വിരൂപഗോത്രൻ സധ്രിയോ തപഃപുത്രൻ ഘർമ്മനോ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
അഗ്ന്യാദിത്യന്മാർ ഒപ്പം മുപ്പാരിലും വ്യാപിച്ചിരിയ്ക്കുന്നു: വായു അവരുടെ പ്രീതി നേടുന്നു. തേജസ്സുറ്റ സൂര്യങ്കലണഞ്ഞ രശ്മികൾ ലോകധാരണത്തിന്നായി ദിവ്യജലം പൊഴിച്ചു! 1
ആ ത്രിലോകസ്ഥരായ മുവ്വരെയാണല്ലോ, പഠിപ്പേറിയവർ ഹവിസ്സർപ്പിപ്പാൻ അറിഞ്ഞുപാസിയ്ക്കുന്നതു്: അവരുടെ മൂലകാരണത്തെ മികച്ച ഗോപ്യകർമ്മങ്ങളിൽ പ്രവർത്തിയ്ക്കുന്ന കവികളേ അറിയൂ! 2
നല്ല പണ്ടവും നെയ്യുമണിഞ്ഞ, നാലുകോണുള്ള ഒരു യുവതിജ്ഞേയങ്ങൾ ഉടുക്കുന്നു: അവളിൽ, ഇരുവൃഷാക്കൾ അഴകോടേ ചെന്നുപവേശിയ്ക്കുന്നു; ഇവിടേയാണല്ലോ, ദേവന്മാർ പങ്കു വാങ്ങുന്നതു്! 3
ആ സുപർണ്ണൻ ഒറ്റയ്ക്ക് അന്തരിക്ഷം പുക്ക്, ഈ ലോകത്തെയെല്ലാം നോക്കുന്നു. തന്തിരുവടിയെ പരിപക്വമായ ഹൃദയംകൊണ്ടു ഞാൻ അരികേ കണ്ടു: അദ്ദേഹത്തെ അമ്മ മുകരുന്നു; അമ്മയെ അദ്ദേഹവും മുകരുന്നു! 4
ഏകനായിരിയ്ക്കുന്ന സുപർണ്ണന്നു മേധാവികളായ കവികൾ സ്തോത്രങ്ങളാൽ അനേകത്വം കല്പിയ്ക്കുന്നു; യാഗങ്ങളിൽ ഏഴു ഛന്ദസ്സുകളെടുത്തു, പന്തിരണ്ടു സോമപാത്രങ്ങൽ നിർമ്മിയ്ക്കുകയുംചെയ്യുന്നു. 5
കവികൾ ബുദ്ധികൊണ്ടു നാല്പതുപാത്രങ്ങളൊരുക്കി, പന്തിരണ്ടുവരെ ഏഴെണ്ണവുമെടുത്തു, യജ്ഞം സാധിച്ച്, ഋക്സാമങ്ങൾകൊണ്ടു രഥം സമ്പാദിയ്ക്കുന്നു! 6
തന്തിരുവടിയ്ക്കു വേറേ പതിന്നാലു വിഭൂതികളുണ്ടു്: തന്തിരുവടിയെ ഏഴു ധീമാന്മാർ സ്തുതിച്ചു സേവിയ്ക്കുന്നു. ദേവന്മാർ സോമം കുടിയ്ക്കുന്നതു യാതൊരു വഴിയിലൂടെയോ, ആ വിശാലമായ തീർത്ഥം ഇവിടെ ആർ പറഞ്ഞുതരും? 7
ആയിരമായിരം (ദേഹങ്ങളിൽ) പതിനഞ്ചു പ്രധാനാംഗങ്ങളുണ്ടു്: വാനൂഴികൾ എത്രയ്ക്കോ, അത്രയ്ക്കുതന്നെ ദേഹങ്ങളും. ആയിരങ്ങളിൽ ആയിരമുണ്ടു്, വ്യവഹാരവിശേഷങ്ങൾ: ബ്രഹ്മത്തിന്റെ രൂപങ്ങളെത്രയോ, അത്രയ്ക്കു വാക്കും! 8
