പടവിറങ്ങിപ്പോരുമാനകൾ
ആളുകൾ
ഒച്ചകൾ
പൊടിമണ്ണിൽപ്പായവിരിച്ചുനിരത്തിയ
കളിപ്പാട്ടങ്ങൾക്കിടയിൽ
ഒരു പ്രാവിന്റെ
പ്രതിമയുണ്ടു്
അതനങ്ങുന്നില്ല
ഒച്ചകളിൽ കണ്ണിളക്കുന്നില്ല
കുറുകുന്നില്ല
കുട്ടിയുടെ ഉറക്കത്തിന്റെ മടിയിലിരുന്നു്
അതു് മലയ്ക്കുതാഴത്തെ വീട്ടിലേയ്ക്കു പോവുന്നു
വരാന്തയിൽ
മനുഷ്യർക്കിടയിൽ
ഒരു മരക്കസാലയുടെ അടിയിലിരിക്കുന്നു
മുള്ളുകൾ വകഞ്ഞു്
കല്ലുകളിൽ പറ്റിപ്പിടിച്ചു്
പറങ്കൂച്ചികൾക്കു ചോട്ടിലൂടെ
കുന്നിന്മുകളിലെത്തി
ഇരുട്ടുന്നതുവരെ
നോക്കിക്കൊണ്ടു നിന്നു
താഴ്‌ന്നയിടങ്ങളിലെ വെളിച്ചം
ഇരുട്ടും വെള്ളവും
പതുക്കെപ്പതുക്കെ
കോലായിലേയ്ക്കുയർന്നുവന്നു
മരക്കൊമ്പുകൾ പൊട്ടിവീണു
മിന്നലുകളിറങ്ങി
പരന്ന പാത്രത്തിൽ
ചൂടുള്ള ഉപ്പുവെള്ളത്തിൽ
ഞാൻ കാലുകളിറക്കിവെച്ചു
ചെറവരമ്പിൽ
പാതിരയിരുട്ടിൽ
നനഞ്ഞുപോരുമൊരാൾ
വരമ്പിനുണ്ടാവുന്നു
ചില്ലകളേറെ
പ്പടർപ്പുകളേറെ
ത്തിരിവുകൾ
വളവുകൾ
ഒച്ചകൾക്കും
ഭയത്തിനുമിടയിലൂടെ
ചൂട്ടുവീശി
യൊറ്റയ്ക്കു നടന്നു നടന്നു
നടന്നയാൾ
മുഴുമിക്കുന്നു രാത്രി
നീലിച്ചമെയ്യിൽ
വെയിലുകൊള്ളുമ്പോൾ
പഴയ ജന്മത്തിന്റെ ചൂടുണ്ടു്
ചാരിയിട്ടേയുള്ളൂ, ഈ വാതിൽ
ജനലടയുന്ന കാറ്റുണ്ടു്
ഉണങ്ങാത്ത നെല്ലിന്റെ ഒച്ച,
മണങ്ങൾ
ഒരു വെറും ശീലചുറ്റിക്കിടക്കുന്നതു്
ആരുടെ മരിച്ചുകഴിഞ്ഞ ഉടലായിരിക്കും?
ഒരു മൃഗത്തിന്റെ നിഴൽ
മുറിയിലുണ്ടെന്നു തോന്നി
അതുനടക്കുന്നതിന്റെ
കിതപ്പാറ്റുന്നതിന്റെ
ഈ മുറിക്കുള്ളിൽ ആരാണു
ഒറ്റയ്ക്കു പാർക്കുന്നതു്?
നിഴലുവീഴും ചെരിവിലൂടെ
കുന്നിറങ്ങിപ്പോരുന്ന
കുറുക്കൻ
പുറംചുമരിലതിന്റെയോരിതട്ടിത്തെറിക്കുന്നു
മുറ്റത്തു ലൈറ്റിട്ടു്
മായ്ച്ചുകളയാൻ നോക്കുന്നു
ഇരുട്ടുളളിടത്തെല്ലാം അതിന്റെ തുറന്നു
പിടിച്ച വായും കണ്ണുകളും
ഒട്ടിപ്പിടിച്ചിരിക്കുകയാണു്
കാൽനഖവും
ഭയവും
വിശപ്പും
രോമവും
ഈ വീടിനകത്തു്
ഇന്നിനി ഉറങ്ങാനാവുമെന്നു് തോന്നുന്നേയില്ല
അലമാരയുടെ പിന്നിലും
ജനാലക്കർട്ടനുള്ളിലും
അതിന്റെയോരി
പാത്തുനിൽക്കുന്നു.
പുറത്തു കടക്കാൻ പഴുതുകളില്ലാതെ
വെള്ളത്തിന്റെ
മേൽത്തട്ടിൽ വന്നു് മടങ്ങിപ്പോവുന്ന
മീനുകളെപ്പോലെ
ചില്ലിന്മേൽ വന്നു് തട്ടി
തിരിച്ചുപോവുന്ന ഈർപ്പം
മുറിയിലെച്ചുമരിലെച്ചിത്രത്തെ
പുറത്താകെ നനയ്ക്കുന്നു.
