ഇന്ദ്രപുത്രൻ അപ്രതിരഥൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ബൃഹസ്പതിയും അപ്വയും മരുത്തുക്കളും ദേവതകൾ.
ശീഘ്രകാരി, ഒരു കൊടുംകാളപോലെ തീക്ഷ്ണൻ, നിഹന്താവ്, വിദ്വേഷികളെ വിറപ്പിയ്ക്കുന്നവൻ, സംക്രന്ദനൻ, കണ്ണിമവെട്ടാത്തവൻ – ഇങ്ങനെയുള്ള ഏകവീരനായ ഇന്ദ്രൻ ഒരുനൂറുപടകളെ ഒപ്പം ജയിയ്ക്കും! 1
സംക്രന്ദനനും, കണ്ണിമവെട്ടാത്തവനും, ജിഷ്ണുവും, പോരാളിയും, ദുശ്ച്യവനനും, ധർഷകനും, അമ്പെടുത്തവനും, വൃഷാവുമായ ഇന്ദ്രനെക്കൊണ്ടു നിങ്ങൾ അതിൽ ജയിക്കുവിൻ; പൊരുതുന്ന നേതാക്കളേ, അതിനെ അമർത്തുവിൻ! 2
ആ ഇന്ദ്രന്ന് അമ്പുകാരുണ്ടു്, വാൾകാരുണ്ടു്, കീഴിൽ; അവിടുന്നു പൊരുതിക്കൊണ്ടു കൂട്ടത്തിൽ ചെന്നുചേരും; ഒത്തുകൂടിയവരെ ജയിയ്ക്കും; സോമം കുടിയ്ക്കും. കൈക്കരുത്തിനാൽ വില്ലുയർത്തി ശരിയ്ക്കെയ്തു കൊല്ലും! 3
ബൃഹസ്പതേ, ഭവാൻ തേരിൽ വന്നു, രക്ഷസ്സുകളെ ഹനിച്ച്, അമിത്രരെ അമർത്താലും; പടകളെ ഉടച്ചൊടുക്കി, അടരിൽ ജയിച്ചു, ഞങ്ങളുടെ തേരുകൾ കാത്താലും! 4
ഇന്ദ്ര, കെല്പെന്നു ഗണിയ്ക്കപ്പെടുന്നവനും, തടിച്ചവനും, അതിവീരനും, പരാക്രമിയും, കീഴമർത്തുന്ന കരുത്തനും, അന്നവാനും, വീരാനുചരനും, സത്ത്വശാലിയും, ബലജാതനും, ഗോക്കളെ നേടുന്നവനുമായ നിന്തിരുവടി വെറ്റിത്തേരിൽ കേറിയാലും! 5
ഒത്തുകൂടിയവരേ, നിങ്ങൾ ഗോത്രത്തെപ്പിളർത്ത, ഗോക്കളെ നേടിയ, വജ്രപാണിയായ, ബലത്താൽ യുദ്ധത്തിൽ ജയിച്ചുടയ്ക്കുന്ന ഈ ഇന്ദ്രനെ മുൻനിർത്തിപ്പോരാടുവിൻ – സഖാക്കളേ, നിങ്ങൾ പിന്നിൽനിന്നു പൊരുതുവിൻ! 6
കരുത്താൽ മേഘങ്ങളിൽ കടന്ന, കനിവറ്റ വീരനായ, ശതമന്യുവായ, ദുശ്ച്യവനനായ, സൈന്യങ്ങളെ കീഴമർത്തുന്ന, പൊരുതാവല്ലാത്ത ഇന്ദ്രൻ യുദ്ധങ്ങളിൽ നമ്മുടെ പടകളെ കാത്തരുളട്ടെ! 7
ഇന്ദ്രൻ ഈ ദേവസേനകളെ നയിയ്ക്കട്ടെ; ബൃഹസ്പതിയും ദക്ഷിണയും യജ്ഞവും സോമവും മുന്നിൽ നടക്കട്ടെ; മരുത്തുക്കൾ എതിർത്തുടച്ചു ജയിയ്ക്കുന്ന ഇവയുടെ മുന്നണിയിലണയട്ടെ! 8
