അംഗിരോഗോത്രൻ ദിവ്യനോ പ്രജാപതിപുത്രി ദക്ഷിണയോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ദക്ഷിണ ദേവത.
മഘവാവിന്റെ മഹസ്സ് ഇവർക്കായി ഉദിച്ചു; ജഗത്തെല്ലാം ഇരുട്ടിൽനിന്നൊഴിഞ്ഞു. ദേവകളാൽ നല്കപ്പെട്ട മഹാജ്യോതിസ്സ് വന്നെത്തി; ദക്ഷിണയുടെ വിശാലമായ മാർഗ്ഗം കാണുമാറായി! 1
ദക്ഷിണ കൊടുക്കുന്നവർ ഉയരത്തു സ്വർഗ്ഗത്തിൽ വസിയ്ക്കും: അശ്വത്തെ നല്കിയവർ സൂര്യനോടു ചേരും; സ്വർണ്ണം നല്കിയവർ ദേവത്വമടയും; സോമ, വസ്ത്രം നല്കിയവർ (ഭവാനോടുകൂടി വസിയ്ക്കും). ഇവരെല്ലാം ദീർഗ്ഘായുസ്സുകളുമാകും! 2
ദേവന്മാരുടെ രക്ഷയും യാഗാംഗമായ ദക്ഷിണയും അവരെ പ്രീതിപ്പെടുത്താത്ത കെടുനടപ്പുകാർക്കില്ലതന്നെ; അതിനാൽ വളരെപ്പേർ പാപഭയത്താൽ കർമ്മം ചെയ്തു ദക്ഷിണ നല്കി (ദേവ്വന്മാരെ) പ്രീതിപ്പെടുത്തുന്നു. 3
ശതധാരനെന്ന വായുവിന്നും, സർവജ്ഞനായ സൂര്യന്നും, മറ്റു മനുഷ്യദ്രഷ്ടാക്കൾക്കും ഹവിസ്സർപ്പിയ്ക്കാൻ അവർക്കറിയാം: യജ്ഞത്തിൽ പ്രീതിപ്പെടുത്തുകയും അർപ്പിയ്ക്കുകയുംചെയ്യുന്നവർ എവരോ, അവർ ഏഴമ്മമാരുള്ള ദക്ഷിണയെ കറക്കും! 4
ദക്ഷിണാന്വിതൻ ക്ഷണിയ്ക്കപ്പെട്ട് ഒന്നാമനായി എങ്ങും ചെല്ലും; ദക്ഷിണാന്വിതൻ ഗ്രാമത്തലവനായി മുമ്പിൽ നടക്കും. ആർ ഒന്നാമനായി ദക്ഷിണ കൊടുക്കുമോ, എന്റെ അഭിപ്രായത്തിൽ, ആ ആൾതന്നെയാണു്, ജനങ്ങൾക്കരചൻ! 5
പറഞ്ഞിരിയ്ക്കുന്നു: ആർ ഒന്നാമനായി ദക്ഷിണകൊണ്ടാരാധിയ്ക്കുമോ, അവൻതന്നേ ഋഷി; അവൻതന്നേ ബ്രഹ്മാവു്; അവൻതന്നേ അധ്വര്യുവും സാമഗായകനും ഉക്ഥശംസിയും; അവൻ അഗ്നിയുടെ മൂന്നുരൂപവും അറിയും! 6
നമ്മുടെ ആത്മാവിന്ന് ഒരു കവചമാണെന്നറിഞ്ഞു ദക്ഷിണയനുഷ്ഠിച്ചാൽ, ദക്ഷിണ അശ്വത്തെ തരും; ദക്ഷിണ ഗോവിനെ തരും; ദക്ഷിണ പൊൻവെള്ളികളെ തരും. ദക്ഷിണ അന്നത്തെ തരും! 7
ദാതാക്കള്‍ മരിയ്ക്കില്ല, നികൃഷ്ടഗതിയടയില്ല, ദ്രോഹിയ്ക്കപ്പെടില്ല; ദാതാക്കള്‍ ദുഖമനുഭവിയ്ക്കില്ല. ഈ എല്ലാ ലോകവും, സ്വര്‍ഗ്ഗവും – ഇതിനെയൊക്കെ ദക്ഷിണ അവര്‍ക്കു കൊടുക്കും! 8
