പണികളും സരമയും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പണികളും സരമയും ദേവതകൾ.
‘സരമ എന്തിനാണിവിടെ വന്നത്? പിന്തിരിയാതെ നടന്നാലും എത്താവതല്ലല്ലോ, ഈ ദൂരമാർഗ്ഗം. ഞങ്ങൾ എന്തു ചെയ്തുതരണം? രാത്രി എങ്ങനെയിരുന്നു? നീ എങ്ങനെ പുഴ കടന്നു?’ 1
‘പണികളേ, ഇന്ദ്രനയച്ച ദൂതിയായ ഞാൻ നിങ്ങളുടെ വമ്പിച്ച നിധികളെ തേടി നടക്കുകയാണു് അതിക്രമണത്താൽ പേടിച്ചു വെള്ളം എന്നെ രക്ഷിച്ചു; അങ്ങനെയാണു് ഞാൻ പുഴ കടന്നതു്. ’ 2
‘സരമേ, എന്തുതരക്കാരനാണു്, ഇന്ദ്രൻ? എത്രയുണ്ടു്, സൈന്യം? അയാളുടെ ദൂതിയായിട്ടാണല്ലോ, നീ അകലത്തുനിന്ന് ഇവിടെ വന്നതു്.’ വന്നുകൊള്ളട്ടെ: നമുക്ക് ഇവളെ സ്നേഹിതയാക്കാം; നമ്മുടെ ഗോപതി ഗോക്കളുടെ ഉടമസ്ഥനാകട്ടെ! 3
‘ആരുടെ ദൂതിയായിട്ടാണോ, ഞാൻ ദൂരത്തുനിന്ന് ഇവിടെ വന്നതു്, ആ ഇന്ദ്രൻ ഹിംസ്യനല്ലെന്നാണ്, എന്റെ അറിവ്; അദ്ദേഹം ഹിംസിക്കും. ഗംഭീരനദികൾ അദ്ദേഹത്തെ മറയ്ക്കില്ല; പണികളേ, നിങ്ങൾ അദ്ദേഹത്താൽ വധിയ്ക്കപ്പെട്ടുകിടക്കും!’ 4
‘സുഭഗേ, സരമേ, ഇതാ, സ്വർഗ്ഗത്തിന്റെ അതിരുകളിൽ ചുറ്റിനടക്കുന്ന നീ തേടുന്ന ഗോക്കൾ: ഇവയെ ആർ പൊരുതാതെ പുറത്തയയ്ക്കും? മൂർച്ചയുള്ള ആയുധങ്ങളുണ്ടു്, ഞങ്ങൾക്കു്!’ 5
‘പണികളേ, ഒരു സേനയ്ക്കൊത്തതല്ല, നിങ്ങളുടെ സംസാരം. അമ്പെയ്യാവുന്നതല്ല, ശരീരം; പാപയുക്തവുമാണു്. നിങ്ങളുടേ വഴി നടക്കാൻകൊള്ളാത്തതാകുന്നു. നിങ്ങളുടെ ഇരുതരം ദേഹങ്ങളെ ബൃഹസ്പതി സുഖിപ്പിയ്ക്കില്ല!’ 6
‘സരമേ, മലയുടെ അടിയിലാണു്, ഗോക്കളും അശ്വങ്ങളും ധനങ്ങളും ചേർന്ന ഈ നിധി: അതിനെ നല്ല കാവല്ക്കാരായ പണികൾ കാത്തുപോരുന്നു; നീ ഒച്ചപ്പെട്ട ഈ സ്ഥലത്തു വന്നതു വെറുതെയാണു്!’ 7
‘പണികളേ, സോമത്താൽ മൂർച്ചവെച്ചു നടാടെ നടകൊണ്ട് അംഗിരസ്സുകളെന്ന ഋഷിമാരും ആയാസ്യനും ഇവിടെ വന്നുചേരും; ഇ ഗോഗണത്തെ അവർ വീതിയ്ക്കയുംചെയ്യും. അപ്പോൾ, നിങ്ങളിപ്പറഞ്ഞതു തുപ്പിക്കളയേണ്ടിവരും!’ 8
‘സുഭഗയായ സരമേ, ദേവബലത്താൽ ഉപദ്രവിയ്ക്കപ്പെട്ടിട്ടാണു്, നീ ഇങ്ങനെ ഇങ്ങോട്ടു പോന്നതെങ്കിൽ, നിന്നെ ഞങ്ങൾ ഒരു പെങ്ങളാക്കാം: നീ മടങ്ങിപ്പോകേണ്ട; ഗോക്കളെ നമുക്കു വീതിച്ചെടുക്കാം!’ 9
