സ്ഥൂരപുത്രൻ അഗ്നിയുതനോ അഗ്നിയൂപനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഇന്ദ്ര, അവിടുന്നു വീര്യം വർദ്ധിപ്പാൻ സോമം കുടിച്ചാലും; തടിച്ചുനീണ്ടവനേ, അവിടുന്നു വൃത്രനെക്കൊല്ലാൻ കുടിച്ചാലും; വിളിയ്ക്കപ്പെടുന്ന അവിടുന്നു ധനവും അന്നവും തരാൻ കുടിച്ചാലും; അവിടുന്നു മധു മതിയാവോളം കുടിച്ചിട്ട് (അഭീഷ്ടങ്ങൾ) വർഷിച്ചാലും! 1
ഇന്ദ്ര, ഈ കൊണ്ടുവന്ന അന്നസഹിതമായ സോമനീരിന്റെ നല്ല ഭാഗം അവിടുന്നു കുടിച്ചാലും; മംഗളകരനായ ഭവാൻ മനസ്സിൽ മത്തുകൊണ്ടാലും; ധനവും സൗഭാഗ്യവും തരാൻ ഇങ്ങോട്ടുവന്നാലും! 2
ഇന്ദ്ര, ദിവ്യമായ സോമം അങ്ങയ്ക്കു മത്തുണ്ടാക്കട്ടെ; ഭൂമിയിൽ പിഴിയപ്പെട്ടതും മത്തുണ്ടാക്കട്ടെ; അങ്ങ് യാതൊന്നിനാൽ ധനമുളവാക്കുമോ, അതും മത്തുണ്ടാക്കട്ടെ; അങ്ങ് യാതൊന്നിനാൽ ശത്രുക്കളെ പുറത്തിറക്കുമോ, അതും മത്തുണ്ടാകട്ടെ! 3
രണ്ടിടങ്ങളിലും മേലാളായ, സഞ്ചരിഷ്ണുവായ, വൃഷാവായ ഇന്ദ്രൻ കഴുകപ്പെട്ട സോമത്തിന്നു ഹരികളിലൂടേ വന്നെത്തട്ടെ. കൂടലരെക്കൊല്ലുന്നവനേ, യജ്ഞത്തിൽ കാളത്തോലിൽപ്പിഴിഞ്ഞു പകർന്നു വെച്ചിരിയ്ക്കുന്ന മധുവിനാൽ അവിടുന്ന് എതിർപൊരുതുന്നവർക്ക് ഒരു കാളയായിച്ചമഞ്ഞാലും! 4
അവിടുന്നു മിന്നിയ്ക്കേണ്ടുന്ന തീക്ഷ്ണായുധങ്ങൾ മിന്നിച്ചു, കർബുരരുടെ കട്ടിമെയ്യുകളും ഉടച്ചാലും: ഉഗ്രനായ ഭവാന്നു കീഴമർത്തുന്ന ബലം ഞാൻ തരാം; ഭവാൻ യുദ്ധങ്ങളിൽ നേരിട്ട് അരികളെ അരിഞ്ഞാലും! 5
ഇന്ദ്ര, ഉടയവനായ ഭവാൻ അന്നം പെരുപ്പിയ്ക്കുക. ഊറ്റക്കാരുടെ നേർക്ക്, ഉറപ്പുറ്റ വില്ലുപോലെ വീര്യവും വിരുത്തുക. ഞങ്ങളുടെ അടുക്കലെയ്ക്കു വന്നു, കരുത്താൽ കനത്ത് അധൃഷ്യനായ ഭവാൻ തിരുവുടൽ തടിപ്പിച്ചാലും! 6
പെരുമാളായ മഘവാവേ, അങ്ങയ്ക്കു തന്ന ഈ ഹവിസ്സ് അരിശപ്പെടാതെ കൈക്കൊണ്ടാലും: മഘവാവേ, ഇതങ്ങയ്ക്കു പിഴിഞ്ഞതാണു്; ഇതു് അങ്ങയ്ക്കു പചിച്ചതാണു് ഭക്ഷിച്ചാലും; ഇന്ദ്ര, കൊണ്ടുവന്നതു കുടിയ്ക്കുകയുംചെയ്താലും! 7
ഇന്ദ്ര, ഈ കൊണ്ടുവന്ന ഹവിസ്സുകൾ അവിടുന്നു ഭക്ഷിച്ചാലും – അന്നവും അപ്പവും സോമവും ചെലുത്തിയാലും. ഹവ്യവാന്മാരായ ഞങ്ങൾ അങ്ങയെ നോക്കി കാംക്ഷിയ്ക്കുന്നു; യജമാനന്റെ അഭിലാഷങ്ങൾ നിറവേറട്ടെ! 8
ഇന്ദ്രാഗ്നികൾക്കു ഞാൻ നല്ല മന്ത്രസ്തോത്രം അയയ്ക്കുന്നു – പുഴയിൽ തോണിപോലെ ഇറക്കുന്നു; യാവചില ദേവന്മാർ, വേലക്കാർപോലെ പരിചരിയ്ക്കുമോ, യാവചിലർ ഞങ്ങൾക്കു ധനം തരികയും (ശത്രുക്കളെ)പിളർത്തുകയും ചെയ്യുമോ, അവർക്കും. 9
[2] അന്നസഹിതം – ഹവിസ്സമേതം.
[3] ദിവ്യമായ സോമം – ദേവന്മാർ കറുത്ത പക്ഷത്തിൽ സോമ (ചന്ദ്രിക)കല പാനംചെയ്യുമല്ലോ. ഭൂമിയിൽ – ഭൂമിയിലെ ദേവയജനങ്ങളിൽ. അതും – ആ സോമവും. പുറത്തിറകുമോ – യുദ്ധത്തിന്നു്.
[4] രണ്ടിടങ്ങൾ – സ്വർഗ്ഗവും ഭൂമിയും. മധുവിനാൽ – മദകരമായ സോമം കുടിച്ച്. കാള – മർദ്ദകൻ എന്നർത്ഥം.
[5] കർബുരർ = രാക്ഷസർ. ബലം = ബലജനകമായ ഹവിസ്സ്.
[6] പെരുപ്പിയ്ക്കുക – ഞങ്ങൾക്ക് ഊറ്റക്കാർ – ഗർവിഷ്ഠരായ ശത്രുക്കൾ. വില്ലുപോലെ – വില്ലു വിരുത്തുന്നപോലെ. തടിപ്പിച്ചാലും – സോമപാനത്താൽ
[7] അരിശപ്പെടാതെ – പ്രസാദിച്ച്. ഇത് – സോമം. ഇത് – പുരോഡാശം.
[8] കാംക്ഷിയ്ക്കുന്നു – ധനാദിയെ.
[9] പരിചരിയ്ക്കുമോ – ഞങ്ങളെ ധനാദികൾ തന്നു പൂജിയ്ക്കുമോ. അവർക്കും – മന്ത്രസ്തോത്രം അയയ്ക്കുന്നു.