കിളിയുടെ ശബ്ദം,
മുറിഞ്ഞ ചന്ദ്രനെക്കൊത്തി മടങ്ങി വന്നൂ,
മുള്ളുകൾക്കും
ഇലകൾക്കും നിഴലുകൾക്കും
ഉച്ചനേരങ്ങൾക്കുമിടയിൽ,
കാടായിരുളുവളർന്ന കരയിൽ ഇരുന്നൂ.
കിളിയുടെ ശബ്ദം,
എന്റെ കോണിപ്പടിയിലും
അടച്ച പുസ്തകത്തിന്നുള്ളിലും
മടക്കിയ തുണികളിലും.
എന്റെ കൈവെള്ളയിൽ,
കിളിയുടെ ശബ്ദം
രാത്രികളുടെ ചെറിയചെറിയ
പോറലുകൾ ഉണ്ടാക്കി.
എല്ലാ വീടുകളുടെയും ജനാലയ്ക്കൽ
വന്നു് ഇരിക്കുന്നു.
വെളിച്ചത്തിൽ കാഴ്ചയില്ലാത്ത വലിയ
കണ്ണുകളും ആൽമരത്തിന്റെ വേരുകൾ
പോലെ പടർന്ന
കാൽനഖങ്ങളും അതിനുണ്ടു്.
അതു് മിണ്ടില്ല. മുരളുന്നു.
അതു് ചിരിക്കില്ല. ഒരു ചൂളം പുറപ്പെടുവിക്കുന്നു.
അതിനു് നൂറു വയസ്സുണ്ടായിരിക്കും.
അതിനു് നാന്നൂറ് വയസ്സുണ്ടായിരിക്കും.
കുട്ടികൾ വിരലുനീട്ടിയതിനെത്തൊട്ടു.
വളർത്തുമൃഗങ്ങൾ അടുത്ത മുറിയിൽ ഒളിച്ചു.
വയസ്സായവർ മണം പിടിച്ചു.
ഉച്ചയിൽ വീണ്ടും വീണ്ടും വന്നു.
ഇരുട്ടുമ്പോൾ അലിഞ്ഞു പോയി.
കാണാതായി.
എല്ലാ തെരുവിലും
എല്ലാ ജനാലയിലും ഒരേ നേരത്തു്.
എല്ലാ ജനാലയിലും ഒരേ ഇരിപ്പു്.
കുട്ടിക്കാലത്തു് എന്നോ ഒരുനാൾ
ഞാനതിനെ തിരഞ്ഞുതിരഞ്ഞു ചെന്നു.
നഗരത്തിന്റെ വക്കിൽ,
കാടുകൾ തുടങ്ങുന്നിടത്തു്,
പുരാതനമായൊരു മരത്തിൽ,
അതിന്റെ പൊത്തു കണ്ടു.
രാത്രിയാവുന്നതും ആ കിളി
മടങ്ങിവരുന്നതും കാത്തു്
ഞാൻ നനഞ്ഞ മരച്ചില്ലയിൽ
മുറുക്കെപ്പിടിച്ചുനിന്നു.
ഇരുട്ടിൽ, കണ്ണാടിയിൽ ഞാനെന്റെ
ദേഹം കണ്ടു-
പാറക്കെട്ടുകളിൽ വന്നിടിക്കുന്ന വഞ്ചി.
അടിത്തട്ടിലൂടെ നീങ്ങുന്ന സ്രാവുകൾ.
തുരുമ്പിച്ച നങ്കൂരം.
എല്ലായിടത്തും വളരുന്നു പായൽ.
കല്ലുകളിലും മരപ്പലകയിലും
ഇരുമ്പിലും അതിന്റെ
കെടാത്ത പ്രകാശം.
