മാനത്തിൻ നിറം മായുമ്പോ,
ലെളുപ്പത്തിൽ മൂടുന്നൂ, മലഞ്ചെരിവിനെ
യിരുട്ടു്
മാനത്തു പൊത്തിൽപ്പാർക്കും
കിളികൾ ചിറകു മടക്കുമ്പോ,
ലനായാസം മയങ്ങുന്നൂ
താഴ്‌വരയിരുളിലൂ-
ടൊരാൾ നടന്നു
മലകേറി
യപ്പുറം പോകുന്ന
കാല്പാടുകളി
ലിലകൾ
വീണു മായ്ക്കുന്നു
എഴുതിയ വരികളെല്ലാം
പൊടിയും പുകയും മൂടിയ
വീടിന്റെ അരികിൽ
ഒരു ചെറിയ മരം വളരുന്നു
അതിനു താഴത്തു് ആളുകൾ ഇരുന്നു
അതിരാവിലത്തെ വെയിൽ
അവർ കൊണ്ടു
തീരെച്ചെറുതായപൂക്കളോ മണമോ വീണു
വീടിനുപിന്നിൽ
ഒരു തുണിമറയ്ക്കു പിന്നിൽ
മരബഞ്ചിൽ കിടക്കുന്ന
അയാളുടെ അടഞ്ഞ കണ്ണിലും
മുടിയിലും മുതുകിലും
നഖങ്ങളിലും
തണുത്ത വെള്ളം പാരുന്നതിന്റെ ശബ്ദത്തിൽ,
വീടിന്റെ ഏറെയേറെയരികിൽ
ആ മരം പിറുപിറുക്കുന്നതു കേട്ടു
ബോട്ടിനു താഴത്തു് ചുവപ്പു പടർന്നുകൊണ്ടിരുന്നു. ആ പടർപ്പിന്റെ കട്ടി ഏറിക്കൊണ്ടിരുന്നു. കുറ്റിയിൽക്കിടന്നു ബോട്ട് ഇളകുകയും വെള്ളമുയരുകയും ചെയ്തു. മഴയിൽ തടിപ്പലകകൾ കുതിർന്നു. തോക്കിന്റെ ഇരട്ടക്കുഴൽ താഴേക്കാക്കി ഞാൻ തിരികെ നടന്നു. ബൂട്ടിന്റെ അടയാളം ചേറിലും പുല്ലിലും പതിഞ്ഞു. വലങ്കൈയിൽ വളർത്തുനായിന്റെ തുടൽച്ചങ്ങല മുറുക്കെപ്പിടിച്ചു. അതിന്റെ നാവും കൂർത്ത പല്ലുകളും കിതച്ചു കൊണ്ടിരുന്നു. പിന്നിൽ ബോട്ടിന്റെ അഴികൾക്കിടയിൽ അവളുടെ കുപ്പായങ്ങൾ ചുരുണ്ടു കിടക്കുന്നതു ഞാനോർമ്മിച്ചു. ബോട്ടിന്റെ താഴെ, വെള്ളത്തിനു താഴെ, മീനുകൾക്കും നീർച്ചെടികൾക്കും താഴെ, അടിത്തട്ടിൽ അവൾ കല്ലിച്ചു കിടക്കുന്നതും ഓർത്തു. അവളുടെ നെഞ്ചിലെ മുറിവായയ്ക്കു ചുറ്റിനും മീനുകൾ വട്ടമിട്ടുനിന്നു.
