രാത്രിയ്ക്കുചുറ്റും ഒരു പക്ഷി
പറന്നുകൊണ്ടേയിരിക്കുന്നതു്
നോക്കൂ,
ഭൂമിയുടെ ഭ്രമണത്തേക്കാൾ വേഗത്തിൽ,
വീഴാതെ,
വിട്ടുപോവാതെ,
ഓരോ രാത്രിയും
അതിന്റെ ദീർഘവലയങ്ങൾ,
ഉൽക്കകൾക്കും
ഉപഗ്രഹങ്ങൾക്കുമിടയിലൂടെ,
ഒരിക്കലും തിരിച്ചുവരാനാവുന്നില്ല.
രാത്രികൾ
എല്ലാവരുടേയും രക്തത്തിൽ കലർന്നു
കഴുകിയ പിഞ്ഞാണങ്ങൾപോലെ
തട്ടുകളിൽ തണുത്തുകിടന്നു
കാറ്റു പായകൾ
വലിച്ചുകീറിപ്പൊതിഞ്ഞ
ശരീരം
ഇപ്പോഴും വിറയ്ക്കുന്നുണ്ടു്
കപ്പലുകൾ മുങ്ങിത്താഴുന്ന ശബ്ദം,
എല്ലാ കരകളിലും വന്നിടിച്ചു
എല്ലാ മുറികളിലും നിറഞ്ഞു
ഈ മരത്തിൽ കടലിന്റേയും
കാടിന്റേയും ഇലകളുണ്ടു്.
ഉപ്പു പുരണ്ട ഇലകൾ.
മധുരം പുരണ്ട ഇലകൾ.
മുയലുകളുടെയും കലമാനുകളുടെയും കാലം കഴിഞ്ഞപ്പോൾ ചന്ദ്രനിൽ തേനീച്ചകളുടെ കാലം വന്നു. ചിതറിയ തീക്കല്ലുകളിൽനിന്നും ഉറഞ്ഞ ഗ്രഹങ്ങളിൽനിന്നും കൊണ്ടുവന്ന തേൻ ഓരോ അറയിലും സൂക്ഷിച്ചു. ഭൂമിക്കുചുറ്റും പഴയ പാതയിൽ പഴയ വേഗതയിൽ നീങ്ങുന്നൊരു തേൻകൂടു്. ഓരോ രാത്രിയിലും വീടിന്നു മീതേയ്ക്കു തെന്നിവീഴുന്നു, അതിന്റെ മുരൾച്ച.
ഈ പന്നലുകൾ എന്റെ വിരൽത്തുമ്പുകളെ ഓർമിച്ചു. എപ്പോഴും. ഞാൻ പിറക്കുന്നതിനും എത്രയോ കാലം മുമ്പു തന്നെ. എന്റെ മരണം കഴിഞ്ഞുള്ള കാലത്തും അവ എന്നെ ഓർമിച്ചു കൊണ്ടിരുന്നു. ഈ കുളത്തിന്റെ വക്കിൽ, അനങ്ങാവെള്ളത്തിൽ നോക്കി നൂറായിരം കൊല്ലമായിട്ടും മടുക്കാതെ പാർക്കുകയാണവ. ഗർഭപാത്രത്തിന്റെ കലങ്ങിയ വെള്ളത്തിൻ മേൽപ്പരപ്പിൽ, ഞരമ്പിലും അതിന്റെ നേർത്ത വരകൾ ഞാൻ കണ്ടു. ചാരമോ മഞ്ഞോ പോലെ. ഓർമ കിട്ടാത്ത വാക്കുകളുടെ നിഴൽപോലെ. മുറിവുകളുമായി ഞാനെപ്പൊഴുമീ കരയിൽ വന്നു. കാത്തുനിന്നു. നൂറായിരം കൊല്ലം മുൻപത്തെ ഞാൻ, ആറേഴു വയസ്സുള്ളവൾ, കാടിന്റെ ഇഴ വകഞ്ഞു് ഈ കുളത്തിന്റെ കരയിൽ വന്നു നിൽക്കുന്നതു് ഞാൻ കണ്ടു. നഗ്നമായ കൈത്തണ്ടകളിൽ അടയാളമെഴുതി തിരികെപ്പോയി, അവൾ. ഞാനിപ്പോഴും കാത്തുനിൽക്കുകയാണു്, അനക്കമില്ലാത്ത വെള്ളത്തിന്റെ കരയിൽ, അരയൊപ്പം വളർന്നുപടർന്ന പന്നൽച്ചെടികൾക്കിടയിൽ കാടിന്റെ ദേവതയുടെ പുരാതനമായ പേരുകളിലൊന്നു് ഉരുവിട്ടുകൊണ്ടു്, കാറ്റത്തു്.