കുമിള്
പായലു്
വെയിലിൽ വെള്ളവും
തീയും കലർന്ന
നിറത്തിൽ, അണഞ്ഞ
വെളിച്ചത്തിൽ, ആളുന്ന
ശ്വാസത്തിൽ,
വേഗത്തിൽ
വളരുന്ന
മരണങ്ങൾ
വെളുത്ത ശീലയിലാണു് മണ്ണു വീഴുന്നതു്
ശീലയ്ക്കടിയിലെ ശരീരം അതറിയുകയില്ല
കുഴിയിൽ മറ്റൊന്നിനും നിൽക്കാനിടമില്ല
ആറോ ഏഴോ വയസ്സുള്ളപ്പോൾ
പഴയ വീടിന്റെ
മുകൾനിലയിലെ ചെറിയ ജനവാതിലിലൂടെ
നോക്കുമ്പോൾ
കറുത്ത ചെടികൾക്കും ഇരുണ്ട
മണ്ണിനുമിടയിൽ
പറമ്പിന്റെ അറ്റം
ഒരു ചെറിയ മുറിവുപോലെ ചുവന്നു്
കട്ടച്ച ചോരപോലെ എന്തോ ഒന്നു്
രണ്ടു ചിറകിലും
കടൽ വേർപെടുത്തിയ
രണ്ടു നാടുകൾപോലെ
മഷിപടർന്നുനിന്നു
കടലാസു ചുരുൾ
നിവർത്തുമ്പോഴുള്ളിൽ
നീലിച്ച ശലഭത്തിന്റെ
നൃത്തം,
കണ്ടു
രാത്രികൾക്കിടയിൽ
മൃഗങ്ങൾ
നനഞ്ഞുനിൽക്കുന്നു
കുളമ്പുകൾക്കിടയിൽ
ശിഖരങ്ങൾക്കിടയിൽ
രാത്രികൾ രാത്രികൾക്കിടയിൽ
തൊടുന്നില്ല
വിരലുകളില്ല
ഈ കടലാസുകൊണ്ടു്,
ചതുപ്പിൽനിന്നു്
വെള്ളവും ചോരയും
ഒപ്പിയെടുത്തുകൊണ്ടിരുന്നു
ചീവീടുകളാണു് കാടുണ്ടാക്കുന്നതു്
ചോലകൾ, മീനുകൾപോലെ
ചീവീടുകളാണു് ഇരുട്ടുണ്ടാക്കുന്നതു്
സൂര്യൻ, മേഘങ്ങൾ പോലെ
ചീവീടിനുള്ളിലീ
ച്ചീവീടിനുള്ളിൽ
ഉറങ്ങുന്നു ചന്ദ്രനും
ഉണരുന്നു ചന്ദ്രനും
ഉറങ്ങാച്ചന്ദ്രനും
ഉണരാച്ചന്ദ്രനും
ചിറകുള്ളവയുടെയെല്ലാം ചിറകുകൾ
ഈയുടലിൽനിന്നു
മുളച്ചു
പറന്നതു്
ചുഴലിക്കാറ്റു്, പാതിരാ
ശലഭങ്ങൾ,
ചെറിയ വിത്തുകൾ
മെല്ലെത്തിരിഞ്ഞു വലംവക്കുന്നു,
ചിറകുകൾ പൂട്ടിവച്ചു്
ഭൂമി,
ആ മരത്തിന്റെയീമരത്തിന്റെ
യങ്ങേമരത്തിന്റെ
യിങ്ങേമരത്തിന്റെ
യില്ലാമരത്തിന്റെ ചില്ലയിൽ
രാവും പകലുമുണ്ടാവുന്നു
കാലങ്ങൾ പകരുന്നു
ചുറ്റിപ്പടർന്ന സ്വരങ്ങൾക്കുമുള്ളിൽ
കാണാതെ കാണാമരങ്ങൾ വളരുന്നു
ഉറയാതെ നെടുമഴക്കാലങ്ങൾ വളരുന്നു
കരുണയുടെ തരികൾ
വളരുന്നു
പരാഗങ്ങൾ,
പശി,
പ്രാചീനമായ നിദ്രകൾ,
ഇരുണ്ട ശിഖരങ്ങളിലൊട്ടിയ
കണ്ണാടിച്ചില്ലുപോലവ പാർക്കുന്നു,
വഴുതുന്ന ഗുഹാ
മുഖത്തിന്റെയീർപ്പമാണെന്നിൽ
വീഴ്ത്തുന്നു
വെള്ളം കൊണ്ടു്