‘പണികളേ, എനിയ്ക്കറിഞ്ഞുകൂടാ, ആങ്ങളെയും പെങ്ങളെയും: ഇന്ദ്രന്നും ഘോരരായ അംഗിരസ്സുകൾക്കും അറിയാം. ഞാൻ ചെന്നാൽ എന്റെ ഗോകാംക്ഷികൾ ഇവിടം മൂടിക്കളയും. നിങ്ങൾ ഇവിടെനിന്ന് അതിദൂരത്തെയ്ക്കോടിക്കൊൾവിൻ! 10
പണികളേ, നിങ്ങൾ അതിദൂരത്തെയ്ക്കോടിക്കൊൾവിൻ. ഗോക്കൾ സത്യംകൊണ്ടു വാതിൽ പൊളിച്ചു, മുകളിലെയ്ക്കു പോരട്ടെ: എന്നാൽ, മറയ്ക്കപ്പെട്ട ഇവയെ ബൃഹസ്പതിയ്ക്കും, സോമത്തിന്നും, അമ്മിക്കുഴകൾക്കും, മേധാവികളായ ഋഷിമാർക്കും കിട്ടുമല്ലോ!’ 11
[1] വലന്റെ ആൾക്കാരായ പണികൾ ബൃഹസ്പതിയുടെ ഗോക്കളെ അപഹരിച്ചു; അവയെത്തിരയാൻ ബൃഹസ്പതിപ്രേരിതനായ ഇന്ദ്രൻ സരമ എന്ന ദേവശുനിയെ അയച്ചു. അവൾ വലിയ പുഴ കടന്നു, വലന്റെ പുരത്തിൽ ചെന്ന്, അവിടെ ഗുഹയിലടയ്ക്കപ്പെട്ട ഗോക്കളെ കണ്ടുപിടിച്ചു. ഇതറിഞ്ഞ്, അസുരന്മാർ അവളെ വശീകരിപ്പാൻ സംഭാഷണം തുടങ്ങി:
[2] സരമയുടെ മറുപടി: നിങ്ങളുടെ നിധികളെ – നിങ്ങൾ ഗുഹയിലടച്ചിരിയ്ക്കുന്ന ഗോക്കളെ. അതിക്രമണത്താൽ പേടിച്ചു – ഞാൻ തീർച്ചയായും കടക്കാനൊരുമ്പെട്ടതിൽ പേടിച്ച്. രക്ഷിച്ചു – മുക്കുകയും മറ്റും ചെയ്തില്ല.
[3] അസുരന്മാർ: വന്നുകൊള്ളട്ടെ എന്നാദിയായ ഭാഗം പണികൾ പരസ്പരം പറയുന്നതാണു്. നമ്മുടെ ഗോപതി – വലൻ. ഈ ഗോക്കൾ വലന്റെ തന്നെയായിനില്ക്കട്ടെ.
[4] സരമ: ഹിംസ്യൻ = ഹിംസിയ്ക്കപ്പെടാവുന്നവൻ. മറയ്ക്കില്ല – മുക്കില്ല.
[5] പണികൾ: ഞങ്ങളെ പൊരുതിജ്ജയിച്ചാലേ, ഇവയെ പുറത്തെയ്ക്കു വിടുകയുള്ളൂ.
[6] സരമ: നിങ്ങളുടെ വാക്കു വീരോചിതമല്ല; ശരീരം ദുർബലവും പാപയുക്തവുമാണു്; നിങ്ങൾ ദുർമ്മാർഗ്ഗചാരികളാണു്. ഇരുതരം – ദുർബലങ്ങളും പാപയുക്തങ്ങളുമായ. സുഖിപ്പിയ്ക്കില്ല – ദുഃഖിപ്പിയ്ക്കും.
[7] പണികൾ: ഒച്ചപ്പെട്ട – ഗോക്കൾ നിലവിളിയ്ക്കുന്ന.
[8] സരമ: സോമത്താൽ മൂർച്ചവെച്ച – സോമപാനത്താൽ ഉശിർപിടിച്ച. അയാസ്യൻ – അംഗിരസ്സുകളിൽ ഒന്നാമനായ ഋഷി. വീതിയ്ക്ക – ഉടമസ്ഥന്മാർക്കു കൊടുക്കുക. ഇപ്പറഞ്ഞതു് – ‘നീ വന്നതു വെറുതെയാണെ’ന്നും മറ്റും നിങ്ങൾ പറഞ്ഞതു്. തുപ്പിക്കളയേണ്ടിവരും – ത്യജിയ്ക്കേണ്ടിവരും.
[9] അസുരന്മാർ സ്നേഹം നടിച്ചുപറയുന്നു: നീ ദേവകളുടെ നിർബന്ധത്താലാണു് പോന്നതെങ്കിൽ, ഞങ്ങളുടെ ഒരു പെങ്ങളായി ഇവിടെ പാർത്തുകൊള്ളുക.
[10] ഘോരർ – തപോവീര്യമേറിയവർ. എന്റെ – സ്വാമികളായ. ഗോകാംക്ഷികൾ – ഇന്ദ്രാദികൾ. ഇവിടം മൂടിക്കളയും – സ്വസൈന്യങ്ങളെക്കൊണ്ടു്.