ജൂഹൂവ് എന്ന ബ്രഹ്മവാദിനിയോ ബ്രഹ്മപുത്രൻ ഊർദ്ധ്വനാഭാവോ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
അകൂപാരൻ, വരുണൻ, വായു, പെരുകിയ തേജസ്സുകൊണ്ടു പൊള്ളിയ്ക്കുന്ന ഉഗ്രൻ, സുഖമുളവാക്കുന്ന സോമൻ, സത്യഭൂതനാൽ ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ട തണ്ണീർദ്ദേവിമാർ എന്നീ പ്രധാനർ ബൃഹസ്പതിയുടെ പാപത്തിന്നു (പ്രായശ്ചിത്തം) പറഞ്ഞുകൊടുത്തു. 1
പ്രധാനനായ സോമരാജാവു ലജ്ജവിട്ടു ബ്രഹ്മജായയെ തിരിച്ചേല്പിച്ചു: വരുണനും മിത്രനും അനുമോദിച്ചു; ഹോതാവായ അഗ്നികൈക്കു പിടിച്ചു കൊണ്ടുചെന്നു. 2
അവർ പറഞ്ഞു: – ‘ഇവളുടെ ദേഹം കൈകൊണ്ടു പിടിയ്ക്കുകതന്നെ വേണം: ഇവൾ ബ്രഹ്മജായയാണ് അയയ്ക്കപ്പെട്ട ദൂതന്ന് ഇവൾ പ്രത്യക്ഷയായില്ല; ഒരു ക്ഷത്രിയന്റെ രാജ്യംപോലെ മറഞ്ഞുനിന്നതേഉള്ളു.’ 3
അവളെപ്പറ്റി ചിരന്തനരായ ദേവന്മാരും, തപസ്സിലിരുന്ന സപ്തർഷിമാരും സംസാരിച്ചു. ഘോരയായ പത്നിയെ ബ്രാഹ്മണന്റെ അടുക്കൽ കൊണ്ടാക്കി: ദുഷ്ടയെപ്പോലും ഉന്നതസ്ഥാനത്തിരുത്തുമല്ലോ, (തപഃപ്രഭാവം)! 4
‘ദേവന്മാരേ, ബൃഹസ്പതി ബ്രഹ്മചാരിയായി നടക്കുകയായിരുന്നു: എങ്ങും ദേവന്മാരോടു ചേരും; അങ്ങനെ ഒരംഗമായിത്തീർന്നു. അതു നിമിത്തം അദ്ദേഹം, സോമാനീതയായ ജുഹുവിനെയെന്നപോലെ, ഭാര്യയെ നേടി!’ 5
ദേവന്മാർ തിരിച്ചേല്പിച്ചു; മനുഷ്യരും തിരിച്ചേല്പിച്ചു. അതിനെ ശരിവെച്ചുകൊണ്ടു രാജാക്കന്മാരും ബ്രഹ്മജായയെ തിരിച്ചേല്പിച്ചു. 6
ദേവന്മാർ ബ്രഹ്മജായയെ, പാപം പോക്കി തിരിച്ചേല്പിച്ചിട്ട്, ഭൂമിയുടെ രസം പകുത്തെടുത്തു, പുകളേറിയ (ബാർഹസ്പത്യയജ്ഞം) അനുഷ്ഠിയ്ക്കുകയായി. 7
[1] ബ്രഹ്മജായയായിരുന്ന ജൂഹൂവ് ബൃഹസ്പതിയുടെ ഭാര്യയായി. അദ്ദേഹത്തിന്റെ പാപംമൂലം അവൾക്കു ദൗർഭാഗ്യം വന്നുകൂടി. അതിനാൽ അവളെ അദ്ദേഹം ത്യജിച്ചു. പിന്നീടു സൂര്യാദിദേവന്മാർ അന്യോന്യം ആലോചിച്ച്, അവളെ സുഭഗയാക്കി, ബൃഹസ്പതിയ്ക്കു തിരിയേകൊടുത്തു. ആ ഇതിഹാസമാണു്, ഈ സൂക്തത്തിൽ: അകൂപാരൻ – സൂര്യൻ. ഉഗ്രൻ – അഗ്നി, സത്യഭൂതൻ – ബ്രഹ്മാവ്. പാപത്തിന്നു – ബൃഹസ്പതിപത്നിയ്ക്കു പറ്റിയ ദൌർഭാഗ്യത്തിന്ന്.
[2] ലജ്ജ വിട്ടു – പാപം നീക്കപ്പെട്ടതിനാൽ സംകോചം കുടാതെ. ബ്രഹ്മജായ – ജുഹൂവ്.
[3] ക്ഷത്രിയന്റെ രാജ്യം ശത്രുവിന്നു ഗുപ്തമായിരിയ്ക്കുമല്ലോ.
[4] ഘോര – പാപങ്ങളെ പേടിപ്പിച്ച, ദൌര്‍ഭാഗ്യമുക്തയായ. ബ്രാഹ്മണൻ – ബൃഹസ്പതി.
[5] ചേരും – സ്തുതിയ്ക്കുകയും, ഹവിസ്സു നല്കുകയുംചെയ്യും. അംഗമായിത്തീർന്നു – ദേവന്മാർക്ക്. അതുനിമിത്തം – ദേവപൂജനത്താൽ. ഭാര്യയെ – ജുഹൂനാമികയായ എന്നെ. നേടി – തിരിച്ചെടുത്തു.
[6] എങ്ങനെ നേടി എന്നു പറയുന്നു:
[7] ഭൂമിയുടെ രസം – ഹവിസ്സ്.