കഴുകിക്കഴുകിത്തുറന്ന മുറിവിൽ
ഒച്ചയിറ്റുമ്പോൾ
പതുക്കെയുണങ്ങുന്നു
പതുക്കെയുണങ്ങുന്നു ഞാൻ
അവയുടെ പ്രാർത്ഥനയിൽ,
എവിടെനിന്നെവിടെനിന്നിതെന്നു
തിരഞ്ഞുതിരഞ്ഞു ദൈവം,
ഓരോ മരച്ചുവട്ടിലും
കാതുകൾ
അഴിച്ചുവച്ചു
എല്ലാ ദിവസവും കുന്നിഞ്ചെരിവിലേക്കു്
പോവുന്നു,
പുരാതനമായ പാറകളിലും
കാട്ടുചെടികളിലും
ഇന്നത്തെ വെളിച്ചം വീഴുന്നതു് കാണുവാൻ
പ്രാണികൾ ചിറകുരയ്ക്കുന്നതു കേൾക്കുവാൻ
പുളിയിലകളുടെ നിഴൽ
പുളിയിലകളായി
മണ്ണിൽക്കിടന്നു
ഒറ്റപ്പകലുകൊണ്ടലിഞ്ഞുപോ,
യവയെല്ലാം
രാത്രി, പുളിയിലകളുടെ വെളിച്ചം
പുളിയിലകളായി തെഴുത്തുവന്നു
ഈ പുളിമരത്തിൻ കൊമ്പിൽ
(കരുണാകരനു്)
വേഗം കൂടിയ ബസ്സിന്റെ ജനലരികു സീറ്റിൽ
തുറന്നു പിടിച്ച പുസ്തകത്തിനുള്ളിൽ
ഓരോ ദിവസവും
രണ്ടു നേരവും
അയാൾ പക്ഷികളെയും
മനുഷ്യരെയും നോക്കി
നിരത്തു വക്കിൽ നിൽക്കുന്നതുകണ്ടു
പഴയ കത്തുകൾക്കടിയിൽ
അവസാനത്തെ വരിയിൽ
നാടുവിട്ടു പോയൊരാൾ
ചെന്നുനിൽക്കുന്നതുപോലെ
നഖങ്ങൾ
മുറിഞ്ഞ വിരലുകൾ
ഉണക്കിവെച്ച ഈന്തപ്പഴങ്ങൾ
ചെവികൾക്കു പിന്നിലെ വെള്ളത്തിൻ നനവു്
ഇടത്തോട്ടു സഞ്ചരിക്കുന്ന ലിപികൾ
ഇതായിരുന്നു എന്റെ വീടു്
ഈ തോട്ടുവക്കിൽ ഞാൻ
ഇരിക്കാറുണ്ടായിരുന്നു
ഉയർന്ന മരങ്ങളും ഇരുട്ടുള്ള ഇടവഴികളും
അയാൾ മുന്നിൽ വന്നുനിൽക്കുന്നു
കൈ നിവർത്തിക്കാട്ടി
തുളകൾ വീണ ആകാശം കാണിക്കുമ്പോലെ
നീലമഷി പുരണ്ട ശീല കാണിക്കുമ്പോലെ
ആ ചെരിവിൽ
ആ വീടിന്നുമേലെ മാത്രം
മിന്നലുകൾ, കാറ്റിലണയാത്ത
തീയിന്റെ നാരുകൾ
വന്നുവീണു ചിതറി
ഇടവിട്ടിടവിട്ടു തെളിയുന്ന
പാതിരാമുറിക്കുള്ളി,
ലുണങ്ങാത്ത
ഉള്ളുടുപ്പുകൾപോലെ
ജനാലയ്ക്കരികിൽ
ഒരാളുണർന്നു വന്നുനിന്നു
എല്ലാ ദിവസത്തെയും മാതിരി
മിന്നലും ജനാലയും അയാളും
വീടും പതിയെ ഇരുട്ടിൽ
അലിഞ്ഞലിഞ്ഞു പോവാൻതുടങ്ങി
ചെറിയ അളുക്കിൽ ഇട്ടുവച്ചു
മരിച്ചുപോയവരുടെ പിറുപിറുപ്പുകൾ
മുണ്ടിന്റെ ഒരറ്റത്തു് ഒരു കെട്ടു്
ശരീരത്തിന്റെ ദിക്കിനു് ഒരടയാളം
പുകക്കുഴലുകൾ
