വിരൂപഗോത്രൻ ശതപ്രഭേദനൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
തന്തിരുവടിയുടെ ആ ബലത്തെത്തുടർന്നു സഹജീവിനികളായ ദ്യാവാപൃഥിവികളും എല്ലാദ്ദേവന്മാരും രക്ഷിയ്ക്കട്ടെ: ആ കർമ്മവാൻ സോമം കുടിച്ചു വളർന്ന്, ഇന്ദ്രിയവും മഹത്ത്വവും നേടിയല്ലോ! 1
തന്തിരുവടിയുടെ ആ ബലോൽപന്നമായ മഹിമാവിനെ വിഷ്ണു സോമലത പിഴിഞ്ഞു പുകഴ്ത്തിപ്പോരുന്നു: മഘവാവായ ഇന്ദ്രൻ സഹചാരികളായ ദേവന്മാരോടൊന്നിച്ചു വൃത്രനെക്കൊന്നതിനാൽ വരണീയനായിച്ചമഞ്ഞു! 2
ഭവാൻ ആയുധങ്ങളെടുത്തു ഹന്തവ്യനായ വൃത്രനോടു പൊരുതാൻനിന്നുവല്ലോ; അതിനെ ഞാൻ സ്തുതിയ്ക്കുന്നു. ഉഗ്ര, അന്ന് അങ്ങയുടെ മഹത്ത്വവും ഇന്ദ്രയവും മരുത്തുക്കളെല്ലാം ഉള്ളിൽക്കൊണ്ടു വർദ്ധിപ്പിച്ചു! 3
ജനിച്ചപ്പോൾത്തന്നെ ആ വീരൻ മത്സരികളെ മർദ്ദിപ്പാൻ തുടങ്ങി: താൻ തികച്ചും കണ്ടിരിയ്ക്കുന്നു, അടർക്കരുത്ത്. അദ്ദേഹം മേഘത്തെ പിളർത്തി; വെള്ളം കീഴ്പ്പോട്ടയച്ചു; സുകർമ്മേച്ഛയാൽ വിശാലമായ വിണ്ടലത്തിന്ന് ഊന്നു കൊടുത്തു! 4
പോരാ, ഇന്ദ്രൻ ഒരു വലിയ സൈന്യത്തിന്നധിപനുമായി. വലുപ്പത്താൽ വാനൂഴികളിൽ വ്യാപിച്ചു. കൂസലില്ലാതെ, മിത്രന്നും വരുണന്നും ഹവിർദ്ദാതാവിന്നും സുഖം വരുത്താൻ ഇരിമ്പുവജ്രം കയ്യിലെടുത്തു! 5
അലറിക്കൊണ്ടു നിഹനിയ്ക്കുന്ന ഇന്ദ്രന്റെ ബലത്തെ പ്രഖ്യാപിപ്പാൻ അന്നു തണ്ണീരുകൾ പാഞ്ഞൊഴുകി: അവയെ കയ്യടക്കി കൂരിരുട്ടിൽ നിന്ന വൃത്രനെ ഉഗ്രൻ ഓജസ്സുകൊണ്ടരിഞ്ഞുവല്ലോ! 6
ഇരുവരും ആദ്യം പെരുംപടകളോടേ ഒരുമ്പെട്ടു വേണ്ടുന്ന വീര്യമെടുത്തു: എന്നാൽ (വൃത്രൻ) വധിയ്ക്കപ്പെട്ടപ്പോൾ കുരിരുട്ടൊഴിഞ്ഞു; ഇന്ദ്രനോ, മഹത്ത്വത്താൽ ഒന്നാമനായി വിളിപ്പെട്ടു! 7
ഉടനേ ഋത്വിക്കുകളെല്ലാം സോമമൊരുക്കി സ്തുതിച്ച് അങ്ങയുടെ ബലം വളർത്തി. ഇന്ദ്രന്റെ കൊലയായുധം ഹന്തവ്യനായ വൃത്രനെ വധിച്ചതോടേ, അഗ്നി പല്ലുകൾകൊണ്ടെന്നപോലെ (ആളുകൾ) അന്നം ഭക്ഷിച്ചുതുടങ്ങി! 8
നിങ്ങൾ സഖ്യത്തിന്നായി, സഖാവർഹിയ്ക്കുന്ന സമർത്ഥങ്ങളായ മന്ത്രസ്തോത്രങ്ങൾ പലവുരു ചൊല്ലുവിൻ: ദഭീതിയ്ക്കുവേണ്ടി ധുനിയെയും ചുമുരിയെയും സംഹരിച്ച ഇന്ദ്രൻ സശ്രദ്ധം കേട്ടരുളും! 9
നിന്തിരുവടി നല്ല അശ്വങ്ങളോടുക്കൂടിയ വളരെദ്ധനങ്ങൾ കൊണ്ടുവന്നാലും: എന്നാൽ, എനിയ്ക്കു സ്തോത്രങ്ങൾ ചൊല്ലി പൂജിയ്ക്കാമല്ലോ; അവയാൽ ഞങ്ങൾ ദുരിതമെല്ലാം താങ്ങുമാറാകണം. അങ്ങ് ഇവിടെ ഞങ്ങളുടെ ഗാഥ മാനിച്ച് ഉൾക്കൊണ്ടാലും! 10
[1] തന്തിരുവടി – ഇന്ദ്രൻ. ആ – നമ്മെ രക്ഷിച്ചുപോരുന്ന. സഹജീവിനികൾ = ഒന്നിച്ചു ജീവിയ്കുന്നവർ. രക്ഷിയ്ക്കട്ടെ – നമ്മെ. വളർന്ന് – വലുപ്പം പൂണ്ട്. ഇന്ദ്രിയം – ഇന്ദ്രന്നു വേണ്ടുന്ന വീര്യം.
[3] പ്രത്യക്ഷോക്തി:
[4] പരോക്ഷോക്തി: മത്സരികളെ = ശത്രുക്കളെ. അടർക്കരുത്തു കണ്ടിരിയ്ക്കുന്നു – തനിയ്ക്കിത്ര യുദ്ധബലമുണ്ടെന്നറിഞ്ഞിരിയ്ക്കുന്നു.
[5] വാനൂഴികളിൽ വ്യാപിച്ചു – വാനൂഴികളിലെ വൈരികളെ വധിച്ചു എന്നു നിഷ്കർഷ്ടാർത്ഥം.
[6] നിഹനിയ്ക്കുന്ന – വൈരികളെ വധിയ്ക്കുന്ന. ഉഗ്രൻ – ബലിഷ്ഠനായ ഇന്ദ്രൻ.
[7] ഇരുവരും – ഇന്ദ്രവൃത്രന്മാർ.
[8] ആദ്യവാക്യം പ്രത്യക്ഷം: അന്നം – വൃത്രവധത്താൽ മഴയും, മഴയാൽ സസ്യങ്ങളും ഉണ്ടായിവന്നു. പല്ലുകൾ – ജ്വാലകൾ. അഗ്നിയ്ക്കു ഹവിസ്സും കിട്ടിത്തുടങ്ങി.
[9] സ്തോതാക്കളോട്: സഖാവു് – ഇന്ദ്രൻ. ദഭീതി – ഒരു രാജർഷി. ധുനിയും ചുമുരിയും – അസുരന്മാർ.
[10] പ്രത്യക്ഷോക്തി: പൂജിയ്ക്കാമല്ലോ – ദേവന്മാരെ. അവയാൽ – സ്തോത്രങ്ങൾകൊണ്ടു്. ഗാഥ – സ്തുതി.