അംഗപുത്രൻ ഹവിർദ്ധാനൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
മഴ പെയ്യിയ്ക്കുന്ന അഹിംസ്യനായ മഹാൻ വാട്ടമില്ലാത്ത വർഷിതാവിന്നായി ദ്യോവിങ്കൽനിന്നു പയസ്സു കറന്നെടുക്കുന്നു: തന്തിരുവടി, ബുദ്ധികൊണ്ടു സൂര്യനെന്നപോലെ എല്ലാം അറിയുന്നു; ആ യജനീയൻ യജ്ഞാർഹങ്ങളായ ഋതുക്കളെ പൂജിയ്ക്കട്ടെ! 1
വർണ്ണിയ്ക്കുന്ന ഗന്ധർവിയും, സലിലസംസ്കൃതനായ സ്ത്രീയും സ്തോതാവായ എന്റെ ഹൃദയത്തെ സ്തോത്രത്തിൽ സംരക്ഷിയ്ക്കട്ടെ; അഖണ്ഡനീയൻ നമ്മെ യജ്ഞമധ്യത്തിൽ നിർത്തട്ടെ! ഒന്നാമനായ ഞങ്ങളുടെ ജ്യേഷ്ഠനുമുണ്ടു്, സ്തുതിയ്ക്കുന്നു. 2
കാമയമാനനും, കാമയമാനന്മാരുടെ ഹോതാവുമായ ഈ അഗ്നിയെ യജ്ഞത്തിന്നു സ്തുതിച്ചുൽപ്പാദിപ്പിയ്ക്കുന്നതെപ്പൊഴോ, അപ്പോളത്രേ, ആ ശബ്ദവതിയും യശസ്വിനിയും ഭദ്രയുമായ ഉഷസ്സ് മനുഷ്യന്നുവേണ്ടി ആദിത്യാന്വിതയായി ക്ഷിപ്രം ഉദിയ്ക്കുന്നതു് ! 3
ഉടനേ, കല്പിച്ചയയ്ക്കപ്പെട്ട പരുന്തുപക്ഷി ആ മഹത്തായ, വിചക്ഷണമായ സോമം യാഗത്തിൽ കൊണ്ടുവരും; ആര്യന്മാരായ ആളുകൾ ഈ ദർശനീയനും ഹോതാവുമായ അഗ്നിയെ വരിയ്ക്കുന്നതോടേ കർമ്മവും തുടങ്ങും. 4
അഗ്നേ, പശുവിന്നു പുല്ലെന്നപോലെ, സദാ രമണീയനാണു്, ഭവാൻ. മനുഷ്യന്റെ നല്ല നല്ല യജ്ഞങ്ങൾ സ്വീകരിച്ചാലും: അവിടുന്നു പ്രാജ്ഞന്റെ സ്തോത്രത്തെ പ്രശംസിച്ചു, ഹവിസ്സു ഭുജിപ്പാൻ അനേകരോടൊപ്പം വന്നെത്താറുണ്ടു് ! 5
നിന്തിരുവടി വാനൂഴികളിലെയ്ക്കു, സൂര്യൻപോലെ തേജസ്സുയർത്തിയാലും: കാമയമാനരെ യജിപ്പാനിച്ഛിയ്ക്കുന്നു, മനസ്സുകൊണ്ടു സമീപിയ്ക്കുന്നു; അധ്വര്യു വളർത്താൻ നോക്കുന്നു; മനീഷിയ്ക്കു മനം കിടുകിടുക്കുന്നു! 6
അഗ്നേ, ബലത്തിന്റെ മകനേ, അങ്ങയ്ക്കു നന്മനസ്സ് ആരിലോ ആ മനുഷ്യൻ തുലോം വിശ്രുതനായിത്തീരും: അവൻ നാൾ മുഴുവൻ അന്നദാതാവും, അശ്വങ്ങളാൽ വഹിയ്ക്കപ്പെടുന്നവനും, തേജസ്വിയും, ഓജസ്വിയുമായി വാഴും! 7
