഴുത്തു്
കടലിൽത്താഴ്‌ന്നുപോകുന്ന കരിങ്കല്ലു്—
എല്ലാ രാത്രിയിലും ഒരേ സ്വപ്നം തന്നെ കണ്ടു;
കടലിലേക്കു് താഴ്‌ന്നുപോകുന്ന കരിങ്കല്ലു്
മരിക്കുന്നതുവരെ ആ കല്ലിനടിയിൽ
ഞാനുണ്ടായിരുന്നു
ഇപ്പോൾ ആ കല്ലുമാത്രം
താഴ്‌ന്നുപോകുന്നു
കുട്ടിക്കാലത്തു് ഒരു
നീലപ്പെൻസിൽ ഉണ്ടായിരുന്നു;
മുളങ്കാടുകളും
രാത്രിയും
അമ്മയുമുണ്ടായിരുന്നതുപോലെ
ശലഭത്തിന്റെ എല്ലാ വാക്കുകളും
നാം കാണുന്നില്ല;
നമുക്കു് വായിക്കാനാവുന്ന രണ്ടു വാക്കുകൾ
മരണം കഴിഞ്ഞും
പുല്ലിലോ
പൂഴിയിലോ
തങ്ങിനിന്നു
വേനലിൽ ചെടികൾ നനയ്ക്കുമ്പോൾ
ഇലകളിൽ തണ്ടുകളിൽ മണമുയർന്നു;
തണുക്കുമ്മണ്ണിനും
പൊള്ളുമാകാശത്തിനുമിടയിൽ
ആ മണമെന്നിൽക്കലർന്നു;
ചെടികൾക്കും മനുഷ്യർക്കും കൂടി
ഒറ്റ ദൈവമേ ഉണ്ടായിരുന്നുള്ളൂ;
അദൃശ്യമായി അതു്
ബക്കറ്റിലെ വെള്ളത്തിൽ-
പ്പാർക്കുകയാണു്
കഴുകുന്നു
വീണ്ടുംവീണ്ടും കഴുകുന്നു
ഉടുപ്പറ്റം കൊണ്ടു് തുടയ്ക്കുന്നു
പിഞ്ഞാണത്തിൽ, അല്പം വെള്ളമുള്ള
ചെരുവത്തിൽ, നാരുകൾകൊണ്ടു
നെയ്ത കൊട്ടയിൽ, മരിച്ചുപോയ
ഉമ്മൂമ്മമാരും പിറന്നിട്ടില്ലാത്ത
കുഞ്ഞുങ്ങളും
ആവുംവിധം കഴുകുന്നു
ഉള്ളിൽനിന്നുതിരുമുപ്പും ചോരയും
പൊടിയും മൂടിയ
ഈ പഴങ്ങൾ—
എല്ലാ പ്രാർത്ഥനകളും കല്ലറകൾക്കരികത്തു്;
നമ്മുടെ മരങ്ങളൊക്കെയും
ഉണങ്ങിയിരിക്കുന്നു,
വെള്ളത്തിനുമീതെ പൊടി
മണിയോശപോലെ നേർത്തു്, നിലയ്ക്കാതെ
അങ്ങേച്ചെരിവിൽനിന്നു് കാറ്റത്തു്
ഈറ്റകൾ ഇടറുന്നതുകേട്ടു,
ഖബറുകളിൽ മണ്ണുമൂടുകയായിരുന്നിട്ടും
വിതുമ്പുകയായിരുന്നിട്ടും
തേനീച്ചകൾ കല്ലുകളിൽനിന്നു്
മധുരം ശേഖരിച്ചു;
അവയെഴുതിയ വരികൾ
കാണാത്ത ഖബറുകൾക്കുമീതെവീഴുന്നു
അരുവിയിൽനിന്നു് പെറുക്കിയെടുത്ത
ചെറിയ കല്ലുകൾ
കല്ലുകൾ ഒരിക്കലും വാക്കുകളാവുകയില്ല
എഴുതിയ വാക്കുകൾ മായ്ച്ചുകളയുന്നു
വെള്ളത്തിനടിയിലവ
പുരാതനമായ വെള്ളത്തിൽനിന്നു് വേർപെട്ടു,
കിളി
ഉരഗം
പാറ്റകൾ
ചിറകോ തുഴവാലോ വളരാതെ
വിട്ടുപോകാൻ വയ്യാതെ
—ആഴത്തിൽ കല്ലുകളെ മൂടിയ മൊഴികൾ
തകർന്ന നഗരത്തിൽ
മറന്നുപോവാതിരിക്കാൻ
എന്റെ വീടിനു് മേഘം കൊണ്ടു്
അടയാളം വയ്ക്കുന്നു;
അടങ്ങാത്ത ഈ കാറ്റിൽ ഞാൻ
ഭൂമി മുഴുവനുമലയുന്നു
മറവുചെയ്യുന്ന രണ്ടു കുഴികൾക്കുനടുവിൽ
മൂന്നാമത്തെ കുഴി
മരിച്ചുപോയ
കിളികൾക്കുള്ളതായിരുന്നു
അവിടെയാണു് എന്നെ അടക്കിയതു്
എന്റെ ചിറകുകൾ അദൃശ്യമായിരുന്നിട്ടും
എല്ലാ കിളികൾക്കും പെട്ടെന്നു
കാണാനിടയില്ലാത്ത
രണ്ടു ചിറകുകൾകൂടിയുണ്ടു്
ഇല്ലാതായ ദിക്കുകൾ ഓർമ്മിക്കാനും
മറന്നുപോയ കരകളിൽനിന്നു് മടങ്ങിവരാനും
ഇലതുന്നിയുള്ളിലുറങ്ങുന്ന പുഴു,
ദൈവത്തെ പശനൂലിഴയാക്കുന്നു;
നൂലിഴകൾ പൊട്ടിച്ചു് പുഴു രണ്ടു ചിറകാവുന്നു
ചുരുണ്ട ഇലയുടെ ചെരുവിൽ
ഉണങ്ങിനിൽക്കുന്നു ദൈവം
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.