അഥർവപുത്രൻ ബൃഹദ്ദിവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
യാതൊന്നോ ഉലകങ്ങളിൽ ഉൽക്കൃഷ്ടം, അതിൽനിന്നത്രേ, ഉജ്ജ്വലബലനായ ഉഗ്രൻ ജനിച്ചതു്. ജനിച്ചതോടേ അദ്ദേഹം ശത്രുക്കളെ ഹനിയ്ക്കുകയായി; സകലപ്രാണികളും അദ്ദേഹത്തെ കൊണ്ടാടുന്നു! 1
കരുത്താൽ കൈവളർന്ന് അതിബലവാനായ ആ കർശനൻ ദാസനെ പേടിപ്പിച്ചുപോന്നു. താൻ സ്ഥാവരജംഗമങ്ങളെ നന്നായി കുളിപ്പിയ്ക്കും. അങ്ങയ്ക്കു മത്തുപിടിയ്ക്കുമ്പോൾ, ജീവജാലം ഒത്തുകൂടുന്നു! 2
ഭവാങ്കലാണു്, എല്ലാവരും കർമ്മമവസാനിപ്പിയ്ക്കുന്നതു്: ഈ ആരാധകർ ഇരുവരും മുവരുമായിച്ചമയുന്നു. നിന്തിരുവടി മധുരത്തെക്കാൾ മധുരമായിട്ടൂള്ളതിനെ മധുരത്തോടു ചേർത്താലും; ആ മധുവിനെ മധുവിനെക്കൊണ്ടു വഴിപോലെ കളിപ്പിച്ചാലും! 3
ഇങ്ങനെതന്നെ മത്തിൽ മത്തിൽ സമ്പത്തടക്കുന്ന നിന്തിരുവടിയെ മേധാവികൾ സ്തുതിച്ചുപോരുന്നു. കീഴമർത്തുന്നവനേ, അങ്ങ് കെല്പും ഉറപ്പുമേറിയ (ധനം ഞങ്ങൾക്കായി) പരത്തിയാലും; ദുർന്നടപ്പുകാരായ അരക്കർ അങ്ങയെ ഉപദ്രവിയ്ക്കരുതു്! 4
ഞങ്ങൾ അങ്ങയെക്കൊണ്ടു, പോർപ്പയറ്റു ധാരാളം പഠിച്ചു, യുദ്ധങ്ങളിൽ കൊത്തിനുറുക്കും: ഞാൻ സ്തുതികൊണ്ട് അങ്ങയുടെ ആയുധങ്ങൾ ചാട്ടും! അങ്ങയ്ക്കു ഞാൻ മന്ത്രത്തോടേ അന്നങ്ങൾ വെടുപ്പിൽ വെയ്ക്കാം. 5
ആർ ബലത്താൽ ഏഴുദാനവന്മാരെ അറുത്തുവോ, വളരെപ്പടകളെയും ചെറുത്തുവോ; ആ ബഹുരൂപനായ പരമേശ്വരൻ സ്തുത്യനാണു്, അത്യുജ്ജ്വലനാണ്, പ്രാപ്തവ്യരിൽവെച്ചു പ്രാപ്തവ്യനുമാണ്! 6
അങ്ങ് അന്നംകൊണ്ടു സന്തൃപ്തനാകുന്നതെവിടെയോ, അ ഗൃഹത്തിൽ താന്നതും മികച്ചതും നിക്ഷേപിയ്ക്കും. ഇളകിക്കൊണ്ടിരുന്ന ഇരുമാതാക്കളെ ഭവാൻ ഉറപ്പിച്ചു. അതുകൊണ്ടാണല്ലോ, ഭവാൻ വളരെക്കർമ്മം സാധിച്ചതു്! 7
സ്വയം വിളങ്ങുന്ന വലിയ ഗോയൂഥത്തിന്ന് ഉടമസ്ഥൻ ആരോ, ആർ അതിന്റെ വാതിലൊക്കെ തുറന്നുവോ; ആ ഇന്ദ്രന്നു സുഖകരമാംവണ്ണം ഇതാ, സ്വർഗ്ഗം നേടിയ മുമ്പനായ ബൃഹദ്ദിവൻ സ്തോത്രം ചൊല്ലുന്നു! 8
ഇപ്രകാരം, മഹാനായ അഥർവപുത്രൻ ബൃഹദ്ദിവൻ ഇന്ദ്രനെകുറിച്ചുതന്നെ സ്വന്തം മഹാസ്തോത്രം ഉച്ചരിച്ചു: (തന്തിരുവടിയെത്തന്നെയാണു്), ഭൂമിയിലെ അനഘകളായ സോദരിമാർ പ്രീണിപ്പിയ്ക്കുന്നതും, ബലത്താൽ വളർത്തുന്നതും! 9
[1] അതിൽനിന്ന് – ബ്രഹ്മത്തിൽനിന്ന്. ഉഗ്രൻ – സൂര്യരൂപനായ ഇന്ദ്രൻ.
[2] കർശനൻ – ശത്രുക്കളെ മെലിയിയ്ക്കു(നശിപ്പിയ്ക്കു)ന്നവൻ. ദാസൻ – ഒരസുരൻ. കുളിപ്പിയ്ക്കും – മഴവെള്ളംകൊണ്ടു്. അന്തിമവാക്യം പ്രത്യക്ഷോക്തി: ഒത്തുകൂടുന്നു – ആരാധിപ്പാൻ.
[3] ഇരുവർ – പത്നീയജമാനന്മാർ. മൂവ്വർ – പുത്രജനനത്താൽ മൂന്നുപേർ. മധുരത്തെക്കാൾ മധുരമായിട്ടുള്ളതിനെ – സന്താനത്തെ. മധുരത്തോടു – പത്നിയും പതിയുമാകുന്ന ഇണയോട്, ചേർത്താലും – ദംപതിമാർക്കു പുത്രനെ നല്കിയാലും എന്നർത്ഥം. ആ മധുവിനെ (സന്താനത്തെ) മധുകൊണ്ടു (സന്താനത്തെക്കൊണ്ടു) കളിപ്പിച്ചാലും – പുത്രന്നും പുത്രനെ നല്കി ആഹ്ലാദം വരുത്തിയാലും.
[4] സമ്പത്ത് – ശത്രുധനം.
[5] അങ്ങയെക്കൊണ്ട് – ത്വദനുഗ്രഹത്താൽ. കൊത്തിനുറുക്കും – ശത്രുക്കളെ.
[6] ഏഴുദാനവന്മാരെ – വൃത്രാദികളെ. പരമേശ്വരൻ – ഇന്ദ്രൻ.
[7] താന്നതും മികച്ചതും – ഭൌമവും ദിവ്യവുമായ ധനം. ഇരുമാതാക്കളെ – ദ്യാവാപൃഥിവികളെ.
[8] മുമ്പൻ – ഋഷികളിൽ ശ്രേഷ്ഠൻ. ബൃഹദ്ദിവൻ – ഞാൻ.
[9] സോദരിമാർ – ഗംഗാനദികൾ.