കശ്യപപുത്രൻ ഭ്രതാംശൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
നിങ്ങളിരുവരും ഇപ്പോൾ അതുതന്നെ കാംക്ഷിച്ചു, നെയ്ത്തുകാർ വസ്ത്രങ്ങൾപോലെ കർമ്മങ്ങൾ പരത്തുന്നു. സഹചാരികളായ നിങ്ങളെ ഇദ്ദേഹം ഇഷ്ടപ്രാപ്തിയ്ക്കായി സ്തുതിയ്ക്കുന്നു. നിങ്ങൾ, സുദിനങ്ങൾപോലെ അന്നങ്ങളെ അലംകരിയ്ക്കുന്നു! 1
നിങ്ങൾ, പൂട്ടുമൂരികൾപോലെ ഊട്ടുന്നവരിൽ ചെല്ലുന്നു. പടക്കുതിരകൾപോലെ പാഞ്ഞു സ്തോത്രത്തിലെത്തുന്നു. ദൂതന്മാർപോലെ ജനങ്ങളിൽ പുകൾപ്പെടുന്നു. പോത്തുകൾ കൊക്കരണി വിടാത്തതുപോലെ, നിങ്ങളും വിട്ടുപോകാതിരിയ്ക്കണം! 2
നിങ്ങൾ പക്ഷിച്ചിറകുകൾപോലെ ചേർന്നുമേവുന്നു. പശുക്കൾ പോലെ പൂജ്യരായ നിങ്ങൾ യജ്ഞത്തിൽ വന്നെത്തുവിൻ! നിങ്ങൾ, ദേവകാമന്റെ അഗ്നിപോലെ ജ്വലിയ്ക്കുന്നു. നിങ്ങൾ അധ്വര്യുക്കൾപോലെ വളരെയിടങ്ങളിൽ യജിയ്ക്കുന്നു. 3
നിങ്ങൾ ഞങ്ങൾക്ക്, അച്ഛന്മാർ മക്കൾക്കെന്നപോലെ ബന്ധുക്കളാകുന്നു. നിങ്ങൾ, ഇരുതേജസ്വികൾപോലെ തിളങ്ങുന്നു. വെമ്പൽകൊള്ളുന്നവർക്കു തമ്പുരാക്കന്മാർപോലെയാണു്, നിങ്ങൾ. നിങ്ങൾ, അന്നവാന്മാർപോലെ പുഷ്ടി നല്കുന്നു. ഇരുരശ്മികൾപോലെ ഉപഭോഗത്തിന്നുതകുന്നു. നിങ്ങൾ, കളിമ്പക്കാർപോലെ വിളിയിലെഴുന്നള്ളുവിൻ! 4
നിങ്ങൾ കാളകൾപോലെ തടിച്ചുകൊഴുത്തവരും, സുഖകരരും, മിത്രാവരുണർപോലെ സത്യഭൂതരും, ബഹുധനരും, നിശിതസ്തോത്രരും, കുതിരകൾപോലെ ആഹാരത്താൽ ഉയർന്നവരും, അന്തരിക്ഷസ്ഥരും, ആടുകൾപോലെ അന്നംകൊണ്ടു ശുശ്രുഷിയ്ക്കപ്പെടേണ്ടവരും, പുഷ്ടിപ്രദരുമാകുന്നു. 5
മത്തഗജങ്ങൾപോലെ മൂരിനിവുർത്തും; കൊലപ്പെടുത്തും – നിഹന്താവിന്റെ മക്കൾപോലെ കുത്തും, പിളർത്തും; ജയിയ്ക്കും; മത്തടിയ്ക്കും – ഇങ്ങനെയുള്ള രത്നതുല്യരായ നിങ്ങൾ എന്റെ ചുക്കിച്ചുളിഞ്ഞു ചത്തടിയുന്ന ശരീരത്തെ ജരാവർജ്ജിതമാക്കിയാലും! 6
തേജസ്സുയർന്നവരേ, വീരന്മാർപോലെയുള്ള നിങ്ങൾ ചുക്കിച്ചുളിഞ്ഞലഞ്ഞു ചാകുന്ന ശരീരത്തെ, വെള്ളത്തിന്റെയെന്നപോലെ ആപത്തിന്റെ മറുകരയിലണയ്ക്കുന്നു. യാതൊന്നു വിശുദ്ധബലരായ നിങ്ങൾക്ക്, ഋഭുക്കൾക്കെന്നപോലെ കൈവന്നുവോ, വായുപോലെ സർവവ്യാപിയും അതിവേഗിയുമായ (ആ രഥം) ധനങ്ങളുടെ ഉടമയാകുന്നു! 7
മഹാവീരങ്ങൾപോലെ നെയ്യ് ഉള്ളിൽ ചെലുത്തുന്നവരും, ധനപാലകരും, നിഹന്താക്കളും, ആയുധധാരികളും, പക്ഷികൾപോലെ പറക്കുന്നവരും, ചന്ദ്രസമാനരൂപരുമായ നിങ്ങൾ മനസാ കോപ്പണിഞ്ഞു, മാന്യന്മാർപോലെ എഴുന്നള്ളും! 8