കാറ്റിൽ നൂഴ്‌ന്നു്, മരം കൊണ്ടുള്ള
ചട്ടത്തിൽ വിടവു് തിരയുന്നു,
ഒരു നേർത്ത പാത കണ്ടെത്തുന്നു.
ചില്ലിനുള്ളിൽ
കൂടുകെട്ടി,നൃത്തം വച്ചു്, കുഞ്ഞുങ്ങളെപ്പോറ്റുന്നു,
അമ്മയുടെ മുഖവുമുടലും തിന്നുന്നു,
അനങ്ങാതെനിന്ന ഭൂതകാലത്തെ നക്കുന്നു.
ഇറച്ചി
വെട്ടുന്ന ബുദ്ധൻ
ചോരകുതിർത്ത കുപ്പായം
അഴിച്ചു ചുമരിൽത്തൂക്കി
പലകയ്ക്കു താഴെയിരുന്നു ധ്യാനിച്ചു
കുപ്പായമലക്കിയുണക്കി
ഉറങ്ങാൻ പോയിക്കിടന്നു
മൂർച്ചയുള്ള കത്തിവായ്
സ്വപ്നം കണ്ടു
രാവിലെ വിലയെഴുതിയിട്ട മരച്ചട്ടം
മുൻവശത്തു് കൊളുത്തി
കനം കൂടുതലുള്ള ഒന്നിനെ
തൂക്കിയെടുത്തു് പലകയിലിട്ടു്
ആഞ്ഞുകൊത്തി
മരത്തിലൂടെയല്ല അതു പായുന്നതു്
ഈ ഒച്ചയൊന്നുമതിന്റേതല്ല
അണ്ണാൻ ചിലയ്ക്കുന്നതു്
എന്റെ ദേഹത്തു്
എനിക്കു് വേരുമിലകളുമുണ്ടു്.
വൃക്ഷത്തിന്റെ
തൊലിക്കുതാഴെ
നിശബ്ദതയുടെ എല്ലു്.
ഉള്ളിലൊഴുകുന്ന വെള്ളം.
അതിന്റെയൊച്ചകേൾക്കുന്നോ,
ചെവി ചേർത്തുവെക്കു്.
പുഴു എന്റെ ദൈവമല്ല
എനിക്കു് ദൈവമില്ല
പുഴുവിനതുണ്ടാവുമോ?
2
പുഴു അതിന്റെ വഴിയൂടെ
പോയി
വളവുതിരിവുകളോടെ
ഞാൻ, ഒരു പുഴു എന്റെ വഴി
മുറിച്ചുകടന്നുവെന്നു് പറയുന്നു
3
തൊടുമ്പോൾ
പിഞ്ഞാണപ്പാത്രവും
നീയുമൊരുപോലിരിക്കുന്നു
രണ്ടിനും അരികുകളുണ്ടു്
4
താഴെവീഴുമില
പാറയിലൊട്ടി
പതുക്കെയതു ഞരമ്പുമാത്രമായി
ഇലകൾക്കു്
കല്ലിനെയലിയിക്കാൻ
കഴിയില്ലെന്നു തോന്നുന്നു
5
നിറഞ്ഞു കവിഞ്ഞ കിണറിൻ കരയിൽ
രാവിലെ, മീനുകൾ,
തിന്നുമയങ്ങിയ പൂച്ച
ഇരുട്ടിൽ വന്നുമടങ്ങിയ
മൂങ്ങകളുടെ നിഴൽ
ആഴത്തിനുതാഴെയായിരിക്കും
നമുക്കു കാണാനാവുന്നില്ല
കാറ്റത്തു വിളക്കണഞ്ഞുപോയി
മെയ്യിൽ വെളിച്ചമുള്ള
ഒരു പുഴുവിനെക്കണ്ടു
ബസ്സിന്റെ വക്കത്തിരിക്കയായിരുന്നു
ബസ്സ് ഒരു പാലംകടന്നുപോയി
താഴെ ഒഴുക്കിന്റെ ചെരിവിൽ
കയറിൽക്കുരുങ്ങിയൊരു തോണിയുണ്ടു്
അതിന്റെ പള്ളയിൽ ഉപ്പുള്ള
ഏതോ കടലിന്റെ
നാവു തട്ടിയിരിക്കുന്നു
അപരിചിതമായ
വെള്ളത്തെ പതുക്കെയൊന്നു
തൊട്ടുനോക്കി
തോട്ടിൽനിന്നും കിണറ്റിലേക്കുള്ള
പാർപ്പുമാറ്റത്തിനിടയിൽ
മീൻ
അല്ല, ആ വെള്ളമല്ല ഇതു്
കടലാസ് വെള്ളം വലിച്ചെടുക്കുന്നു
ശീലയും
മരങ്ങളും
ചുമരീർപ്പത്തെ വലിച്ചെടുക്കുന്നു
അപ്പവുമുപ്പും
ചെടിയിലകൾ വെളിച്ചത്തെ വലിച്ചെടുക്കുന്നു
