ഭര്‍മ്മ്യശ്വപുത്രന്‍ മുദ്ഗലന്‍ ഋഷി; ബൃഹതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകള്‍; ഇന്ദ്രന്‍ ദേവത.
നിന്റെ തേർ നിസ്സഹായമാക്കപ്പെട്ടിരിയ്ക്കുന്നു; ധർഷകനായ ഇന്ദ്രൻ കാത്തരുളട്ടെ. പുരുഹൂത, ഗോഭുക്കുകളോടുള്ള ഈ കേൾവിപ്പെട്ട യുദ്ധത്തിൽ ഞങ്ങളെ അവിടുന്നു രക്ഷിയ്ക്കണം! 1
ഗോക്കളെത്തിരയാൻ മുദ്ഗലന്റെ ഭാര്യയായ ഇന്ദ്രസേനയാണു്, തേർ തെളിച്ചതു്: അവൾ തേരിൽക്കേറി പൊരുതി, ആയിരമെണ്ണത്തെ വീണ്ടെടുത്തു വേർപെടുത്തി; അവളുടെ വസ്ത്രം കാറ്റിൽപ്പറന്നു! 2
ഇന്ദ്ര, കൊല്ലാൻ ദ്രോഹിയ്ക്കുന്നവന്റെ നേർക്കു ഭവാൻ വജ്രം ഒളിവിൽ വിട്ടാലും – മഘവാവേ, എളിയവന്റെയോ വലിയവന്റെയോ നേർക്കു കുലിശം മറവിൽ പ്രയോഗിച്ചാലും! 3
കാള കയത്തിൽ വെള്ളം കുടിച്ച് ഇമ്പം പൂണ്ടു, കൊടുമുടി കുത്തിയുടച്ച്, എതിരാളിയെ സമീപിച്ചു: വീർത്ത വൃഷണത്തോടേ അവൻ യശസ്സിച്ഛിച്ചു, ചിക്കെന്നു ചവുട്ടാൻ മുൻകാൽ നീട്ടി. 4
അടരിന്നിടയിൽ ഈ വൃഷഭത്തെ സമീപസ്ഥർ മുക്രയിടുവിച്ചു; മൂത്രം വീഴ്ത്തിച്ചു; നല്ലവണ്ണം തീറ്റുകയും ചെയ്തു. എന്നിട്ട് അവനെക്കൊണ്ടു മുദ്ഗലന്‍ യുദ്ധത്തില്‍ ആയിരത്തൊരുന്നൂറു ഗോക്കളെ വീണ്ടെടുത്തു. 5
പൊരുതാന്‍ പൂട്ടിയ കാളയെ കടിഞാണ്‍പിടിച്ച സാരഥി മുക്രയിടുവിച്ചു: പൂട്ടപ്പെട്ട ദുർദ്ധരൻ വണ്ടി വലിച്ചോടിത്തുടങ്ങിയപ്പോൾ, യോദ്ധാക്കൾ മുദ്ഗലപത്നിയോടടുത്തു. 6
അഭിജ്ഞൻ അതിന്റെ അച്ചുതണ്ടുകോൽ പൊക്കിവെച്ചു, വൃഷഭത്തെ മുമ്പിൽ നിർത്തി കെട്ടി. അപ്പോൾ ഇന്ദ്രൻ ഗോക്കളുടെ ഉടമസ്ഥനെ കാത്തരുളി. കാള വഴികളിലൂടേ പാഞ്ഞു. 7
കപർദ്ദി ഇരുപ്പടിമേൽ തോൽവാറു മുറുകെക്കെട്ടി, ചമ്മട്ടിയുമായി സുഖേന സഞ്ചരിച്ചു; വളരെയാളുകൾക്കു ധനമുണ്ടാക്കാൻ ഗോക്കളെ പിടിച്ചു, കെല്പെടുത്തു. 8
‘നോക്കു, ഇതാ കാളയ്ക്കു തുണനിന്ന മുൾത്തടി പടക്കളത്തിൽ കിടക്കുന്നു: ഇതുകൊണ്ടാണ്, മുദ്ഗലൻ യുദ്ധത്തിൽ ആയിരത്തൊരുനൂറു ഗോക്കളെ വീണ്ടെടുത്തതു്. 9