ഉച്ചയാവുന്നതു വരെ
മേശക്കടിയിൽ ഉറങ്ങി
എഴുന്നേറ്റു് ഉടലു വളച്ചു് നിവർത്തി,
ജനാലപ്പടിയിലേക്കു് വലിഞ്ഞുകയറി
കർട്ടൻ നീക്കിവെച്ചു,
വളർത്തു പൂച്ച
ഇരുട്ടിൽ കാണുന്നേയില്ല സൂര്യനെ
ചില്ലിൽ തണുത്ത മിന്നാമിനുങ്ങുകൾ
അപ്പോഴും ഉറക്കത്തിൽ
ശരീരത്തിൽനിന്നു് മുറിഞ്ഞുപോയ ഒരു കര
അതിന്റെ അടയാളമായിരുന്നു
ചന്ദ്രന്റെ കല
നാൾ ചെല്ലുന്തോറും
അതുകൂടി കാണാതെയാവുന്നു
തീരെ ഇല്ലാത്ത ഒരു ചന്ദ്രനാണു്
ഇന്നത്തെ ആകാശത്തു് പതുക്കെ നീങ്ങുന്നതു്
വെളിച്ചം വറ്റിയ ഗ്രഹങ്ങളിലും
നക്ഷത്രങ്ങളിലും അതു
ചെന്നു് മുട്ടുന്നതു് കേൾക്കൂ,
എന്നെപ്പോലെ
ഉറക്കം മുറിഞ്ഞു്
ഈ ഉമ്മറപ്പടിയിൽ വന്നിരിക്കൂ
തേനീച്ചകൾ
പ്രാചീനമായ അതേ
ആകൃതിയിൽ
വീടിനു ചുറ്റും നൃത്തം വെച്ചു
ഉള്ളിൽ, മുറിക്കുള്ളിൽ
തേനറകൾക്കുള്ളിൽ
റാണിയുടെ ഉടലായി
ഞാനുറങ്ങുന്നു
എന്റെ സ്വപ്നത്തിന്റെ മൂളൽ
ഓരോ വീട്ടിലും ചെന്നെത്തുന്നു
അതേ ആകൃതിയിൽ
നൃത്തം വെക്കുന്നു
പാക്കറ്റിനു പുറത്തു്
റൊട്ടിയുടെ
ആയുസ്സു് രേഖപ്പെടുത്തിയിരിക്കുന്നു
മനുഷ്യരുടേയും പുഴുക്കളുടേയും
ഇലകളുടേയും
വാക്കുകളുടേയും പുറത്തെഴുതിയ
അതേ ലിപികളിൽ
സൂക്ഷിച്ചു നോക്കിയാൽ മാത്രം
കാണുന്ന വിധം
ചെറുതു്
അവ്യക്തം
ദിവസം തീരാനായി മരണം
പ്രാർത്ഥിക്കുന്നതു കേൾക്കാം
പുറത്തു്
ജീവനുള്ളതിന്റെയെല്ലാം പുറത്തു്
ഒരു വീട്ടിലെ മുഴുവൻ ഇരുട്ടും
ഇവിടെ വന്നുകിടന്നു
തുടകൾക്കിടയിൽ നിഗൂഢമായ തുരുത്തിൽ
2
യോനി പിളർന്നുവരുന്ന ശിരസ്സുപോലെ
ചെറിയ വെള്ളാരങ്കല്ലു് തെളിഞ്ഞു
കാനൽ വീണുവീണു് മണ്ണെല്ലാം
നീങ്ങിപ്പോയി
3
തൊലി നീങ്ങിയ ലിംഗാഗ്രത്തിൽ
ഭൂമിയിലെ ഉറവെല്ലാം വന്നുനിന്നു
4
രണ്ടറ്റവും നഗ്നമായിരുന്നു
നടുവിൽ ഇഴപിന്നിയ ഒരു ശീല
വലിച്ചുപിടിച്ചിരുന്നു
5
പുഴുക്കളുടെ കാതിൽ ഞാനഴുകുന്നതിന്റെ
മുരൾച്ച നിറഞ്ഞു
ചുറ്റിനടപ്പായി
ഓരോ മുറിയിലുമോരോമുറിയിലും
തൊട്ടു നോക്കി
കണ്ടതൊക്കെയും മണത്തുനോക്കി
എടുത്തുനോക്കി തൂത്തുവെച്ചു
ഇടം മാറ്റി വെച്ചു
ഈ മുറിയിലിപ്പോൾ
ഈ മരത്തട്ടു്
മരത്തട്ടിന്റെ അറ
അറ വലിച്ചുതുറന്നു
തുറന്നു വന്നതു് ചെപ്പു്
ചെപ്പു തുറന്നു പുക വന്നില്ല
ഇരുളു് വന്നില്ല
ഒരു കുട്ടിത്തല
മിഴിഞ്ഞു് കണ്ണുകൾ
കഴുത്തിൽ ചോരക്കറ
ഇളതാമൊരു ചൂടു്
ശ്വാസമിടിപ്പു്
ഞാനാ മുറിക്കുള്ളിലങ്ങനെ കുടിയുറച്ചു
എന്റെ മുടിയിഴ പോലെ ചുറ്റിവളഞ്ഞുനീണ്ട
ഒരു തോടു്.