മുറിവിന്നുചുറ്റും മഴക്കാലമായി
മുറ്റം നിറഞ്ഞു് പടിഞ്ഞാട്ടൊഴുകി
മുരിങ്ങയുടെ അടർന്നയിലകളും
ചോരത്തരികളും ഒപ്പം നീങ്ങി
വേദനയ്ക്കു ചുറ്റിലും രാത്രിയായി
രാത്രിക്കു ചുറ്റിലും നിദ്രയായി
നിദ്രയിൽ ചുറ്റിയലയുന്ന കാറ്റായി
കാറ്റടങ്ങുമ്പോൾ ദിക്കുകൾ കണ്ടു
വെളുത്ത തൊലിയോടെയാറുന്ന
ഭൂമി കണ്ടു
ഊക്കിൽ താഴേയ്ക്കു വന്നുവീണ പക്ഷിയെ,
ക്കഴുകി,ത്തുവർത്തി,യെഴുന്നേറ്റു
കൈവെള്ളയിൽ വെച്ചു,
കാറ്റു കൊള്ളിച്ചു, വെയിലു കൊള്ളിച്ചു,
മരണം
തൊടാത്ത രണ്ടു കണ്ണിലും
ഇരുണ്ട മരങ്ങൾ, നൃത്തം ചെയ്യുമിലകൾ,
ഇടംകൈ കൊണ്ടു തുടച്ച
ചോര,
പച്ചവെള്ളത്തിൽക്കലർന്നു,
വിരലുകൾ തണുക്കാൻ തുടങ്ങി
അങ്ങേതോ ദിക്കിൽ
കാത്തുനിന്നു കഴയ്ക്കുന്നൊരാൾ
സന്ധ്യയിൽ മാഞ്ഞു കാണാതെയായി
പേരാലിലയിൽ ഇരുപുറവും പാർക്കുന്നു,
ഒരവും മിനുസവുമുള്ള രണ്ടു ബുദ്ധൻമാർ
ഓരോ കുടുക്കും വിടുവിച്ചു് സന്ധ്യയിൽനിന്നു് ഉടലുകൾ വേർപെടുത്തുന്നു, നിശാശലഭങ്ങൾ
പൊഴിയുന്നോരില
സന്ധ്യയുടെ അടിത്തട്ടിൽ
വീഴുന്നതുകേട്ടു
ഒരു ചെറിയ അലയുണ്ടായിരിക്കാം
വിരലുകളുടെ വക്കിൽ
ഞാൻ കാത്തുനിൽക്കയായിരുന്നു
ഇരുണ്ട മേഘപടലങ്ങൾക്കിടയിൽ നീല
ഉലയുന്ന ശിഖരങ്ങൾക്കിടയിൽ കിളി
ഭൂമിയുടെ കാണാപ്പാതിയെപ്പറ്റി
ഞാനോർമ്മിച്ചുകൊണ്ടിരുന്നു
കാറ്റു്, സന്ധ്യകളെക്കൊണ്ടുവന്നു
വിറങ്ങലിച്ച വരമ്പുകളും
ഒഴിഞ്ഞ പൊത്തുകളും
രാത്രിക്കു താഴത്തുവെച്ചു്
മടങ്ങിപ്പോയി
സന്ധ്യയിൽ രാത്രിയോ പകലോ ഇല്ല
ആളിക്കത്തുന്ന ഒരു
നിശാശലഭത്തിന്റെ പറത്തം
പുല്ലിലും വൃക്ഷങ്ങളിലും അതു് തീ പടർത്തുന്നു
പൊടുന്നനേ ഇരുട്ടു പരന്നു
കിളിക്കൂടു്, നാരുകൾ, ഇലകളായി
താഴേയ്ക്കു ചിതറുന്നു
ഉച്ചനേരക്കാറ്റത്തു്
കുറ്റിച്ചെടികൾക്കിടയിൽ ചത്തുകിടന്ന
ഒരു കീരിയെ
കുഴിയെടുത്തു് അടക്കം ചെയ്തു
അതു പാർത്തിരുന്ന മാളത്തിന്റെ ചെറിയ
വിടവു് മൺകൂനയ്ക്കു മുകളിൽവച്ചു
ഈ പറവയെ ഇന്നലെ
അടക്കം ചെയ്തതാണു്
മുറ്റത്തു് വീണ്ടുമതു് മലർന്നുകിടന്നു.
നാലമത്തെയോ അഞ്ചാമത്തെയോ കുഴി.
ഒരേ കിളിയുടെ
പല മരണങ്ങൾക്കിടയിൽ
എത്ര വാക്കുകൾ താമസിക്കുന്നു?
-ഒരു കൈപ്പുസ്തകം
‘ഏറ്റവും ഒടുവിൽ, ശ്രദ്ധയോടെ
ഭൂമിയിലേയ്ക്കു് അതിനെ സാവധാനം
പറത്തി വിടുക’
കടലിന്നടിയിൽ പതിയെനീന്തുന്ന ചന്ദ്രനും മീനുകളും; സൂര്യനെത്തൊടാനോ, ഇടയ്ക്കിടയ്ക്കവ വെള്ളത്തിനുമീതേ വന്നു് തിരിച്ചുപോയി
കല്ലും വെള്ളവും.
തമ്മിൽ കലരാതെ.
ഭാരമോടെ.
രാത്രിയുടെയുള്ളിൽ.
പകലിന്റെയുള്ളിൽ.
മരണവും മറവിയുംപോലെയിഴകൾ
മെടഞ്ഞിട്ടു്.
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.