അരികിൽത്തന്നേ അഴൽപെടുത്തുന്നവനെ ആർ ഇങ്ങനെ കാണും? ഇതു തേരിന്നു വെയ്ക്കാം, ആയുധവുമാക്കാം. ഇതിന്നു പുല്ലുകൊണ്ടുവരേണ്ടാ, വെള്ളം കൊണ്ടുവരേണ്ടാ; കൂടുതലായി ജയം വരുത്തിക്കൊണ്ടു രഥഭാരം വഹിച്ചുകൊള്ളും! 10
ഇവൾ, ത്യജിയ്ക്കപ്പെട്ടവൾ ഭർത്താവിനെ കിട്ടാനെന്നപോലെ, വന്നുചേർന്നു; മഴക്കാറുപോലെ വളർന്നു. ഈ ഗോകാംക്ഷിണിയായ സാരഥിയെക്കൊണ്ടാണു്, ഞാൻ ജയിച്ചതു്. ഇവൾക്കു സുമംഗളവും അന്നവും കൈവരട്ടെ!’ 11
ഇന്ദ്ര, ജഗത്തിന്റെയെല്ലാം കണ്ണിന്നും കണ്ണാണ്, നിന്തിരുവടി: വൃഷാവായ ഭവാൻ രണ്ടു വൃഷാക്കളെ തോൽവാറുകൊണ്ടു കെട്ടി തെളിച്ചു യുദ്ധത്തിലെഴുന്നള്ളിയല്ലോ! 12
[1] തന്നോടുതന്നെ പറയുന്നു: നിന്റെ – മുദ്ഗലന്റെ, എന്റെ. പുരുഹൂത എന്നാദിയായ വാക്യം പ്രത്യക്ഷോക്തി: ഗോഭുക്കുകൾ – ഗോക്കളെ കട്ടു തിന്നുന്നവർ, ചോരന്മാർ.
[2] ആയിരമെണ്ണത്തെ – ഗോസഹസ്രത്തെ. വേർപെടുത്തി – ശത്രുക്കളിൽ നിന്ന്.
[3] എളിയവന്റെയോ, വലിയവന്റെയോ – അവൻ അല്പനായാലും ശരി, മഹാനായാലും ശരി.
[4] പൊരുതിയ ഒരു വൃഷഭത്തെ വർണ്ണിയ്ക്കുന്നു: കൊടുമുടി – ചോരന്മാർ ഗോക്കളെ മറയ്ക്കാൻ വെച്ചിരുന്ന ഗിരിശൃംഗം.
[5] അവൻ – വൃഷഭം.
[6] പൂട്ടിയ – തേരിൽ കെട്ടിയ. സാരഥി – ഇന്ദ്രസേന. യോദ്ധാക്കൾ – ശത്രുഭടന്മാർ.
[7] അഭിജ്ഞൻ – മുദ്ഗലൻ. അതിന്റെ – വണ്ടിയുടെ. പൊക്കിവെച്ചു – രഥത്തെ സജ്ജമാക്കി എന്നർത്ഥം. ഗോക്കളുടെ ഉടമസ്ഥനെ – മുദ്ഗലനെ.
[8] കപർദ്ദി = ജടായുക്തൻ, മുദ്ഗലൻ, വളരെയാളുകൾക്കു – പുത്രാദികൾക്ക്. കെല്പെടുത്തു – ജയം നേടി എന്നർത്ഥം.
[9] ‘സേനയും മറ്റുമില്ലാതെയോ, വിജയം?’ എന്നപഹസിച്ച ഒരു സഖാവിനോടു പറയുന്നു:
[10] ആർ ഇങ്ങനെ കാണും – ഉപദ്രവകാരിയെ കണ്ടു നീക്കം ചെയ്വാൻ ഈ മുൾത്തടിയേ ഉതകൂ(?). കാളയ്ക്കു പുല്ലും വെള്ളവും കൊടുക്കണമല്ലോ; എന്നാൽ മുൾത്തടിയ്ക്ക് അതൊന്നും വേണ്ടാ.
[11] തേർ തെളിച്ച പത്നിയെ പ്രശംസിയ്ക്കുന്നു: ഇവൾ – എന്റെ പത്നി. വന്നുചേർന്നു – എന്റെ അടുക്കൽ.
[12] രണ്ടു വൃഷാക്കളെ – രണ്ടു ഹരികളെ. കെട്ടി – തേരിന്നു പൂട്ടി. യുദ്ധത്തിൽ – പൊരുതുന്ന എന്നെ സഹായിപ്പാൻ.