ദാതാക്കൾ മുമ്പുതന്നേ പാൽ പെറുന്ന പയ്യിനെ നേടി; ദാതാക്കൾ നല്ല വസ്ത്രമുടുത്ത വധുവിനെ നേടി; ദാതാക്കൾ മദ്യത്തിന്റെ ഉൾസ്സത്തു നേടി; ദാതാക്കൾ വിളിയ്ക്കാവല്ലാത്ത എതിരാളികളെ ജയിച്ചു! 9
ദാതാവിന്നു, കുതിച്ചോടുന്ന കുതിര തിരുമ്മപ്പെടും; ദാതാവിന്നു കന്യക മിന്നിത്തിളങ്ങി നില്ക്കും; ദാതാവിന്നു താമരപ്പൊയ്കപോലെയും ദേവയാനംപോലെയും മനോഹരമായി, അലംകൃതമായ ഭവനം കിട്ടും! 10
ദാതവിനെ നല്ല കുതിരകൾ വഹിയ്ക്കും; ദക്ഷിണകൊടുത്തവന്ന് അഴകൊത്ത രഥം കിട്ടും. ദേവന്മാരേ, നിങ്ങൾ ദാതാവിനെ യുദ്ധങ്ങളിൽ രക്ഷിച്ചാലും: ദാതാവു പോരുകളിൽ വൈരികളെ ജയിയ്ക്കുമാറാകണം ! 11
[1] ദക്ഷിണ യാഗത്തിന്റെ ഒരംഗമാണു്; യാഗം പകൽസ്സമയത്തേ ഉള്ളൂ. അതിനാൽ ആദ്യം പകൽത്തുടക്കം (സൂര്യോദയം) പ്രതിപാദിയ്ക്കപ്പെടുന്നു! മഘവാവിന്റെ – സൂര്യാത്മകനായ ഇന്ദ്രന്റെ. മഹസ്സ് = തേജസ്സ്. ഇവർ – യഷ്ടാക്കൾ. മഹാജ്യോതിസ്സ് – സൂര്യൻ. യജ്വാക്കൾ ദക്ഷിണ കൊടുപ്പാൻ തുടങ്ങി എന്നാണു്, ഒടുവിലെ വാക്യത്തിന്റെ താൽപര്യം.
[2] സോമ – സോമനത്രേ, വസ്ത്രദേവത.
[3] ദക്ഷിണ കൊടുക്കാത്ത കുത്സിതചര്യന്മാരെ ദേവകൾ രക്ഷിയ്ക്കില്ല.
[4] മറ്റു മനുഷ്യദ്രഷ്ടാക്കൾ – ഇന്ദ്രാദികൾ. അവർക്കറിയാം – യഷ്ടാക്കൾ ശക്തരാകും. അർപ്പിയ്ക്കുക – ഹവിസ്സു നല്കുക. ഏഴമ്മമാർ – അഗ്നിഷ്ടോമാദികൾ. കറക്കുന്നു – ഋത്വിക്കുകൾക്കു കൊടുക്കുന്നു.
[5] ദക്ഷിണാന്വിതൻ – ദക്ഷിണ കൊടുത്ത യജ്വാവ്.
[6] പറഞ്ഞിരിയ്ക്കുന്നു – വിദ്വാന്മാർ. ആരാധിയ്ക്കുക – ഋത്വിക്കുകളെയും മറ്റും സന്തോഷിപ്പിയ്ക്കുക. ഉക്ഥശംസി – ഉക്ഥങ്ങൾ ചൊല്ലുന്നവൻ. മൂന്നുരൂപം – ആഹവനീയൻ, ഗാർഹപത്യൻ, ദക്ഷിണൻ.
[7] കവചം – പാപനിവാരകമെന്നു സാരം.
[8] ദാതാക്കൾ – ദക്ഷിണ കൊടുത്തവർ. മരിയ്ക്കില്ല – അമരത്വമടയും.
[9] നേടി – ശത്രുക്കളിൽനിന്നു കീഴടക്കി. വിളിയ്ക്കാവല്ലാത്ത – ബലമേറിയ എന്നർത്ഥം.
[10] കുതിര തിരുമ്മപ്പെടും – കുതിരകളും കുതിരക്കാരുമുണ്ടായിവരും എന്നു സാരം.