വിശ്വാമിത്രപുത്രൻ അഷ്ടകൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
പുരുഹൂത, അങ്ങയ്ക്കു സോമം പിഴിഞ്ഞിരിയ്ക്കുന്നു: ഹരികളിലൂടേ വെക്കം യാഗത്തിലെഴുന്നള്ളിയാലും. അങ്ങയെപ്പറ്റി മേധാവികൾ ചൊല്ലി നടപ്പിൽവന്ന സ്തോത്രങ്ങൾ (ഞങ്ങൾ) നേടിയിട്ടുണ്ട്; ഇന്ദ്ര, അങ്ങു സോമം കുടിച്ചാലും! 1
ഹരിയുക്ത, വെള്ളത്തിലൊലുമ്പി നേതാക്കന്മാർ പിഴിഞ്ഞതു ഭവാൻ ഇവിടെ പാനംചെയ്താലും, തിരുവയർ നിറച്ചാലും: ഇന്ദ്ര, ഉക്ഥങ്ങളാൽ വഹിയ്ക്കപ്പെടുന്നവനേ, അങ്ങയ്ക്കായി അമ്മിക്കുഴകളാൽ ചതയ്ക്കപ്പെട്ടതു കുടിച്ചു മത്തടിച്ചാലും! 2
ഹര്യശ്വ, ഞാൻ വൃഷാവായ ഭവാന്നു പുറപ്പെടാൻ ഒരു യഥാർത്ഥമായ കടുംപാനം പിഴിഞ്ഞയയ്ക്കുന്നു: ഇന്ദ്ര, സ്തുതിയ്ക്കപ്പെട്ട ശക്തിമാനായ ഭവാൻ ഇവിടെ സ്തുതികൾകൊണ്ടും എല്ലാക്കർമ്മങ്ങൾകൊണ്ടും സംതൃപ്തി പൂണ്ടാലും! 3
ശക്തിയുക്ത, ഇന്ദ്ര, ഭവാന്റെ രക്ഷയാലും വീര്യത്താലും അന്നവും സന്തതിയും നേടിയ കാമയമാനരായ യജ്ഞാഭിജ്ഞന്മാർ മനുഷ്യഗൃഹത്തിൽ സ്തുതിച്ചും ഒപ്പം ലഹരിപിടിച്ചും വസിച്ചുവല്ലോ! 4
ഹര്യശ്വ, ഇന്ദ്ര, നന്നായി സ്തുതിയ്ക്കപ്പെടുന്നവനും, നല്ല ധനവും, വളരെക്കാന്തിയുമുള്ളവനുമായ ഭവാന്റെ കൊണ്ടുനടക്കൽകൊണ്ടും തങ്ങളുടെ സ്തുതികൾകൊണ്ടും, സ്തോതാക്കളായ ആളുകൾ ദാനത്തിന്നായി അങ്ങയുടെ മഹനീയരക്ഷയെ കൈവരുത്തുന്നു. 5
ഹരിയുക്ത, പിഴിഞ്ഞ സോമം കുടിപ്പാൻ അവിടുന്നു ഹരികളിലൂടേ സ്തോത്രങ്ങളിൽ വന്നുചേർന്നാലും: ഇന്ദ്ര, യജ്ഞം ത്രാണിയുള്ള ഭവാങ്കൽ അണയുന്നു; ഈ അധ്വരത്തെ തുലോം അറിയുന്ന ഭവാൻ ദാതാവുമാണല്ലോ! 6
ഒരായിരം അന്നങ്ങളുള്ളവനും, എതിർക്കുന്നവരെ അമർക്കുന്നവനും, എതിരറ്റവനും സോമനീരിൽ രസിയ്ക്കുന്നവനും, ശോഭനസ്തോത്രനും, മഘവാവുമായ ഇന്ദ്രനെ ചൊല്ലുൾ അലംകരിയ്ക്കുന്നു – സ്തോതാവിന്റെ ഗാഥകൾ പുകഴ്ത്തുന്നു! 7
ഇന്ദ്ര, ഭംഗിയിൽ മൂളുന്ന അഹിംസിതകളായ സപ്തനദീദേവികളെക്കൊണ്ടു ഭവാൻ സമുദ്രത്തെ തഴപ്പിച്ചു; പുരന്ദരനായ അവിടുന്നു തൊണ്ണൂറ്റൊമ്പതു പുഴകളെ ദേവന്മാർക്കും മനുഷ്യർക്കുംവേണ്ടി ഒഴുകിച്ചു; വഴിയും വെട്ടി! 8
ഇന്ദ്ര, ദേവനായ ഭവാൻ ഒറ്റയ്ക്കു തണ്ണീരുകളെ തകരാറുകാരങ്കൽനിന്നു വേർവിടുവിച്ച്, അവയിൽ ശ്രദ്ധിച്ചുപോരുന്നു. അവിടുന്നു വൃത്രവധത്തിൽ എവയെ ഉളവാക്കിയോ, അവകൊണ്ടു ദീർഗ്ഘായുസ്സായ ഭവാൻ തിരുവുടൽ പുഷ്ടിപ്പെടുത്തിയാലും! 9
അതിവീരനും, കർമ്മവാനും, ശോഭനസ്തോത്രനുമാണു്, ഇന്ദ്രൻ: ആ പുരുഹൂതനെ മൊഴികൾ പൂജിയ്ക്കുന്നു. ശക്രൻ വൃത്രനെ മർദ്ദിച്ചു; വെളിച്ചമുണ്ടാക്കി; നേരിട്ടു പടകളെ കീഴമർത്തി! 10
യുദ്ധങ്ങളിൽ ശത്രുക്കളെ ഹനിച്ചു ധനമടക്കുന്ന ഉഗ്രനും പ്രവൃദ്ധനുമായ മഘവാവിനെ – (സ്തോത്രം)ശ്രവിയ്ക്കുന്ന മഹാനേതാവായ ഇന്ദ്രനെ – അന്നം കിട്ടിയ്ക്കുന്ന ഈ യുദ്ധത്തിൽ രക്ഷയ്ക്കായി നാം വിളിയ്ക്കുക! 11
[1] ഹരികളിലൂടെ – ഇരുഹരികളെ പൂട്ടിയ തേരിലൂടേ. നേടിയിട്ടുണ്ട് – പഠിച്ചുവെച്ചിട്ടുണ്ടു്.
[2] പിഴിഞ്ഞതു – സോമം.
[3] പാനം – സോമനീർ.
[4] യജ്ഞാഭിജ്ഞന്മാർ – അംഗിരസ്സുകൾ. മനുഷ്യഗൃഹത്തിൽ – യജമാനന്റെ യാഗശാലയിൽ. സ്തുതിച്ചും – ഭവാനെ. ലഹരിപിടിച്ചും – സോമപാനത്താൽ. വസിച്ചുവല്ലോ – ഞങ്ങളും അങ്ങനെയാകണമെന്നു ഹൃദയം.
[7] ചൊല്ലുകൾ – സ്തുതികൾ
[8] മൂളുന്ന – ശബ്ദിയ്ക്കുന്ന. പുഴകൾ – ഉപനദികൾ.
[9] തകരാറുകാരൻ – വൃത്രൻ. അവ – തണ്ണീരുകൾ.
[10] മൊഴികൾ – സ്തുതികൾ. പടകൾ – ശത്രുസൈന്യങ്ങൾ.