നിങ്ങൾ, നെടിയവർപോലെ ആഴങ്ങളിൽ നില്ക്കും; നടക്കുന്നവന്റെ കാലുകൾപോലെ ആഴമില്ലാത്തേടം അറിയും; ചെവികൾപോലെ സ്തോത്രം കേൾക്കും. ആ നിങ്ങൾ, രണ്ടവയവങ്ങൾപോലെ ഞങ്ങളുടെ പൂജനീയകർമ്മത്തിൽ സംബന്ധിച്ചാലും! 9
നിങ്ങൾ, മേഘങ്ങൾപോലെ, മധു പൊഴിയ്ക്കുന്നു; നിങ്ങൾ തേനീച്ചകൾപോലെ, ദ്വാരം കീഴ്പോട്ടായ പയ്യിന്റെ അകിട്ടിൽ പാൽ വെയ്ക്കുന്നു; നിങ്ങൾ കെടുമനുഷ്യർപോലെ, വിയർപ്പിറ്റിയ്ക്കുന്നു; മെലിഞ്ഞ പയ്യു നല്ല പുല്ലു തിന്നുന്നപോലെ, ഹവിസ്സു ഭക്ഷിയ്ക്കുന്നു. 10
ഞങ്ങൾ വളരെ സ്തോത്രം ചൊല്ലാം; ഹവിസ്സു നല്കാം. നിങ്ങൾ ഒരേതേരിലൂടേ ഇവിടെ ഞങ്ങളുടെ സ്തുതിയെയും, പൈക്കളുടെ അകിട്ടിലെ പരിപക്വമായ മധുരാന്നത്തെയും ഉദ്ദേശിച്ചു വന്നുചേർന്നാലും! ഇങ്ങനെ ഭൂതാംശൻ അശ്വികളിൽ അഭിലാഷപൂർത്തി വരുത്തി. 11
[1] അതു – ഞങ്ങൾ തരുന്ന ഹവിസ്സ്. ഇദ്ദേഹം – യജമാനൻ. സുദിനങ്ങൾപോലെ – നല്ല ദിവസങ്ങളിൽ സദ്യ ഒരുക്കുമല്ലോ.
[2] പൂട്ടുമൂരികൾ (ഉഴവുകാളകൾ) തീറ്റ കൊടുക്കുന്നവരുടെ അടുക്കൽ ചെല്ലുമല്ലോ; അതുപോലെ നിങ്ങൾ ഊട്ടുന്നവരിൽ (ഹവിർദ്ദാക്കളിൽ)ചെല്ലുന്നു. ദൂതന്മാർപോലെ – രാജാവിന്നു പ്രിയപ്പെട്ട ദൂതന്മാർ യശസ്വികളായിത്തീരുന്നതുപോലെ. വിട്ടുപോകാതിരിയ്ക്കണം – ഞങ്ങളുടെ ഹവിസ്സിനെയും സ്തുതിയെയും.
[3] ദേവകാമൻ – യഷ്ടാവ്.
[4] ഇരുതേജസ്വികൾ – അഗ്നിസൂര്യന്മാർ. വെമ്പൽക്കൊള്ളുന്നവർക്കു – കർമ്മവ്യഗ്രർക്ക്. തമ്പുരാക്കന്മാർപോലെയാണു് – യുദ്ധത്തിലുഴറുന്ന സൈന്യങ്ങളെ രാജാക്കന്മാർപോലെ, നിങ്ങൾ കർമ്മവ്യഗ്രരെ കാത്തരുളുന്നു. ഇരുരശ്മികൾ – അഗ്നിസൂര്യകിരണങ്ങൾ. കളിമ്പക്കാർപോലെ – ക്രീഡാശീലർ കളിസ്ഥലത്തെത്തുന്നതുപോലെ. വിളിയിൽ – ഞങ്ങളുടെ ആഹ്വാനത്തിൽ.
[5] നിശിതസ്തോത്രർ – നിശിതമാംവണ്ണം (ബുദ്ധികൂർമ്മയോടേ) സ്തുതിയ്ക്കപ്പെടുന്നവർ. അന്നം – തീറ്റ, ഹവിസ്സ്.
[6] കൊലപ്പെടുത്തും – ശത്രുക്കളെ. നിഹന്താവിന്റെ – ശത്രുഘാതിയായ ശുരന്റെ.
[8] നിഹന്താക്കൾ – ശത്രുസൂദനർ.
[9] നെടിയവർ (ദീർഗ്ഘകായന്മാർ) ആഴങ്ങളിൽ മുഴുകില്ലല്ലോ.
[10] മധു = തേൻ, ജലം. തേനീച്ചകൾപോലെ – തേനീച്ചകൾപോലെ – തേനീച്ചകൾ പൂവിൽ തേൻ വെയ്ക്കുന്നതുപോലെ. മെലിഞ്ഞ – തീറ്റ കിട്ടാഞ്ഞു ചടച്ച.
[11] മധുരാന്നം – പാൽ. ഭൂതാംശൻ – ഞാൻ.