വൃഷ്ടിഹവ്യപുത്രൻ ഉപസ്തുതൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ശക്വരിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
ഒരിളംപൈതൽ ചുമക്കുന്നത് ആശ്ചര്യംതന്നെ: ഇവൻ മുലകുടിയ്ക്കാൻതന്നെയും ഇരുതായാരിൽ ചെല്ലാറില്ല; അകിടില്ലാത്തവരാണ്, പെറ്റതെങ്കിൽ കൊള്ളാം. പോരാത്തതിന്നു, പിറന്നതോടേ ഇവൻ വലിയ ദൂത്യമനുഷ്ഠിച്ചു വഹിപ്പാനും തുടങ്ങി! 1
മികച്ച കർമ്മവാനായ അഗ്നിയെ വെച്ചുപോരുന്നതു ഹവിസ്സാലാണല്ലോ. അദ്ദേഹം തേജസ്സും പല്ലുകളും കാടുകളിൽ ചേർക്കും. ആ സുയജ്ഞൻ ഉയർത്തപ്പെട്ട ജ്ജുഹുവാൽ, ഒരു തടിച്ച മിടുക്കൻകാള പുൽനിലത്തെന്നപോലെ നടക്കും! 2
പക്ഷിപോലെ വൃക്ഷത്തിലിരിയ്ക്കുന്നവനും, അന്നം കൊണ്ടുവരുന്നവനും, ഇരമ്പലോടേ ചുട്ടെരിയ്ക്കുന്നവനും, സലിലോപേതനും, വായകൊണ്ടു കാളപോലെ വഹിയ്ക്കുന്നവനും, തേജസ്സുകൊണ്ടു മഹാനും, ആദിത്യൻപോലെ വഴികൾ തെളിയിക്കുന്നവനുമായ ആ ദേവനെ നിങ്ങൾ (സ്തുതിയ്ക്കുവിൻ). 3
നിർജ്ജര, ചുട്ടെരിപ്പാൻ ചുറ്റിനടക്കുന്ന ഭവാന്റെ ഇടിവു പറ്റാത്ത (പ്രഭാവം), കാറ്റുപോലെ വ്യാപിയ്ക്കും. കെല്പുറ്റ ത്രിസ്ഥാനസ്ഥനായ ഭവാങ്കൽ, യാഗത്തിന്നായി സേവിപ്പാൻ (ഋത്വിക്കുകൾ), പടയാളികൾപോലെ ഒച്ചയിട്ടുംകൊണ്ടണയുന്നു. 4
മികച്ച സ്തോതാവും, സ്തോതാക്കൾക്കു സഖാവും, സ്വാമിയുമായ ആ അഗ്നിതന്നെ അരികത്തും അകലത്തുമുള്ള (ശത്രുവിനെ) നശിപ്പിയ്ക്കും: അഗ്നി ഗായകരെ രക്ഷിയ്ക്കട്ടെ; അഗ്നി അർപ്പകരെ രക്ഷിയ്ക്കട്ടെ; അഗ്നി ഈ നമുക്ക് അന്നം തരട്ടെ! 5
ശോഭനധന, കീഴമർത്തുന്ന പെരുംകരുത്തുള്ള ജാതവേദസ്സായ ഭവാനെ സ്തുതിപ്പാൻ ഞാൻ പൊടുന്നനെ ഒരുങ്ങുന്നു: നിർജ്ജലസ്ഥലത്തുപോലും, ധർഷകമായ ധനുസ്സുകൊണ്ടുതന്നെ രക്ഷിച്ചരുളുന്ന പൂജ്യതമന്നു ഹവിസ്സും നല്കുന്നു. 6
