ഭുഗുപുത്രൻ ജമദഗ്നിയോ തൽപുത്രൻ പരശുരാമനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; നരാശംസനൊഴികെ സമിദ്ധാദ്യഗ്നികൾ ദേവത.
ജാതവേദസ്സേ, ദേവനായ ഭവാൻ ഇപ്പോൾ മനുഷ്യഗൃഹത്തിൽ സമിദ്ധനായിട്ടു ദേവന്മാരെ യജിച്ചാലും; സഖാക്കളെ മാനിയ്ക്കുന്നവനേ, അറിഞ്ഞു കൊണ്ടുവരികയും ചെയ്താലും. മികച്ച ജ്ഞാനമുള്ള കവിയായ ഭവാൻ ദൂതനാണല്ലോ! 1
തനൂനപാത്തേ, ശോഭനജ്വാല, അവിടുന്നു യജ്ഞത്തിന്റെ ഫലപ്രദങ്ങളായ പന്ഥാക്കളെ മധുകൊണ്ടുദ്ദീപിപ്പിച്ചു മാധുര്യപ്പെടുത്തിയാലും; ബുദ്ധിയാൽ സ്തോത്രങ്ങളും ഹവിസ്സും തഴപ്പിച്ചു, ഞങ്ങളുടെ യജ്ഞത്തെ ദേവന്മാരിലെത്തിയ്ക്കുകയുംചെയ്താലും! 2
അഗ്നേ, ആഹ്വാതാവും ഈഡ്യനും വന്ദ്യനുമായ അവിടുന്നു ദേവന്മാരോടൊപ്പം പ്രീതി പൂണ്ടു വന്നുചേർന്നാലും: മഹാനായുള്ളോവേ, ദേവന്മാരെ വിളിയ്ക്കുന്നവനാണല്ലോ, ഭവാൻ; ആ യഷ്ട്യതമനായ ഭവാൻ (ഞങ്ങളുടെ) പ്രാർത്ഥനയാൽ അവരെ പൂജിച്ചാലും! 3
ഇതാ, തുമ്പു കിഴക്കോട്ടായ ദർഭ: ഇത് ഈ ഭുമിയുടെ ഉടുപ്പിന്നു പൂർവാഹ്നത്തിൽ മന്ത്രപൂർവം കൊണ്ടുവന്നതാണു്; വളരെ വീതിയിൽ വിരിച്ചിരിയ്ക്കുന്ന ഇതു ദേവന്മാരെയും അദിതിയെയും സുഖിപ്പിയ്ക്കും! 4
കാന്തിമതികളായ പത്നിമാർ കണവന്മാർക്കെന്നപോലെ, കതകുകൾ വിരിയെത്തുറക്കട്ടെ: എല്ലാരെയും പ്രീണിപ്പിയ്ക്കുന്ന മഹതികളായ ദ്വാരദേവതകളേ, നിങ്ങൾ ദേവന്മാർക്കു സുപ്രാപകളാകുവിൻ! 5
അഴകിൽ നടന്നു വന്നെത്തുന്ന അഹോരാത്രികളേ, യഷ്ടവ്യകളേ, ദിവ്യകളേ, തോഷയിത്രികളേ, മഹതികളേ, സുപ്രഭകളേ, തിളങ്ങുന്ന ശ്രീ പൂണ്ടവരേ, നിങ്ങൾ നിച്ചലും യജനസ്ഥാനത്തിരുന്നാലും! 6
മനുഷ്യന്നു യജിപ്പാൻ യജ്ഞത്തെ ഉൽപ്പാദിപ്പിച്ചവരും, ക്രതുവിൽ പ്രേരിപ്പിയ്ക്കുന്നവരും, സ്തോത്രകാരരും, കിഴക്കേജ്യോതിസ്സിനെ മന്ത്രപൂർവം നിർവഹിയ്ക്കുന്നവരും, ശോഭനസ്തവനരും മുമ്പരുമായ രണ്ടു ദേവഹോതാക്കൾ (ഇരുന്നരുളട്ടെ!) 7
ഭാരതിയും, മനുഷ്യന്നൊപ്പം അറിവുള്ള ഇളയും, സരസ്വതിയും വെക്കം നമ്മുടെ യാഗത്തിൽ എഴുന്നള്ളട്ടെ: ആ ശോഭനചരിതകളായ മൂന്നുദേവിമാർ ഈ സുഖകരമായ ദർഭയിൽ ഇരുന്നരുളട്ടെ! 8
ഹോതാവേ, ആർ ഈ അമ്മമാരായ ദ്യാവാപൃഥിവികളെയും സർവഭുവനങ്ങളെയും രൂപപ്പെടുത്തിയോ, ആ ത്വഷ്ടാവായ ദേവനെ അറിവുറ്റ മികച്ച യഷ്ടാവായ ഭവാൻ (ഞങ്ങളുടെ) പ്രാർത്ഥനയാൽ ഇന്നിവിടെ യജിച്ചാലും! 9
ഭവാൻ സ്വയം ഋതുതോറും ദേവന്മാർക്കുണ്ണാൻ ഹവിസ്സുകൾ വെളിപ്പെടുത്തി കൊണ്ടുകൊടുത്താലും: വനസ്പതിയും, ശമിതാവെന്ന ദേവനും, അഗ്നിയും മധുരഘൃതംകൊണ്ടു ഹവ്യത്തിന്നു സ്വാദുണ്ടാക്കട്ടെ! 10
ജനിച്ചപ്പോൾതന്നെ യജ്ഞം നിർമ്മിച്ചതിനാൽ അഗ്നി ദേവന്മാരിൽ മുമ്പനായി: കിഴക്കുവശത്തു വന്നെത്തിയ ഈ ഹോതാവിന്റെ വായിൽ സ്വാഹാചൊല്ലിത്തൂകിയ ഹവിസ്സു ദേവന്മാർ ഭക്ഷിയ്ക്കട്ടെ! 11
[1] സമിദ്ധൻ – സംജ്വലിപ്പിയ്ക്കപ്പെട്ടവൻ; സമിദ്ധാഗ്നി. സഖാക്കൾ – സ്തോതാക്കൾ. അറിഞ്ഞു – സ്തുതികളെ മനസ്സിലാക്കി. കൊണ്ടുവരിക – ദേവന്മാരെ.
[2] തനൂനപാത്ത് – ഒരഗ്നി. മധു – മാദകരസം.
[3] ആഹ്വാതാവ് – ദേവന്മാരെ വിളിയ്ക്കുന്നവൻ. ഈഡ്യൻ – സ്തുത്യൻ; ഈഡിതാഗ്നി.
[4] ഈ ഭൂമി – വേദി.
[5] സുപ്രാപകൾ = സുഖേന പ്രാപിയ്ക്കാവുന്നവ.
[6] തോഷയിത്രികൾ = സന്തോഷിപ്പിയ്ക്കുന്നവർ.
[7] കിഴക്കേജ്യോതിസ്സ് – ആഹവനീയാഗ്നി. രണ്ടു ദേവഹോതാക്കൾ – അഗ്ന്യാദിത്യർ.
[9] ഹോതാവേ – അഗ്നേ. രൂപപ്പെടുത്തുക – ദേവതിര്യങ് മനുഷ്യാദികളാക്കുക.
[10] വനസ്പതി – യൂപം. അഗ്നി – ആഹവനീയാഗ്നി.
[11] കിഴക്കുവശത്തു വന്നെത്തിയ – ആഹവനീയത്വം പൂണ്ട. ഈ ഹോതാവ് – അഗ്നി.