അടിവയർച്ചുരുളും
ശിശ്നചർമ്മവും
ചിമ്മിനി പുക തുപ്പുന്നു
കിടപ്പറയും
മരിച്ചവരുടെയുടലുകളും
പെട്ടെന്നു നോക്കിയാൽ
ഒന്നുമുള്ളതായിത്തോന്നില്ല
പക്ഷേ പാർപ്പിടത്തിനു
നീലനിറം പകർന്നുകൊണ്ടിരുന്നു
തണുത്തുകൊണ്ടിരുന്നു
ഗ്രോബാഗിനുതാഴത്തുള്ള
സുഷിരങ്ങളിലൂടെ
വേരും
വെള്ളവും
ആഴത്തിലേയ്ക്കു പോവുന്നു
ആഴമെന്നുപറയുന്നതു്
കല്ലിനെയും കമ്പിയെയുമാണു
ഉറഞ്ഞ കുമ്മായക്കൂട്ടിനെയാണു്
അതിന്നടിയിൽ മറ്റൊരു പാർപ്പിടം
അവിടത്തെച്ചെടികൾ
അവയുടെ വേരു്
വെള്ളം
കാറുകൾ നിർത്തിയിടുന്ന അടിത്തട്ടിൽ
ഇരുട്ടിനകത്തു്
ഒരാൾ താഴത്തെ നിലയിലേയ്ക്കുള്ള
നമ്പറമർത്തി വാതിലടയ്ക്കുന്നു
പക്ഷികളൊക്കെയും വന്നിരിക്കുന്ന കമ്പി
പൊട്ടിച്ചുരുണ്ടുകിടന്നു
പാടത്തു്
പുല്ലിൽ
വെള്ളത്തിൽ
രാത്രി ചൂട്ടു കത്തിച്ചു്
വരമ്പുകേറിവരുമ്പോഴുമുണ്ടു്
പക്ഷികൾ ഉയരത്തിൽ
അതേ സ്ഥാനങ്ങളിൽ
അടുത്തടുത്തിരിക്കുന്നു
കമ്പിയില്ലാക്കമ്പിയിൽ
വാതിൽത്താഴെ ഷൂവഴിച്ചു് വെക്കുന്നു
വള്ളിച്ചെരിപ്പു് ചപ്പലഴിക്കുന്നു
മെതിയടി ബൂട്ടഴിച്ചു് വെക്കുന്നു
നനവും വിയർപ്പും ചെളിയും
കറയുമഴിച്ചു വെക്കുന്നു
അല്പം നേരത്തേവന്നു് അകത്തുകേറിയ
കാട്ടുമൃഗത്തിന്റെ കുളമ്പുകളുടെ
പോറലുകൾക്കുമേലെ
അതിനെ കാണാത്തവിധം മൂടിയിട്ടു്
ഏണി ചാരിവെച്ചു്
മുളകുപറിക്കുമ്പോൾ
മുകളിലൊരു കിളിക്കൂടു് കാണുന്നു.
ഉള്ളിലൊരു ചെറിയ മുട്ട.
അകത്തു വലുതാവുന്ന
കുഞ്ഞിനെയവൾ മേക്സിക്കു
മീതേക്കൂടിത്തൊട്ടു.
ഏണിക്കു് നാലഞ്ചു കെണിപ്പു കൂടിയുണ്ടു്.
തികയാനൊന്നു രണ്ടു മാസം.
അവൾ കുഞ്ഞിനെക്കൂട്ടിലിട്ടു്
മുട്ടയുള്ളംകൈയിൽ
ചുരുട്ടിപ്പിടിച്ചു് താഴേക്കിറങ്ങിപ്പോരുന്നു
കിളി പാറിവരുന്ന നിഴലിൽ.
പിൻമുറ്റത്തെക്കോണിൽ
മരക്കസാല,
ചാരിക്കിടക്കുന്നയാൾ,
അയാൾക്കും വീടിനും മീതെ
പതുക്കെപ്പകലിൽ നീങ്ങുന്ന ഒരു ഗ്രഹം.
ഒരു കിളിക്കൂട്ടം ഒഴുകിനീന്തുന്ന വിടവിൽ
അയാൾ ഓർമിച്ചു,
കാലിലെയാദ്യത്തെ മുറിവും ചോരയും
അതുണങ്ങാനെടുത്ത പന്ത്രണ്ടു നാളുകൾ
അനങ്ങാതിരുന്ന കോലായ
അപ്പോഴൊക്കെയും ഭ്രമണം
ചെയ്തുകൊണ്ടിരുന്ന
ഒരു ഭൂമി,
അതിന്റെ മുരൾച്ച, ചൂടുള്ള
ശ്വാസോച്ഛ്വാസം.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.