ഇങ്ങനെ, ബലപുത്രനായ അഗ്നിയെ, വിദ്വാന്മാർ നേതാക്കളായ ആളുകളോടുകൂടി ധനാർത്ഥം സ്തുതിയ്ക്കുന്നു: ഈ യജ്ഞകാമന്മാർ, മിത്രങ്ങൾപോലെ സംതൃപ്തരായിട്ടു, ദേവന്മാർപോലെ എതിരാളികളെ കീഴമർത്തുമല്ലോ! 7
ബലവാനായ കെല്പിൻമകനേ,ഉപസ്തുതൻ നിന്തിരുവടിയ്ക്കായി ഹവിസ്സൊരുക്കി ഇപ്രകാരം സ്തോത്രം ചൊല്ലുന്നു: ഞങ്ങൾ അങ്ങയെ സ്തുതിയ്ക്കുമാറാകണം; ഞങ്ങൾ അങ്ങയെക്കൊണ്ടു സുവീരരും വളരെ വളരെ നീണ്ട ആയുസ്സു കിട്ടിയവരുമാകണം! 8
അഗ്നേ, ഇപ്രകാരം വൃഷ്ടിഹവ്യപുത്രരായ ഉപസ്തുതരെന്ന ഋഷിമാർ അങ്ങയെ സ്തുതിച്ചു: അങ്ങ് അവരെ രക്ഷിച്ചാലും; പാടുന്ന പണ്ഡിതന്മാരെയും രക്ഷിച്ചാലും; വഷട്, വഷട് എന്നു കൈ പൊകിയണഞ്ഞവരെയും, നമസ്കാരം, നമസ്കാരമെന്ന് ഒരുങ്ങിയണഞ്ഞവരെയും രക്ഷിച്ചാലും! 9
[1] ഒരിളംപൈതൽ – ജാതമാത്രനായ അഗ്നി. ചുമക്കുന്നതു് = ചുമടെടുക്കുന്നതു്, ഹവിസ്സു വഹിയ്ക്കുന്നതു്. ഇരുതായാർ – അരണികൾ. അകിടില്ലാത്തവരാണല്ലോ – ജനിപ്പിച്ചവർക്ക് അകിടില്ലല്ലോ; അതിനാൽ, കുട്ടി മുല കുടിയ്ക്കാൻ ചെല്ലാത്തതിൽ അത്ഭുതമില്ല. വഹിപ്പാനും – ദേവന്മാർക്കു ഹവിസ്സു കൊണ്ടുപോകാനും.
[2] വെച്ചുപോരുന്നതു – യഷ്ടാക്കൾ. ചേർക്കും – ചുട്ടെരിയ്ക്കും. നടക്കും – ഹവിസ്സിൽ.
[3] അന്നം – സ്തോതാക്കൾക്ക്. സലിലോപേതൻ – മഴയ്ക്കു കാരണഭൂതൻ എന്നർത്ഥം. വഹിയ്ക്കുന്നവൻ – ഹവിസ്സിനെ. ആ ദേവൻ – അഗ്നി.
[4] നിർജ്ജര – ജരാരഹിതനായ അഗ്നേ. ത്രിസ്ഥാനസ്ഥൻ – ആഹവനീയാദിസ്ഥാനസ്ഥിതൻ. ഒച്ചയിട്ടുംകൊണ്ടു് – സ്തോത്രഘോഷത്തോടേ. പടയാളികൾ അലറിക്കൊണ്ടാണല്ലോ, പോർക്കളത്തിലണയുക.
[5] ഗായകർ – സ്തോത്രം പാടുന്നവർ. അർപ്പകർ – ഹവിസ്സർപ്പിയ്ക്കുന്നവർ.
[6] നിര്‍ജ്ജലസ്ഥലത്തുപോലും – വമ്പിച്ച ശത്രുപീഡയിൽപ്പോലും. ഈ വാക്യം പരോക്ഷം: ധനുസ്സ് = വില്ലു്. പൂജ്യതമൻ – അഗ്നി.
[8] സുവീരർ – നല്ല പുത്രന്മാരോടു കൂടിയവർ.
[9] വഷട്, വഷട് എന്നു – മന്ത്രം ചൊല്ലിക്കൊണ്ടു്. കൈ പൊക്കി – ഹവിർദ്ദാനത്തിന്ന്.