ഏതൊരു ധീമാന്നറിയാം, ഛന്ദസ്സുകളുടെ ഉപയോഗം? ആർ ധിഷ്ണ്യങ്ങളെ ശരിയ്ക്കു പ്രതിപാദിയ്ക്കും? ഋത്വിക്കുകളിൽ എട്ടാമനായ ശൂരനെന്ന് ആരെ പറയും? ആരറിഞ്ഞിട്ടുണ്ടു്, ഇന്ദ്രന്റെ ഹരികളെ? 9
സൂര്യൻ മാളികയിൽ കേറിയാൽ, തേരിൻനുകങ്ങളിൽ കെട്ടിയ ചില അശ്വങ്ങൾ വാനൂഴികളുടെ അറ്റത്തോളം നടക്കും: ഇവയ്ക്കു ദേവന്മാർ വിശ്രമം നല്കുന്നു. 10
[2] മുവ്വർ – അഗ്നി, ആദിത്യൻ, വായു. കവികൾ – ക്രാന്തദർശികൾ.
[3] യുവതി – വേദി. ജ്ഞേയങ്ങൾ – കർമ്മങ്ങളോ, സ്തോത്രങ്ങളോ. ഇരുവൃഷാക്കൾ – ദമ്പതിമാർ; അഥവാ, യജമാനനും ബ്രഹ്മനും. പങ്ക് – യജ്ഞത്തിൽ തങ്ങൾക്കുള്ള ഭാഗം.
[4] സുപർണ്ണൻ – അഗ്നിയോ, വായുവോ. അമ്മ – മഴയുടെ മാതാവായ ഇടിയൊച്ച.
[6] മുൻഋക്കിലേത് വിശേഷേണ വിവരിയ്ക്കുന്നു: പന്തിരണ്ടുവരെ – ശസ്ത്രസമാപ്തിവരെ. ഏഴെണ്ണം – ഏഴു ഛന്ദസ്സുകൾ. രഥം – സ്വർഗ്ഗത്തിലെയ്ക്കുള്ള വാഹനം; പുണ്യം. അഗ്നിഷ്ടോമത്തിൽ നാല്പതു സോമപാത്രങ്ങളും പന്തിരണ്ടു ഛന്ദസ്സുകളും ഉപയോഗിയ്ക്കപ്പെടുമത്രേ.
[7] വിഭൂതികൾ – ലോകങ്ങൾ (?). ഏഴു ധീമാന്മാർ – ഹോതൃപ്രഭൃതികൾ. ആർ പറഞ്ഞുതരും – പറഞ്ഞുതരാൻ ആരും ആളാകില്ല.
[8] പതിനഞ്ച് – ചക്ഷുഃശ്രോത്രമനോവാക്പ്രാണങ്ങൾ അഞ്ച്; അമ്മയിൽനിന്നും അച്ഛങ്കൽനിന്നും വെവ്വേറെ കിട്ടിയ പഞ്ചഭൂതങ്ങൾ പത്ത്. ആയിരങ്ങളിൽ – ആയിരംദേഹങ്ങളിൽ. വാക്ക് – പേര്; ഓരോ രൂപത്തിന്നുമുണ്ടല്ലോ, ഓരോ പേര്.
[9] ധിഷ്ണ്യങ്ങൾ – ഹോതൃപ്രഭൃതികളുടെ സ്ഥാനങ്ങൾ. ഋത്വിക്കുകൾ – ഹോതൃപ്രഭൃതികളായ ഏഴുപേർ.
[10] മാളിക – തേർ എന്നർത്ഥം. ചില അശ്വങ്ങൾ – സൂര്യന്റെ ഏഴുകുതിരകൾ. വിശ്രമം നല്കുന്നു – തീറ്റ കൊടുക്കുന്നു.