സോമപുത്രൻ ബുധൻ ഋഷി; തിഷ്ടുപ്പും ഗായത്രിയും ബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
സഖാക്കളേ, നിങ്ങൾ ഒരേമനസ്സോടേ ഉണർന്നെഴുനേല്ക്കുവിൻ: ഏകത്ര വസിയ്ക്കുന്ന അനേകരായ നിങ്ങൾ അഗ്നിയെ ജ്വലിപ്പിയ്ക്കുവിൻ. ഞാൻ ദധിക്രയെയും, അഗ്നിയെയും, ഉഷോദേവിയെയും, ഇന്ദ്രാദികളെയും നിങ്ങളുടെ രക്ഷയ്ക്കു വിളിയ്ക്കാം. 1
സഖാക്കളേ, ഇമ്പപ്പെടുത്തുന്ന (സ്തോത്രം) ചമയ്ക്കുവിൻ; പണിപരക്കെ തുടങ്ങുവിൻ; കടക്കാൻ ചുക്കാനും തോണിയും ഏർപ്പെടുത്തുവിൻ; ആയുധങ്ങൾ വേണ്ടുവോളം ഉണ്ടാക്കുവിൻ; വെടുപ്പു വരുത്തുവിൻ. മുമ്പേ പൂജിയ്ക്കേണ്ടുന്ന യജനീയനെ കൊണ്ടുവരുവിൻ. 2
കരിയ്ക്കു കെട്ടാൻ നുകം വെയ്ക്കുവിൻ; ഇവിടെ ചാലുണ്ടാക്കി വിത്തു വിതയ്ക്കുവിൻ. നമുക്ക് അന്നവും പുകളും വളരട്ടെ: അടുത്തു തന്നേ അരിവാൾ വിളയിലണയട്ടെ! 3
ക്രാന്തദർശികളായ ബുദ്ധിമാന്മാർ സുഖാർത്ഥം വയലുകളിൽ കരിയിറക്കുന്നു; നുകങ്ങൾ വേർതിരിയ്ക്കുന്നു. 4
നിങ്ങൾ വെള്ളത്തൊട്ടികൾ വൃത്തിപ്പെടുത്തുവിൻ, തോൽവാറുകളെടുക്കുവിൻ: നാം ഉറവുള്ളതും സുഖേന പകരാവുന്നതും വറ്റാത്തതുമായ കുഴിയിൽ വെള്ളം പകരുക. 5
വൃത്തിവരുത്തിയ തൊട്ടിയോടും നല്ല തോൽവാറുകളോടും കൂടിയ, സുഖേന പകരാവുന്ന, ഉറവുള്ള, വറ്റാത്ത കുഴിയില്‍ ഞാന്‍ വെള്ളം പകരാം.6
നിങ്ങള്‍ കുതിരകളെ ഇമ്പപ്പെടുത്തുവിന്‍; ഹിതം നേടുവിന്‍; സുഖകരമായ തേരും നിർമ്മിയ്ക്കുവിൻ. നേതാക്കൾക്കു കുടിപ്പാൻ, മരത്തൊട്ടിയും കൽച്ചക്രങ്ങളും അടുക്കൽ പാനപാത്രവുമുള്ള കുഴിയിൽ വെള്ളം പകരുവിൻ! 7
നിങ്ങൾ തൊഴുത്തുണ്ടാക്കുവിൻ: അതാണല്ലോ, നിങ്ങളൂടെ നേതാക്കൾക്കു കുടിപ്പാൻ. വിശാലങ്ങളായ കവചങ്ങൾ വളരെയെണ്ണം തുന്നുവിൻ. ഉടയ്ക്കാൻ വയ്യാത്ത ഇരിമ്പുപാത്രങ്ങൾ നിർമ്മിയ്ക്കുവിൻ; നിങ്ങളുടെ ചമസങ്ങൾ, ചോർച്ചവരാത്തവിധത്തിൽ ഉറപ്പിയ്ക്കുവിൻ. 8
ദേവന്മാരേ, യജ്ഞാർഹയും ഉജ്ജ്വലയും പൂജനീയയുമായ നിങ്ങളുടെ ബുദ്ധിയെ ഞാൻ രക്ഷയ്ക്കായി ഇങ്ങോട്ടാകർഷിയ്ക്കുന്നു: അതു ഞങ്ങൾക്കു, പുല്ലു തിന്നു തിരിച്ചെത്തിയ ധാരാളം പാലുള്ള ഒരു വലിയ പയ്യുപോലെ ചുരത്തുമാറാകണം! 9
