വന്ദനപുത്രൻ ദുവസ്യ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
ഇന്ദ്ര, മഘവാവേ, അവിടുന്ന്, അവിടെയ്ക്കൊത്തവനെ നേട്ടത്തിന്നായി കൊന്നാലും; ഇവിടെ സ്തുതിയ്ക്കപ്പെട്ടു സോമം കുടിച്ചിട്ടു ഞങ്ങളെ വളർത്തിയാലും! സവിതാവു ദേവന്മാരോടുകൂടി ഞങ്ങളുടെ യാഗം രക്ഷിയ്ക്കട്ടെ! ഞങ്ങൾ അഖിലവര്‍ദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 1
പോറ്റുന്ന ഇന്ദ്രന്നും, ചീറ്റിവീശുന്ന സോമപായിയായ വായുവിന്നും നിങ്ങൾ ഋതുവിലെപ്പങ്ക് ഒരുക്കുവിൻ: വെൺപയ്യിൻ പാൽ നുകരുന്നവനാണല്ലോ, ഇദ്ദേഹം. ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 2
സരളസങ്കല്പനായി പിഴിയുന്ന ഞങ്ങളുടെ യഷ്ടാവിന്നു സവിതൃദേവൻ പരിപക്വമായ അന്നം ഉളവാക്കട്ടെ: എന്നാൽ, ഞങ്ങൾക്കു ദേവന്മാരെ ചമയിയ്ക്കാമല്ലോ. ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 3
ഇന്ദ്രന്നു ഞങ്ങളിൽ സദാ തിരുവുള്ളവുമുണ്ടാകട്ടെ! രാജാവായ സോമൻ ഞങ്ങളുടെ സ്തോത്രം അറിയട്ടെ: എന്നാൽ ഞങ്ങൾക്കു സുഹൃത്തുക്കളുടെ നിധികൾ കിട്ടുമല്ലോ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 4
ഇന്ദ്രൻ സ്തുത്യമായ ബലംകൊണ്ടു യാഗത്തെ ഏച്ചുകൂട്ടുന്നു. ബൃഹസ്പതേ, ഭവാൻ ആയുസ്സു വർദ്ധിപ്പിയ്ക്കുന്നു. മികച്ച ബുദ്ധിയുള്ള മനനശീലമായ യജ്ഞം ഞങ്ങൾക്കു രക്ഷിതാവായി സുഖം നല്കട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 5
ഇന്ദ്രനുണ്ടാക്കിയതാണ്, ദേവന്മാരുടെ ബലം. അഗ്നി ഗൃഹത്തിൽ മേവുന്നു: സ്തോതാവും, ഹവിർവാഹിയും, കവിയും, യാഗത്തിൽ യജനീയനും, കമനീയനും, ഞങ്ങൾക്കു തുലോം അടുത്തവനുമാണദ്ദേഹം! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 6
ദേവന്മാരേ, നിങ്ങൾക്കു വളരെ ദ്രോഹം ഞങ്ങൾ ഒളിവിൽ ചെയ്തിട്ടില്ല; വസുക്കളേ, വെളിവിലും ദേവകോപനം ചെയ്തിട്ടില്ല. ഞങ്ങൾക്ക് അസത്യരൂപം ഉണ്ടാകരുത്! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു.7
എവിടെ മധു പിഴിയുന്ന അമ്മിക്കുഴ സ്തുതിയ്ക്കപ്പെടുന്നുവോ, അവിടെ സവിതാവു രോഗത്തെ അകറ്റട്ടെ; വമ്പിച്ച പാപത്തെയും പർവതങ്ങൾ തട്ടിനീക്കട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 8
വസുക്കളേ, പിഴിയുന്നവന്റെ അമ്മിക്കുഴ ഉയരട്ടെ: ഒളിവിലെ ദ്രോഹികളെയെല്ലാം നിങ്ങൾ അകറ്റുവിൻ! ആ സ്തുത്യനായ സവിതൃദേവൻ ഞങ്ങളെ രക്ഷിയ്ക്കട്ടെ ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 9
യാഗശാലയിലും ആലയിലും വന്നുചേരുന്ന പൈക്കളേ, നിങ്ങൾ പുല്പറമ്പിൽ ധാരാളം തീറ്റ തിന്നുകൊൾവിൻ: പാൽതന്നെദേഹത്തിന്നു മരുന്നായിത്തീരട്ടെ! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 10
കർമ്മം പൂർത്തിപ്പെടുത്തുന്ന, ശ്ലാഘിയ്ക്കുന്ന, സ്തുതിയാൽ പ്രസാദിയ്ക്കുന്ന ഇന്ദ്രൻതന്നെ, പിഴിയുന്നവർക്കെല്ലാം രക്ഷിതാവ്: അവിടെയ്ക്കു കുടിപ്പാനാണല്ലോ, ദിവ്യകലശത്തിൽ നിറയ്ക്കുന്നതു്! ഞങ്ങൾ അഖിലവർദ്ധനിയായ അദിതിയെ വരിയ്ക്കുന്നു. 11
അദ്ഭുതകരമാണു്, അങ്ങയുടെ കർമ്മപൂരകവും കാമ്യവുമായ തേജസ്സ്; പോരുകൾ ധനം നിറയ്ക്കുന്നവയും അധൃഷ്യങ്ങളുമാകുന്നു. അതിനാൽ ദുവസ്യു കയർ വലിച്ചുപിടിച്ചു, ഗോവാകുന്ന പശുവിന്റെ മുമ്പിൽ വെമ്പി നടക്കുന്നു. 12
[1] അവിടെയ്ക്കൊത്തവനെ – സ്വതുല്യനായ ബലവാനെ. നേട്ടത്തിനായി – ഞങ്ങൾക്കു ധനം കിട്ടാൻ.
[2] ഋത്വിക്കുകളോട്: ഋതുവിലെപ്പങ്ക് – കാലപ്രാപ്തമായ ഹവിസ്സ്. ഇദ്ദേഹം – വായു.
[3] സരളസങ്കല്പൻ – നിഷ്കപടസ്വഭാവൻ. സവിതൃദേവൻ = സൂര്യദേവൻ, ചമയിയ്ക്കുക = അണിയിയ്ക്കുക.
[4] അറിയട്ടെ – ചെവിക്കൊള്ളട്ടെ.
[6] ഗൃഹത്തിൽ – ഞങ്ങളുടെ. സ്തോതാവ് – ദേവന്മാരെ സ്തുതിയ്ക്കുന്നവൻ.
[7] അസത്യരൂപം ഉണ്ടാകരുത് – ഇനിമേൽ ഞങ്ങൾ അനശ്വരരായിത്തീരണം.
[8] മധു – സോമം. പർവതങ്ങൾ – പർവതാഭിമാനിദേവകൾ.
[10] ദേഹത്തിന്നു – ഞങ്ങളുടെ ശരീരത്തിന്ന്.
[11] ശ്ലാഘിയ്ക്കുന്ന – ‘നല്ല സോമം’ എന്നു യഷ്ടാവിനെ പ്രശംസിയ്ക്കുന്ന. നിറയ്ക്കുന്നതു് – സോമനീർ.
[12] പോരുകൾ – അസുരരോടുള്ള യുദ്ധങ്ങൾ. ദുവസ്യു – ഞാൻ. പശു = ബലിമൃഗം.