യജനീയനായ അഗ്നേ, ഈ സ്തോത്രസംഘം യഷ്ടവ്യരായ ദേവന്മാരുടെ ഇടയിൽ ഇപ്പോൾ ശോഭിയ്ക്കുമോ; അന്നവാനേ, അവിടുന്നു രത്നങ്ങൾ വീതിയ്ക്കുന്നതുമെപ്പോഴോ; അപ്പോൾ ധനാംശം ഞങ്ങൾക്കയച്ചാലും ! 8
അഗ്നേ, അങ്ങ് യജ്ഞസദനത്തിൽ ഞങ്ങളുടെ വാക്കു കേട്ടാലും: അമൃതൊഴുക്കുന്ന പള്ളിത്തേർ പൂട്ടുക; ദേവമാതാക്കളായ ദ്യാവാപൃഥിവികളെ ഞങ്ങളിൽ കൊണ്ടുവരിക. ദേവന്മാരിലാരും വരാതിരിയ്ക്കരുത്; അങ്ങും ഇവിടെ ഉണ്ടായിരിയ്ക്കണം! 9
[1] മഹാൻ – അഗ്നി. വാട്ടമില്ലാത്ത – യജ്ഞകർമ്മങ്ങളിൽ ന്യൂനത വരുത്താത്ത. വർഷിതാവ് – ഹവിസ്സു വർഷിയ്ക്കുന്നവൻ, യജമാനൻ. പയസ്സ് = പാൽ, വൃഷ്ടിജലം.
[2] ഈ ഋക്കിന്റെ അർത്ഥം സന്ദിഗ്ദ്ധമാണ്: വർണ്ണിയ്ക്കുന്ന – അഗ്നിഗുണങ്ങളെ. സലിലസംസ്കൃതയായ സ്ത്രീ – ആഹുതി. രക്ഷിയ്ക്കട്ടെ – പതറാതെനിർത്തട്ടെ. ഞാൻ അഗ്നിയെ അവഹിതഹൃദയനായി സ്തുതിയ്ക്കുമാറാകണമെന്നു സാരം. അഖണ്ഡനീയൻ – അഗ്നി. ജ്യേഷ്ഠനുമുണ്ടു് – ഞാൻ മാത്രമല്ല, എന്റെ കുലത്തിലുള്ളവരെല്ലാം യജ്ഞപ്രിയരാകുന്നു.
[3] കാമയമാനന്മാർ – ഹവിഃകാംക്ഷികൾ, ദേവന്മാർ. ശബ്ദവതി – പക്ഷികളും മറ്റും ശബ്ദിച്ചുതുടങ്ങുമല്ലോ, പുലർകാലത്ത്. മനുഷ്യൻ – യജമാനൻ.
[4] കല്പിച്ചയയ്ക്കപ്പെട്ട – അഗ്നിയാൽ.
[5] അനേകർ – വളരെദ്ദേവന്മാർ.
[6] കാമയമാനർ – ദേവന്മാർ. ഇച്ഛിയ്ക്കുന്നു – യജമാനൻ. വളർത്താൻ – സ്തോത്രങ്ങളെ വർദ്ധിപ്പിപ്പാൻ. മനീഷി – ബ്രഹ്മൻ എന്ന ഋത്വിക്ക്. മനം കിടുകിടുക്കുന്നു – കർമ്മത്തിന്നു പിഴ പറ്റിയാലോ എന്ന്.
[7] നാൾ – ജീവകാലം.
[8] എപ്പോൾ ശോഭിയ്ക്കുമോ – ഞങ്ങൾ ദേവന്മാരെ സ്തുതിയ്ക്കുന്നതെപ്പൊഴോ. രത്നങ്ങൾ – രമ്യധനങ്ങൾ. വീതിയ്ക്കുക – സ്തോതാക്കൾക്കു പങ്കിട്ടുകൊടുക്കുക.
[9] പൂട്ടുക – ദേവാഹ്വാനത്തിന്നു പോകാൻ. ഞങ്ങളിൽ – ഞങ്ങളുടെ യാഗത്തിൽ.