ഭവാൻ പച്ചനീര് മരപ്പാത്രങ്ങളിൽ പകരുക: നിങ്ങൾ ഇരിമ്പുളികൾകൊണ്ടു ചെത്തിയുണ്ടാക്കുവിൻ. അവ പത്തു കയർകൊണ്ടു കെട്ടുവിൻ; വലിപ്പാൻ, രണ്ടുകാളകളെയും പൂട്ടുവിൻ. 10
രണ്ടു ഭാര്യമാരുള്ള ഒരുവൻ ഗൃഹാന്തർഭാഗത്തെന്നപോലെ, കാള നുകത്തിന്റെ രണ്ടറ്റങ്ങൾക്കിടയിൽ മുറുമുറുത്തുകൊണ്ടു നടക്കുന്നു. നിങ്ങൾ മരം വയലിൽ വെച്ചുകൊൾവിൻ – നനഞ്ഞേടം കുഴിയ്ക്കാതെ, സൂക്ഷിച്ചുവെച്ചുകൊൾവിൻ. 11
നേതാക്കളേ, സുഖം നിറയ്ക്കുന്നവനാണ്, ഇന്ദ്രൻ: ആ സുഖപൂരകനെ നിങ്ങള്‍ (സോമം) പകര്‍ന്നുവെച്ചു പുറപ്പെടുവിയ്ക്കുവിന്‍; അന്നം കിട്ടാന്‍ ഇമ്പപ്പെടുത്തുവിന്‍. പരിക്ലാന്തരേ, നിങ്ങള്‍ അദിതിപുത്രനെ രക്ഷയ്ക്കും സോമപാനത്തിന്നും ഇങ്ങോട്ടു വരുത്തുവിന്‍! 12
[1] ഋത്വിക്കുകൾ സഹപ്രവർത്തകരോടു പറയുന്നു: ഏകത്ര – ഒരേ യാഗശാലയിൽ. ദധിക്ര – ഒരു ദേവത.
[2] യജനീയൻ – അഗ്നി.
[3] കെട്ടാൻ – മൂരികളെ.
[4] സുഖാർത്ഥം = സുഖത്തിന്നു (ആഹാരത്തിന്നു)വേണ്ടി.
[5] കൂട്ടുകാരോട്: തോൽവാറുകൾ – നുകം കെട്ടാൻ.
[6] അത് ഒരാൾ അനുസരിയ്ക്കുന്നു:
[7] ഇമ്പപ്പെടുത്തുവിൻ – ഉഴുവാൻ. ഹിതം – ഉഴുതൽ. ഈ ഋക്കിന്നു യുദ്ധപരമായ വ്യാഖ്യാനവുമുണ്ടു്.
[8] അത് – പൈത്തൊഴുത്തിൽനിന്നു കിട്ടുന്ന പാൽ. നേതാക്കൾ – തലവന്മാർ, ദേവന്മാർ.
[9] അതു – ബുദ്ധി, മനസ്സ്. പയ്യുപോലെ – പയ്യു പാൽ ചുരത്തുന്നതുപോലെ. ചുരത്തുമാറാകണം – അഭീഷ്ടങ്ങളെ തരുമാറാകണം.
[10] അധ്വര്യുവിനോട്. പച്ചനീര് – സോമരസം. രണ്ടാംവാക്യംമുതൽ പാത്രനിർമ്മാതാക്കളോടു്: ഉണ്ടാക്കുവിൻ – പാത്രങ്ങൾ. കെട്ടുവിൻ – ഹവിർദ്ധാനശകടത്തിൽ എടുത്തുവെച്ച്. വലിപ്പാൻ – വണ്ടി.
[11] മരം – കലപ്പ.
[12] ഋത്വിക്കുകളോടു്: സുഖം നിറയ്ക്കുന്നവൻ – സ്തോതാക്കളെ സുഖപൂർണ്ണരാക്കുന്നവൻ. പുറപ്പെടുവിയ്ക്കുവിൻ – ഇങ്ങോട്ട്. പരിക്ലാന്തരേ – കർമ്മങ്ങൾകൊണ്ടു ക്ഷീണിച്ചവരേ. എടുര്‍ത്തുപറയാലാണു് ഈ വാക്യം: അദിതിപുത്രൻ – ഇന്ദ്രൻ. രക്ഷയ്ക്കും – നമ്മെ രക്ഷിപ്പാനും.