ഈ വീടിന്റെ ചുറ്റിലും, പാടത്തിന്റെ ചുറ്റിലും,
മീനുകൾ, തവളകൾ,
ഞണ്ടുകൾ, കൈതകൾ,
മാളങ്ങൾ, ചരൽക്കല്ലുകൾ,
പുല്ലുകൾ, മുള്ളുകൾ.
നടുവിൽ ഒന്നുമുടുക്കാതെ മലർന്നു
കിടന്നു ഞാൻ.
പതിനാലോ പതിനഞ്ചോ വയസ്സിൽ.
നട്ടുച്ചയിരുണ്ടു് വന്നു.
പാതിരപോലെ മൂടി.
അടിവയറ്റിൽ ഒളിച്ചുനിന്നു സൂര്യൻ.
പറത്തം മതിയാക്കിത്താഴെ വന്നു കിളികൾ.
എല്ലാ പൂക്കളുടേയും മണം.
എല്ലാ പുഴുക്കളുടെയും എഴച്ചിൽ.
എല്ലാ മുള്ളുകളുടെയും മുന.
തുടയ്ക്കിടയിൽ വന്നുനിറഞ്ഞു.
ഞാൻ ആകാശത്തിന്റെ ഈ
ദിക്കിൽ വന്നുനിന്നു്
താഴേയ്ക്കു് നോക്കി
താഴെ എന്റെ തുടയിടുക്കിൽനിന്നു്
ഒഴുകുന്ന ചുവന്ന തോടു് കണ്ടു.
വലിയ മീനിനെ മുറിച്ചു് മുറ്റത്തിട്ടു
കാവലു് നിന്നു
കിളിയെ ആട്ടി കോഴിയെ ആട്ടി
വെയിലിൽ തീയത്തു് പൊള്ളി നിന്നു
നിന്നു് നിന്നു് നേരമിരുട്ടി
രാവു മുഴുവൻ നിന്നു
കൂമനെയാട്ടി
നരികളെയാട്ടി
പൂച്ചകളെയാട്ടി
മീനുണങ്ങി
കണ്ണുപൂട്ടാതെ ഉണങ്ങി
മുറിവുണങ്ങി
ആരും ഊതിക്കെടുത്താതെ
ചോര വറ്റി
മുറിപ്പാടു മാത്രമായി
മുറ്റത്തു് ആഴത്തിൽ
ഈ മുല നിനക്കു്
ഈ മുല നിനക്കു്
മൈനയോടു് കാക്കയോടു്
കുടിച്ച ശേഷം
പറന്നുപോയി രണ്ടും
മുലക്കണ്ണിൽ തണുപ്പു്
പറന്നുപോകാപ്പക്ഷിത്തണുപ്പു്
മണ്ണിനടിയിലും മണ്ണു്
അതിന്നടിയിൽ കിഴങ്ങു്
കിഴങ്ങിൽ തൂമ്പ തട്ടി
മണം വന്നു
മാന്തിയെടുത്തു പുറത്തിട്ടു
തൊട്ടുനോക്കി
അത്രയും കാലത്തിനു ശേഷമാണു്
അത്രയും ദൂരത്തിലാണു്
മക്കളും മക്കളുടെ മക്കളും
മരിച്ചുപോയ ശേഷമാണു്
കരയും കാലവും ഇടിഞ്ഞുപൊയ്ക്കഴിഞ്ഞാണു്
എന്നിട്ടുമൊരു മാറ്റവുമില്ലാതെ
അഴുകാതെയെന്റെ തൊലി
അഴുകാതെയെന്റെ മാംസം
പാമ്പുകൾ പാർക്കുന്ന ചെരിവിലൂടെ
കാടിന്റെ കറുത്ത വക്കിലൂടെ
വെറകും തേടി നടന്നുപോയി
ഇരുട്ടായി മഴവെള്ളംവന്നു
നടപ്പെല്ലാം വഴുതി
വഴി കാണാതായി
കൊടുങ്കാട്ടിലെത്തി
മുടി ചീകിക്കൊണ്ടിരുന്നൊരു രാക്ഷസി
മരത്തിൽ ആണിയടിച്ചു വെച്ച എന്റെ നെഞ്ചു്
ചോരയൊഴുകിക്കൊണ്ടിരുന്നു
നേരം വെളുക്കാറായപ്പോൾ
രാക്ഷസി ഉറക്കമായി
ഉറക്കത്തിൽ എഴുന്നേറ്റു്
അമ്മയെക്കാണാഞ്ഞു്
എന്റെ കുട്ടി
ഇരുട്ടുവഴിയെല്ലാം തപ്പിത്തടഞ്ഞു്
വന്നു
നെഞ്ചിൽ നിന്നു് ആണിയൂരിയെടുത്തു
ചോരയിലൂതി
അതു് വെള്ളത്തിൽ
കുളത്തിന്റെ അനങ്ങാപ്പരപ്പിൽ
പൊങ്ങിക്കിടന്നു
രണ്ടു വലിയ കണ്ണുകളും താഴേയ്ക്കു് തുറന്നു്
അടിത്തട്ടിലേക്കുറ്റുനോക്കി
നട്ടുച്ചയിൽ
നെറുക പൊള്ളുന്ന തീയിൽ
ആൾപ്പെരുമാറ്റമില്ലാത്തിടത്തു്
മരണം കഴിഞ്ഞു്
കമിഴ്‌ന്നു്
ആ മൂങ്ങയുടെ ഉടലിൽ
കഴിഞ്ഞ രാത്രിയുടെ മഞ്ഞു്, മരങ്ങൾ.
കഴിഞ്ഞതിനു മുൻപത്തെ രാത്രികളുടെയും
മഞ്ഞു്, മരങ്ങൾ.
കുളത്തിന്റെ അടിത്തട്ടിൽ
എല്ലാം
അടിയുന്നു.
ഉറയുന്നു.
മൂങ്ങ പറന്നുപോയ്ക്കഴിഞ്ഞും
മരച്ചില്ലകൾ
മൂളുന്നതുകേട്ടു
മരച്ചില്ലകൾ പൂതലിച്ചു തകർന്നു കഴിഞ്ഞും
മൂങ്ങ, കൊമ്പിൽ മുറുക്കിപ്പിടിച്ചിരുന്നതു് കണ്ടു
ആ മരത്തിനു ചുറ്റും
നടന്നുനടന്നു ഞാൻ ഓരോ രാത്രിയും
മുഴുമിച്ചു
മൂളലുകൾ
കാറ്റത്തു് പൊഴിയുന്നതോ
പറക്കുന്നതോ പോലെ
എപ്പോഴുമെപ്പോഴും.
ഇപ്പോഴുള്ള വീടിനുതാഴെ
ഉണ്ടായിരുന്നതൊരു ചെരിവു്
അതിന്നടിയിൽ
അനേകായിരം കൊല്ലം മുന്നേ
ചത്തടിഞ്ഞ മൃഗങ്ങളുടേയും മനുഷ്യരുടേയും
ഉടലുകൾ
അതിനും താഴെ
ഇരുമ്പയിരും
ലാവയും
ഉറവും
അതിന്നും താഴെ ഞാനുറങ്ങുന്ന വരമ്പു്
ആ വരമ്പിലൂടൊരു പാമ്പിഴഞ്ഞുപോയി
വീട്ടുമുറ്റത്തിന്നടിയിൽ
നിലപ്പനകൾവന്നു തിക്കിമുളയ്ക്കുന്നു
ആ നാടിനും
ഈനാടിനും
ഇടയിലെത്തോട്ടുവെള്ളം
മീതേമുറിച്ചിട്ട പന
ഒരു കുറ്റിച്ചൂട്ടു്
ഒരു വളർത്തുനായ
പടിഞ്ഞാട്ടുപായുന്ന ഇരുളിൽ
വെള്ളം
പേരുചൊല്ലിവിളിച്ചു
രാവിലെ
രണ്ടുകരകൾക്കുമിടയിൽ
തൂക്കിയിട്ടു
അയാളുടെ നടുവെല്ലു്
പനയുടെ ഒരലകു ചീകി
മൂർച്ച വരുത്തുന്ന മനുഷ്യൻ
വീടിനും വയലിനും മീതെ
ഇരുട്ടുവന്നുമൂടുന്നതും കാത്തിരിക്കുന്നു
നൂലറ്റങ്ങൾ വലിച്ചു ഞാത്തിക്കെട്ടി
തോളത്തിട്ടു
കത്തിത്തല അരയിൽത്തിരുകി
കുന്നിൻപള്ളയിലൂടെ
ഉലഞ്ഞും ചാഞ്ഞും പാഞ്ഞും പതുങ്ങിയും
ചെരിവുകളിലിറങ്ങുന്നു
മുയൽശ്വാസങ്ങളെ
മെരുകിൻ മണത്തെ
കാട്ടുപന്നിപ്പുളച്ചിലിനെയെല്ലാം
പിന്തുടരുന്നു
വയറ്റിലൂടെത്തുളഞ്ഞപ്പുറം ഒരമ്പു്
ചുമലിൽത്തൂങ്ങി മുറ്റത്തേയ്ക്കു
കേറുന്നൊരു പ്രാണൻ
ചോരയിറ്റിയവഴി-
യാകെ മഞ്ഞിൻ-
നനപ്പുശീല, യുടലുകീറുന്ന
പിടച്ചിൽ
ആളുന്ന തീയ്
ഓടിപ്പോവുന്ന വാവലും ഇഴജീവിയും
പച്ചെറച്ചി പനങ്കള്ള് പാതിരപ്പുള്ള്
പടിയിൽച്ചെരിഞ്ഞുകിടന്നു
കിതപ്പാറുന്നൊരാൾ
ചേരയിഴയുന്ന ഒച്ചയിൽ
ഉറക്കമുണർന്നു
നട്ടുച്ചയിലൂടെ ചുറ്റിനടന്നു
ഇരുട്ടാവും വരെ
തണുപ്പുള്ളിടത്തു്
ചുരുണ്ടുകിടന്നു
കവി. ആവിയന്ത്രം, മീൻ പാത, കവിതയുടെ പുസ്തകം, മണ്ണും വെള്ളവും, സങ്കടപ്പുസ്തകം, പിറവെള്ളം, ദേശാടനങ്ങൾ തുടങ്ങി ഏഴു കാവ്യസമാഹാരങ്ങൾ. ഇലകളും ചിറകുകളും, മുറിവുകളുടെയും ആനന്ദത്തിന്റെയും പുസ്തകം, വിത്തുമൂട, പാർപ്പിടങ്ങൾ എന്നിവ മറ്റു രചനകൾ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.