വൃഷാവായ ഇന്ദ്രന്റെയും, വരുണരാജാവിന്റെയും ആദിത്യന്മാരുടെയും, മരുത്തുക്കളുടെയും കടുത്ത ബലം (നമുക്കു കിട്ടട്ടെ;) മഴപൊഴിയ്ക്കുന്ന മഹാമനസ്കരായ ദേവന്മാരുടെ ജയഘോഷം ഉയരുന്നു! 9
മഘവാവേ, അങ്ങ് ആയുധങ്ങളെയും എന്റെ ആളുകളുടെ ഹൃദയങ്ങളെയും ഇമ്പപ്പെടുത്തിയാലും; വൃത്രഹന്താവേ, കുതിരകളുടെ ഓട്ടം മുതിരട്ടെ; തേരുകളുടെ ജയഘോഷം ഉയരട്ടെ! 10
ഞങ്ങളുടെ പൊരുതുന്ന പടയാളികളെ ഇന്ദ്രൻ (കാക്കട്ടെ;) ഞങ്ങളുടെ ശരങ്ങൾ ജയിയ്ക്കട്ടെ; ഞങ്ങളുടെ വീരന്മാർ മീതെയാകട്ടെ; ദേവന്മാരേ, നിങ്ങൾതന്നെ യുദ്ധങ്ങളിൽ ഞങ്ങളെ രക്ഷിയ്ക്കുവിൻ! 11
അപ്വേ, വരിക: നീ ഇവരുടെ മനം മയക്കി. അവയവങ്ങൾ എടുക്കുക. നീ ഇങ്ങോട്ടു വരിക: ഇവരുടെ ഹൃദയങ്ങളെ ദുഃഖംകൊണ്ടു നീറ്റുക. ഈ ശത്രുക്കൾ കൂരിരുട്ടിൽ പെടട്ടെ! 12
നേതാക്കളേ, നിങ്ങൾ കേറിച്ചെന്നു ജയിയ്ക്കുവിൻ: ഇന്ദ്രൻ നിങ്ങൾക്കു സുഖമരുളട്ടെ; അധൃഷ്യരായിത്തീരുമാറു നിങ്ങളുടെ കൈകൾക്കു കരുത്തു കൂടട്ടെ! 13
[1] നിഹന്താവ് – ശത്രുഘാതി. കണ്ണിമവെട്ടാത്തവൻ – സദാ യജ്ഞഗമന – യുദ്ധാദികളിൽ ജാഗരൂകൻ.
[2] അതിൽ – യുദ്ധത്തിൽ. അതിനെ – ശത്രുബലത്തെ.
[3] ഒത്തുക്കൂടിയവരെ – പൊരുതാനെത്തിയവരെ.
[5] കെല്പെന്നു ഗണിയ്ക്കപ്പെടുന്നവനും – ഓരോരുത്തനും കരുതുന്നു, ഇന്ദ്രനാണ് തനിയ്ക്കു ബലമെന്ന്. വീരാനുചരൻ – വീരരായ അനുചരന്മാരോടുകൂടിയവൻ. ഗോക്കൾ = ജലങ്ങൾ; അല്ലെങ്കിൽ വാക്കുകൾ, സ്തുതികൾ.
[6] ഒത്തുകൂടിയവരേ – യോദ്ധാക്കളേ, ഗോത്രം = മേഘം, അഥവാ പർവതം. ഗോക്കൾ = ജലങ്ങൾ. ഉടയ്ക്കുന്ന – പറ്റലർപ്പടയെ. പിന്നിൽ – ഇന്ദ്രന്റെ പിൻവശത്ത്.
[7] കനിവറ്റ – ശത്രുക്കളിൽ ദയയില്ലാത്ത. സൈന്യങ്ങൾ – ശത്രുസേനകൾ.
[8] ഈ – ഞങ്ങളെ സഹായിപ്പാൻ വന്ന. മുന്നിൽ – ഇന്ദ്രന്റെ. ഇവ – ദേവസേനകൾ.
[12] അപ്വ – പാപാഭിമാനിദേവത. ഇവരുടെ – പൊരുതുന്ന ശത്രുക്കളുടെ. അവയവങ്ങൾ എടുക്കുക – അംഗങ്ങളെ പാപമയങ്ങളാക്കുക എന്നായിരിയ്ക്കാം, അർത്ഥം.
[13] നേതാക്കൾ – മുന്നണിപ്പോരാളികൾ.