ഉപ്പിന്റെ ഭരണി ഒഴിഞ്ഞിരിക്കുന്നു
പടിഞ്ഞാറൻ കാറ്റിനെ
കാത്തുനിൽക്കുന്നു നാവു്
മലയുടെ താഴത്തെങ്ങോ ഒരു മട
അതിലൂടെ കയറിപ്പോയിക്കാണാതായി
ഇന്നത്തെ ദിവസം
ഞാറ-
ഒരു ചെറുനീലപ്പഴം
രാത്രികളുടെ ഗ്രഹത്തിനുചുറ്റും
അലഞ്ഞുതിരിയുന്നു
പാതിരാപ്പുള്ളിനൊപ്പം നിഗൂഢമായ ഒരു കൂടു്
വേരുകളും ഇലകളും ചുറ്റിവരിഞ്ഞു
വെളിച്ചം ചുരുണ്ടുറങ്ങുന്നു
ആ കരച്ചിലിൽ
ആഴത്തിൽ കല്ലുകൾ തമ്മിലുരഞ്ഞു
മുലകൾക്കും കൈവിരലുകൾക്കും
കാതോർത്തുനിന്നു
പെരുമഴയ്ക്കു മുൻപത്തെ കാറ്റിൽ
ഇലകളെല്ലാം പൊഴിഞ്ഞു
നനഞ്ഞ കാലടികളോടെ
രണ്ടു് കലമാനുകൾ
വരാന്തയിലേയ്ക്കു കയറിനിന്നു
പുകക്കുഴലിലൂടെ പൂമ്പാറ്റകൾ
പുറത്തേയ്ക്കുപോയി
പുകക്കുഴലിലൂടെ മാലാഖമാർ
ഉള്ളിലേയ്ക്കൂർന്നുവീണു
നമ്മുടെ ദൈവങ്ങൾ എപ്പോഴും
പരസ്പരം തൊട്ടു
—കല്ലു്—വെള്ളം—മരം—തീയ്-
ഭൂമിക്കടിയിലെ നക്ഷത്രരാശികളിലൂടെ
നമ്മുടെ വളർത്തുകിളികൾ
അനായാസം സഞ്ചരിച്ചു
ധൃതിയിൽ നാം പാർപ്പിടങ്ങൾ മാറുന്നു
—കല്ലു്—മരം—തീയ്—വെള്ളം-
ചോര കെട്ടിക്കിടക്കുന്ന കുളത്തിൽനിന്നു്
പൂമ്പാറ്റകൾ എഴുന്നേറ്റു പറന്നു
പൂവിലും കാറ്റിലും ചുവപ്പു പടർന്നു
കുളത്തിന്നടിത്തട്ടിൽ
നിശബ്ദമാണു്, മുറിവുകൾ
മലഞ്ചെരിവിൽ ഒരേയൊരു ചന്ദ്രൻ
നേർപകുതി ഇരുളും വെളിച്ചവുമായി
ഈ സന്ധ്യയിൽ
ഒന്നിടവിട്ട വാക്കുകളിൽ
ആ വെളിച്ചവുമിരുളും വന്നിരുന്നു
കല്ലിനുള്ളിൽ എല്ലാം അടക്കം ചെയ്തിട്ടുണ്ടു്
ആകൃതിയില്ലാത്ത സങ്കടങ്ങളും
മുറുക്കെപ്പിടിച്ചിരുന്ന മരണങ്ങളും
കല്ലിനുള്ളിൽ എല്ലാം അടക്കം ചെയ്തിട്ടുണ്ടു്
അതിന്റെ ദൈവത്തെ
അതിന്റെ ലിപികൾ
കല്ലിനുള്ളിൽ എല്ലാം അടക്കം ചെയ്തിട്ടുണ്ടു്
ദേശാടകശലഭങ്ങളുടെ നിറംപോലെ
കടൽക്കാറ്റുകളിൽ കലർന്ന
ദിക്കുകളുടെ ഒതുക്കിപ്പിടിച്ച മുറിവുകൾ
കുറച്ചുനേരം ഇരുന്നിട്ടു് പിന്നെയും
നീങ്ങുകയാണവ
ജന്മാന്തരയാത്രകൾക്കിടയിൽ
കുറ്റിച്ചെടികൾക്കിടയിൽ
തണുത്ത വിദൂരഗ്രഹങ്ങൾ
മുറിവുകൾക്കു മീതെ ഈ രാത്രികൂടി
ഇല്ലായിരുന്നെങ്കിൽ-
നൂഴ്‌ന്നുചെല്ലാൻ വയ്യാത്ത അടിക്കാടുകൾ
എന്നും വിളിക്കുന്നു
ഇരുളിൽ ജന്തുക്കളുടെയും
കിളികളുടെയും നിഴലുകൾ-
ആ ആ ദിക്കിലെവിടെയോ ആണു്
എന്റെ വഴി തുടങ്ങുന്നതു്
പൊടിപടലങ്ങളിലും
പുകമഞ്ഞിലും
അലഞ്ഞുതിരിയുന്ന ഒരു പറവ പോലെ
വിദൂരമായ ഭാഷയിലൂടെ
മരിച്ചുകഴിഞ്ഞ വാക്കു്
അതിനെ കുഴിയിൽ വലിച്ചിട്ടു് മണ്ണുമൂടി
ഇലകളും ചുള്ളിക്കമ്പുകളും വച്ചു
രാത്രിയുടെ ചെരിവിൽ ഒരൽപ്പം
വെളിച്ചമുണ്ടു്
നൂറ്റാണ്ടുകൾ കഴിഞ്ഞു് എഴുന്നേറ്റുവരുമ്പോഴും
ഈ മുറിയിൽ അതേ കുഴമണ്ണിൻ മണം
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.