അംഗിരോഗോത്രൻ ഭിക്ഷു ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ധനാന്നദാനം ദേവത.
ക്ഷുത്തല്ല, മൃത്യുവാണ്, ദേവന്മാർ തന്നിരിയ്കുന്നതു്: കൊടുക്കാതെ ഉണ്ണുന്നവങ്കൽ മരണം വന്നെത്തുന്നു. ദാതാവിന്റെ സമ്പത്തു ക്ഷയിയ്ക്കില്ല; അദാതാവാകട്ടേ, ഒരു സുഖകരനെ കണ്ടെത്തില്ല! 1
പശിയാൽ ശേഷികെട്ടു വലഞ്ഞ്, ആഹാരം കിട്ടാൻ വന്നവനെക്കുറിച്ചു മനസ്സിളകാതെ, മുമ്പിൽവെച്ചുതന്നെ ഉണ്ണുന്ന അന്നവാനാരോ, അവനും ഒരു സുഖകരനെ കണ്ടെത്തില്ല! 2
കൊറ്റിന്നായി പിച്ചതെണ്ടുന്ന ദരിദ്രന്ന് ആർ കൊടുക്കുമോ, അവൻതന്നെയാണു്, ദാതാവ്: അവന്നു യജ്ഞത്തിൽ പൂർണ്ണഫലം ഉണ്ടാകും; മറുകക്ഷിയിലും സഖാവിനെ കിട്ടും! 3
കൂടെനിന്നു സേവിയ്ക്കുന്ന സഖാവിന്ന് ആർ ചോറുകൊടുക്കില്ലയോ, അവൻ സഖാവല്ല; അവനെ സഖാവു വിട്ടുപോയാൽ, അതു ഗൃഹവുമല്ല. അയാൾ ദാതാവായ മറ്റൊരാളെ സേവിയ്ക്കാൻ തുടങ്ങും! 4
തടിച്ചവൻ ഇരക്കുന്നവന്നു കൊടുക്കുകതന്നെ വേണം. എന്നാൽ, സുദീർഗ്ഘമായ മാർഗ്ഗം കാണും. സമ്പത്തുകൾ, രഥചക്രങ്ങൾ പോലെ തിരിഞ്ഞ്, ഓരോരുത്തനിൽ ചെന്നുകൊണ്ടിരിയ്ക്കും! 5
ദാനത്തിൽ മനസ്സു ചെല്ലാത്തവന്ന് അന്നമുണ്ടാകുന്നതു വെറുതെയാണു് – ഞാൻ വാസ്തവം പറയാം, അത് അവന്ന് ഒരു കൊലയാണു്. അര്യമാവിന്നും സഖാവിന്നും കൊടുക്കാതെ, തനിയേ സാപ്പെടുന്നവൻ വെറുംപാപിയായിത്തീരും! 6
കൊഴു കൃഷിക്കാരന്നു കൊറ്റു നല്കും; മാർഗ്ഗഗാമി നടപ്പിനാൽ മുതലുണ്ടാക്കും; ശാസ്ത്രർത്ഥം പറയുന്ന ബ്രാഹ്മണൻ, അതു പറയാൻ കഴിവില്ലാത്തവനെ വശത്താക്കും; ദാതാവ് അദാതാവിന്നു ബന്ധുവാകും! 7
ഒറ്റക്കാലൻ വളരെസ്സമയംകൊണ്ടേ ഇരുകാലന്റെ അടുക്കലെത്തൂ; ഇരുകാലൻ പിന്നാലെയേ മുക്കാലങ്കൽ ചെല്ലു; നാല്ക്കാലൻ ഒറ്റക്കാലന്റെയും മറ്റും കാൽവെപ്പുകൾ നോക്കി നിന്നുംകൊണ്ടാവും, മുന്നിൽ നടക്കുക! 8
കൈകൾ രണ്ടും ഒരുപോലെയാണെങ്കിലും ഒരുപോലെയല്ല, ജോലിയെടുക്കുക; രണ്ടു പൈക്കൾ ഒരുപോലെയല്ല, ചുരത്തുക; ഇരട്ടപെറ്റുണ്ടായവർക്ക് ഒരുപോലെയാവില്ല, വീര്യം; ഇരുവർ, ഒരു കുലത്തിൽ ജനിച്ചവരായാലും ഒരുപോലെയല്ല കൊടുക്കുക! 9
[1] ക്ഷുത്തിനെ മൃത്യു എന്നുതന്നെ വിളിയ്ക്കണം. അതിനെ ദാനംകൊണ്ടു ശമിപ്പിയ്ക്കുന്നവനത്രേ, ദാതാവ്. ഉണ്ണാത്തവരും ഉണ്ണുന്നവരും ഒരേമട്ടിൽ മരിച്ചു പോകുമെന്നിരിയ്ക്കെ. ധനനാശഹേതുവായ ദാനമെന്തിനു്? ധനം ദാനത്താൽ നശിയ്ക്കില്ല; വർദ്ധിയ്ക്കയേ ചെയ്യൂ. അദാനശീലന്നാകട്ടെ, സുഖം കിട്ടില്ല.
[2] മനസ്സിളകാത്ത – കനിവു തോന്നാത്ത. മുമ്പിൽ – ക്ഷുധാർത്തൻ കാണ്‍കെ.
[3] മറുകക്ഷി – ശത്രുപക്ഷം.
[4] വിട്ടുപോയാൽ – ആഹാരം കിട്ടാഞ്ഞ് ഉപേക്ഷിച്ചുപോയാൽ. അയാൾ – വിട്ടുപോയ സഖാവ്.
[5] തടിച്ചവൻ – പണക്കാരൻ. മാർഗ്ഗം – പുണ്യപഥം. സമ്പത്തുക്കൾ ആരിലും സ്ഥിരമായി നില്ക്കില്ല.
[6] അര്യമാവ് എന്നതുപലക്ഷണമാണു്: അര്യമപ്രഭൃതികളായ ദേവന്മാർക്കും.
[7] നടപ്പിനാൽ – ജോലികൊണ്ട് എന്നർത്ഥം മുതലുണ്ടാക്കും – സ്വാമിയ്ക്ക്.
[8] മുക്കാലൻ – മൂന്നു കാലുള്ളവൻ. പരസ്പരാപേക്ഷയാ മേന്മയും താഴ്മയും സർവസാധാരണമാണ്. അതിനാൽ, ആരും, താൻമാത്രം ധനവാൻ എന്നു കരുതാതെ യാചകർക്കു ദാനംചെയ്തുകൊണ്ടിരിയ്ക്കണം.
[9] ദാനം ഭ്രാതാവു ചെയ്തുകൊള്ളുമെന്നു സമാധാനിയ്ക്കരുത്: