വൈവസ്വതരായ യമിയും യമനും ഋഷികൾ; ത്രിഷ്ടുപ്പു ഛന്ദസ്സ്; യമീയമന്മാർതന്നെ ദേവതകളും.
‘ഞാൻ നിർജ്ജനവും വിശാലവുമായ ഒരു സമുദ്രദ്വീപിൽ പോയിട്ടു, സഖാവിനെ സഖ്യത്തിന്നു തിരിയിയ്ക്കാം: അച്ഛന്നുവേണ്ടി, ഒരു മികച്ച കുട്ടിയെ എന്റെ വയറ്റിൽ വേധസ്സു ധ്യാനപൂർവം നിർത്തും!’ 1
‘നിന്റെ സഖ്യം സഖാവിനു വേണ്ടാ: ഒരേവയറ്റിൽ പിറന്നവൾ അഗമ്യയാകുന്നു. വലിയ ബലവാന്റെ മക്കളായ വീരന്മാർ, വിണ്ണിനെ താങ്ങുന്ന വിപുലാത്മാക്കൾ ചുറ്റും നോക്കും!’ 2
‘ആ അമർത്ത്യന്മാരും – സർവോൽക്കൃഷ്ടനായ പുരുഷൻപോലും – ഈ വർഗ്ഗത്തെ കാമിയ്ക്കാറുണ്ടു്: അങ്ങയുടെ മനസ്സു ഞങ്ങളുടെ മനസ്സിൽ പതിച്ചാലും; അച്ഛൻപോലെ, ഭവാൻ ഭർത്താവായിട്ട് എന്റെ ദേഹത്തിൽ കടന്നാലും!’ 3
‘പണ്ടേത്തതു നാം ചെയ്തുകൂടാ: സത്യവാദികളായ നാം വല്ലപ്പോഴും അസത്യം പറയുമോ? അന്തരിക്ഷത്തിലെ ആദിത്യനും, അന്തരിക്ഷത്തിലെ ആ സ്ത്രീയുമത്രേ, നാമിരുവരെ ഉൽപ്പാദിപ്പിച്ചതു്; അതിനാൽ അത്യുൽക്കൃഷ്ടാമാകുന്നു, നമ്മുടെ ചാർച്ച!’ 4
‘അച്ഛനായ ത്വഷ്ടാവ്, വിശ്വാത്മാവായ സവിതാവു, ഗർഭത്തിൽവെച്ചുതന്നെ നാമിതുവരെ ദമ്പതികളാക്കിയിരിയ്ക്കുന്നു. ആരും ലോപം വരുത്തില്ല, അദ്ദേഹം ചെയ്തുവെച്ചതിന്ന് നമ്മുടെ ഇതു ഭൂവിന്നറിയാം; ദ്യോവിന്നുമറിയാം! 5
ഒന്നാംദിവസത്തിന്റെ ഇത് ആരറിയും? ഇവിടെ ഇത് ആർകാണും? ആർ വെളിപ്പെടുത്തും? മിത്രന്റെയും വരുണന്റെയും മഹത്തായ ധാമത്തിൽ മനുഷ്യരെ നരകത്താൽ തല്ലുന്നവനേ, അങ്ങെന്തു പറയുന്നു! 6
യമന്നു യമിയായ എന്നെക്കുറിച്ച്, ഒരേടത്തു കൂടെക്കിടക്കാൻ, രതി തോന്നട്ടെ: ഞാൻ, ഭാര്യ ഭർത്താവിനെന്നപോലെ ദേഹം വെളിപ്പെടുത്താം; നാം, ഇരുചക്രങ്ങൾ തേരിനെയെന്നപോലെ ഉയർത്തുക!’ 7
‘ദേവന്മാരുടെ ചാരന്മാരുടെ ഇവിടെ നടക്കുന്നുണ്ടു്; അവർ നില്ക്കില്ല, ഇമ വെട്ടില്ല. തല്ലുന്നവളേ, നീ എന്നെ വിട്ടു വെക്കം മറ്റൊരുത്തനോടു ചേരുക; അവനോടുകൂടി, ഇരുചക്രങ്ങൾ തേരിനെയെന്നപോലെ ഉയർത്തിക്കൊള്ളുക!’ 8
‘ഇദ്ദേഹത്തിന്നു രാവിലും പകലിലും നല്കട്ടെ; സൂര്യന്റെ കണ്ണു കൂടെക്കൂടെ തുറക്കട്ടെ. സമാനബന്ധുക്കളായ ഇരുവരും വാനൂഴികളും യോജിയ്ക്കട്ടെ; യമി യമന്റെ ഭ്രാതൃത്വവിഹീനത ഭേസിക്കൊള്ളും!’ 9
‘പെങ്ങന്മാർ ആങ്ങളയെ വരിയ്ക്കാത്ത യുഗങ്ങൾ മേലിൽ വരും. സുഭഗേ, നീ എന്നെ വിട്ടു മറ്റൊരുവനെ കാമിയ്ക്കുക; നിന്റെ കയ്യ് ആ സേക്താവിന്നു തലയണയാക്കുക!’ 10
‘രക്ഷിയ്ക്കാത്തവൻ ഭ്രാതാവാകുമോ? ദുഃഖം വരുത്തുന്നവൾ സോദരിയാകുമോ? കാമമൂർച്ഛയാലാണ്, ഞാൻ ഇങ്ങനെ പലതും പുലമ്പുന്നതു് അങ്ങ് ദേഹം എന്റെ ദേഹത്തിൽ ഒട്ടിച്ചാലും!’ 11
‘ഞാൻ ദേഹം നിന്റെ ദേഹത്തിൽ ഒട്ടിയ്ക്കില്ല: പെങ്ങളെ പുണരുന്നവൻ പാപിയാണെന്നു പറയപ്പെട്ടിരിയ്ക്കുന്നു. നീ എന്നെ വിട്ടു മറ്റൊരുവനോടുകൂടി രസിച്ചുകൊള്ളുക: സുഭഗേ, ഇതിൽ നിന്റെ സോദരന്നു താൽപര്യമില്ല!’ 12
‘യമ, കഷ്ടം, ഒരു ദുർബലനാണു്, ഭവാൻ: അങ്ങയുടെ നിനവും നിശ്ചയവും ഞങ്ങൾക്കറിഞ്ഞുകൂടാ. അങ്ങയെ മറ്റൊരുത്തി, വാറ് കുതിരയെയും വള്ളി വൃക്ഷത്തെയുമെന്നപോലെ കെട്ടിപ്പുല്കുന്നുണ്ടാവാം!’ 13
‘യമി, നീ മറ്റൊരുവനെ, വള്ളി വൃക്ഷത്തെയെന്നപോലെ കെട്ടിപ്പുല്കുക, ആ മറ്റൊരുവൻ നിന്നെയും. നീ അവന്റെ മനസ്സിച്ഛിയ്കുക, അവൻ നിന്റെയും; എന്നിട്ടു നീ സുമംഗളമായ സുഖം അനുഭവിച്ചുകൊൾക!’ 14
[1] യമി സോദരനായ യമനോടു പറയുന്നു: സഖാവിനെ – ഗർഭവാസം മുതല്ക്കു സഖാവായ ഭവാനെ. (ഇരട്ടപെറ്റുണ്ടായവരാണിവർ). സഖ്യത്തിന്ന് – സംഭോഗത്തിന്ന്. തിരിയിയ്ക്കാം – അഭിമുഖനാക്കാം. അച്ഛൻ – സംഗമത്താൽ നമുക്കു ജനിയ്ക്കാൻപോകുന്ന മകന്റെ അച്ഛനായ ഭവാൻ. വേധസ്സു – പ്രജാപതി. ധ്യാനപൂർവം – ‘അനുരൂപനായ പുത്രൻ ഈ സോദരരായ ദമ്പതികൾക്കു പിറക്കട്ടേ’ എന്ന സങ്കല്പത്തോടേ.
[2] യമൻ പറയുന്നു: സഖാവിന്ന് – എനിയ്ക്കു. ബലവാൻ – പ്രജാപതി. വിപുലാത്മാക്കൾ – ദേവന്മാർ. ചുറ്റും നോക്കും – സർവത്ര കർമ്മസാക്ഷികളാണല്ലോ, ദേവന്മാർ.
[3] യമി: ഈ വർഗ്ഗത്തെ – പെങ്ങളെയും മറ്റും. ഞങ്ങളുടെ – എന്റെ. പതിച്ചാലും – ഞാൻ അങ്ങയെ കാമിയ്ക്കുന്നതുപോലെ, അങ്ങ് എന്നെയും കാമിച്ചാലും എന്നർത്ഥം. അച്ഛൻപോലെ – പ്രജാപതി മകളെ പുണർന്നുവല്ലോ; അതുപോലെ ഭവാൻ ഭഗിനിയെ പുണർന്നാലും.
[4] യമൻ: പണ്ടേത്തതു – സർവശക്തനായ പ്രജാപതി ചെയ്തതും മറ്റും. ആ സ്ത്രീ – സൂര്യന്റെ ഭാര്യയായ സരണ്യു. അഭിജാതരായ നാം അകൃത്യം ചെയ്തു കൂടാ എന്നാണ്, അന്തിമവാക്യത്തിന്റെ ആശയം.
[5] യമി: ഇതു – ദമ്പതിത്വം.
[6] ഒന്നാംദിവസത്തിന്റെ ഇത് – നാം ഒരിയ്ക്കൽ സംഗമിയ്ക്കുന്നതു്. ധാമം = സ്ഥാനം; അഹോരാത്രം. മനുഷ്യരെ – പാപികളെ. നരകത്താൽ തല്ലുക – നരകത്തിലിട്ടു പീഡിപ്പിയ്ക്കുക.
[7] ഉയർത്തുക – ധർമ്മാർത്ഥകാമങ്ങളെ.
[8] യമൻ: ചാരന്മാർ – മനുഷ്യരുടെ ശുഭാശുഭകർമ്മങ്ങൾ നോക്കിയറിയുന്നവർ. നില്ക്കില്ല – സദാ ചുറ്റിനടക്കും. തല്ലുന്നവളേ – അരുതാത്തതു സംസാരിച്ച് എന്നെ വേദനിപ്പിയ്ക്കുന്നവളേ.
[9] യമി: ഇദ്ദേഹം – യമൻ. നല്കട്ടെ – ഹവിസ്സു കൊടുക്കട്ടെ. തുറക്കട്ടെ – സൂര്യതേജസ്സ് ഇദ്ദേഹത്തിൽ പതിയട്ടെ. ഇരുവർ – അഹോരാത്രങ്ങൾ. യോജിയ്ക്കട്ടെ – ഇദ്ദേഹത്തിന്ന് അനുകൂലകളാകട്ടെ. ഭാതൃത്വവിഹീനത – സഹോദരസ്നേഹമില്ലായ്മ; തന്റെ അഭ്യർത്ഥന നിരസിയ്ക്കൽ. ഭേസിക്കൊള്ളും – പണിപ്പെട്ടു സഹിച്ചുകൊള്ളും.
[10] യമൻ: യുഗങ്ങൾ – കാലം. സേക്താവ് – രേതസ്സേചനം ചെയ്യുന്നവൻ.
[11] യമി:
[12] യമൻ: ഇതിൽ – ഭഗിനീസംഗമത്തിൽ.
[13] യമി: ഞങ്ങൾക്ക് – എനിയ്ക്ക്. പുല്കുന്നുണ്ടാവാം – തന്നിമിത്തമാവാം, ഭവാൻ എന്നെ കാമിയ്ക്കാത്തതു്.
[14] യമൻ: