ഋഷിദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പ് ഛന്ദസ്സ്.
ദേവൻ എപ്പോൾ മനുഷ്യരെ യാഗത്തിന്നിറക്കി, പോകാൻ സ്വന്തം ഉയിരെടുത്തു, ഹോതാവായി സ്ഥിതിചെയ്യുമോ; അപ്പോൾ സത്യഭാഷിണികളായ, മുഖ്യകളായ ദ്യാവാപൃഥിവികൾ വിളിയ്ക്കപ്പെടട്ടെ! 1
മുഖ്യൻ, സർവജ്ഞൻ, ധൂമധ്വജൻ, ചമതയാൽ ഉയരെക്കത്തുന്നവൻ, സ്തുത്യൻ, നിത്യൻ, ഹോതാവ്, മികച്ച യഷ്ടാവ് – ഇങ്ങനെയുള്ള ദേവനായ നിന്തിരുവടി, ദേവന്മാരെ സ്വീകരിച്ചു, യജ്ഞത്തോടു കൂടി ഞങ്ങളുടെ ഹവിസ്സു കൊണ്ടുകൊടുത്താലും! 2
ദേവന്റെ സ്വാർജ്ജിതമായ ജലം യാതൊന്നോ, ആ വെള്ളത്തിൽനിന്നു ജനിച്ചവയത്രേ, വാനൂഴികളെ നിലനിർത്തുന്നതു് അങ്ങയുടെ ആ ദാനത്തെ – വെളുത്ത ജ്വാല ദിവ്യഘൃതമായ ഉദകത്തെ കറക്കുന്നതിനെ – സ്തോതാക്കളെല്ലാം പാടിപ്പുകഴ്ത്തുന്നു! 3
നിന്തിരുവടി കർമ്മം വർദ്ധിപ്പിച്ചാലും, വെള്ളത്തെപ്പെറുന്ന വാനൂഴികളെ ഞാൻ വാഴ്ത്തുന്നു: ദ്യാവാപൃഥിവികളേ, എന്റെ (സ്തുതി) കേൾക്കുവിൻ. യാതൊരഹസ്സിൽ സ്തോതാക്കൾ ഗാഥ ചൊല്ലുമോ, അതിൽ അച്ഛനമ്മമാർ ഞങ്ങളെ സലിലംകൊണ്ടു സംസ്കാരപ്പെടുത്തട്ടെ! 4
തമ്പുരാൻ നമ്മുടേതു സ്വീകരിയ്കുമോ? മേത്തരത്തിലാകുമോ, നാം ചെയ്യുന്നതു്? ആരറിഞ്ഞു? നമ്മുടെ സ്തോത്രം, ക്ഷണിയ്ക്കപ്പെട്ട ഒരു സ്നേഹിതൻപോലെ ദേവന്മാരിൽ ചെല്ലട്ടെ; ഹവിസ്സും ചെല്ലട്ടെ! 5
അമർത്ത്യനായ യമന്റെ പേർ ഇവിടെ പറയാൻ കൊള്ളില്ല: അദ്ദേഹം ഒരേ വയറ്റിൽപ്പിറന്ന അഗമ്യയെ – ഇല്ല – പറയാൻ കൊള്ളുന്നതുതന്നെ എന്ന് ആർ സ്തുതിയ്ക്കുമോ അവനെ, മഹാനായ അഗ്നേ, നിന്തിരുവടി സശ്രദ്ധം രക്ഷിച്ചാലും! 6
തന്തിരുവടിമൂലമാണല്ലോ ദേവന്മാർ യാഗത്തിൽ മത്തടിയ്ക്കുന്നതും, യഷ്ടാവിന്റെ വേദിമേലിരിയ്ക്കുന്നതും, സൂര്യങ്കൽ തേജസ്സിനെയും ചന്ദ്രങ്കൽ രാത്രികളെയും നിർത്തിയതും, അവരിരുവരും മങ്ങാതെ വിളങ്ങുന്നതും! 7
ഈ ജ്ഞാനരൂപനാലാണല്ലോ, ദേവന്മാർ ജോലി നടത്തുന്നതു്. ഇദ്ദേഹത്തിന്റെ രഹസ്യം നമുക്കറിഞ്ഞുകൂടാ. ഇവിടെയുള്ള മിത്രനും അദിതിയും സവിതൃദേവനും വരുണനോടു പറയട്ടെ, നാം നിരപരാധരാണെന്ന്! 8
അഗ്നേ, അങ്ങ് യജ്ഞസദനത്തിൽ ഞങ്ങളുടെ വാക്കു കേട്ടാലും: അമൃതൊഴുക്കുന്ന പള്ളിത്തേർ പൂട്ടുക; ദേവമാതാക്കളായ ദ്യാവാപൃഥിവികളെ ഞങ്ങളിൽ കൊണ്ടുവരിക. ദേവന്മാരിലാരും വരാതിരിയ്ക്കരുതു്; അങ്ങയും ഇവിടെ ഉണ്ടായിരിയ്ക്കണം! 9
[1] ദേവൻ – അഗ്നി. പോകാൻ – ദേവന്മാരെ വിളിപ്പാൻവേണ്ടി. ഉയിർ – ജ്വാല. വിളിയ്ക്കപ്പെടട്ടേ – ദേവനാൽ.
[3] ജനിച്ചവ – സസ്യങ്ങൾ. കറക്കുന്നതിനെ – മഴ പെയ്യിയ്ക്കലിനെ.
[4] അഹസ്സ് – ഒരു നാൾകൊണ്ടവസാനിയ്ക്കുന്ന കർമ്മം. സലിലം – വൃഷ്ട്യുദകം.
[5] തമ്പുരാൻ – അഗ്നി. നമ്മുടേതു – ഹവിസ്സും സ്തുതിയും. നമ്മുടെ സ്തോത്രം – മുകളിലുന്നയിച്ച സംശയത്തെ നിരാകരിയ്ക്കുന്നു.
[6] അഗമ്യയെ – ഭഗിനിയെ പുണർന്നു എന്നു പറയാൻതുടങ്ങിയിട്ട്, ഇടയിൽ വിരമിയ്ക്കുന്നു. ഇല്ല – ഭഗിനിയെ പുണർന്നിട്ടില്ല.
[7] തേജസ്സ് – പകൽ. അവരിരുവർ – സൂര്യചന്ദ്രന്മാർ.
[8] ജോലി – സ്വസ്വാധികാരം. ഇവിടെ – യജ്ഞത്തിൽ. വരുണൻ – പാപനിവാരകനായ അഗ്നി.