സാധാരണമായ വാക്യങ്ങളിൽനിന്നു്
ഒരൽപ്പം എകരത്തിൽ
ഇതാണു് എന്റെ നിറം
ചുറ്റിപ്പിണഞ്ഞ സർപ്പക്കളങ്ങൾ
ഇവിടെ കിളികളില്ല
അവക്കൊപ്പം പോയ സൂര്യനും
മടങ്ങിവന്നിട്ടില്ല
ഞാൻ തണുത്ത ചന്ദ്രക്കലയുടെ
കീഴെ നിൽക്കുന്നു
തോടിന്റെ പള്ളയിൽ പൊത്തുകൾ
പൊത്തിനുള്ളിൽ കൊമ്പുള്ള മീനുകൾ
ഞാൻ തുടക്കം തൊട്ടുള്ളതെല്ലാം
ഓർമിക്കുന്നു
മലഞ്ചെരുവിലെ ആ നീർവായയും
മേൽപ്പാലങ്ങൾക്കടിയിൽ,
തീവണ്ടിനാരുകൾക്കു പിന്നിൽ,
ചുറ്റിലും ചതുപ്പുള്ള കരയിൽ,
ഒറ്റയ്ക്കു നിൽക്കുന്ന വീടു്,
തറയോടു പാകിയ മുറ്റം,
നീണ്ടുനീണ്ടുപോവുമോവുചാലു്,
കൊമ്പുകളിൽപ്പാർക്കുന്ന പറവകൾ,
ആർത്തലയ്ക്കുന്ന ചീളുകൾ കൊണ്ടു്
വിറയോടുറങ്ങാത്ത പാതിര,
തോലടർന്ന മരങ്ങളിൽ, ഇലകളിൽ,
തെറിച്ചു പറ്റിയുണങ്ങിയ ചോര,
താഴെ വീണു പിടയ്ക്കുന്ന ശിരസ്സ്
അനക്കമില്ലാതെയാവുന്നതുവരെ
ഓരോ ദിവസവും
ഉലയുന്നു കാടുകൾ
ഓളം കൊള്ളുന്നു വെള്ളം
കുഴഞ്ഞുകിടക്കുന്നിരുള്
മരത്തിന്റെ പിടിയുമിരുമ്പുചിറ്റും
വീതിയും മൂർച്ചയുള്ള കത്തി,
കഴുകി വൃത്തിയാക്കിയ
അരയോളം പൊക്കമുള്ള കല്ലു്,
വെളിച്ചമുള്ള മാളങ്ങളിൽ
ഇര തേടിയിറങ്ങിയ ആ മനുഷ്യൻ
മടങ്ങി വരുന്നതു് കാത്തു്,
കല്ലിൽ വെട്ടിയ വരകൾ,
വലിയ കൽത്തൊട്ടിയിൽ വെള്ളം
ശബ്ദങ്ങളുടെ
കാണാൻ വയ്യാത്തത്ര ചെറിയ
തരികൾ കൂടി
വെള്ളത്തിനും വെയിലിനുമൊപ്പം,
താഴെ വീണു പൊട്ടുന്ന ചില്ലു്
കാറ്റുകളുടെയും കാറുകളുടെയും മുരൾച്ച
മനുഷ്യരുടെയും ദൈവങ്ങളുടെയും
കരച്ചിൽ
മാന്ത്രികരുടെയും പറവകളുടെയും
പിറുപിറുപ്പു്
തകരത്തിന്റെ വീടുകൾ
കത്തുന്ന ചൂള
ഷഡ്പദങ്ങൾ
നടത്തം
പൊടിപടലങ്ങൾക്കും
മൃഗങ്ങളുടെ ശ്വാസത്തിനും
ഭൂചലനങ്ങൾക്കും
ഒപ്പം സസ്യങ്ങൾ
അതിന്റെയറകളിൽ
സൂക്ഷിച്ചു വെക്കും
തരിതരികളായി, ശബ്ദത്തെ
ചതുപ്പിലേക്കു് കടപുഴകിയ ഒരു മരത്തിന്റെ
പൂതലിച്ച ദേഹത്തു്
അമർന്നുനിന്നപ്പോൾ,
ആ മനുഷ്യൻ കേൾക്കുന്നു
ഭൂമിയുടെ മുഴുവൻ മിണ്ടൽ
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.