പ്രജാപതിപുത്രൻ ഹിരണ്യഗർഭൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പ്രജാപതി ദേവത.
ഹിരണ്യഗർഭൻ മുമ്പേ ജനിച്ചു; ജനിച്ചപ്പോൾത്തന്നെ ഒറ്റയ്ക്കു ജഗത്തിന്റെ അധിപതിയുമായി. അവിടുന്ന് ഈ പൃഥിവിയെയും ദ്യോവിനെയും താങ്ങി. ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക 1
ആർ ആത്മാക്കളെ ഉളവാക്കുന്നുവോ, ആർ ബലം നല്കുന്നുവോ, ആരുടെ ശാസനത്തെ എല്ലാവരും – ദേവന്മാരും – തേടുന്നുവോ, ആരുടെ നിഴലാണോ, മരണരാഹിത്യവും മൃത്യുവും; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 2
ജീവിയ്ക്കുന്ന, കണ്ണിമവെട്ടുന്ന ജംഗമങ്ങൾക്കു മഹത്ത്വത്താൽ ആരൊരാളാണോ, അരചൻ; ആരാണോ, ഈ ഇരുകാലി – നാല്ക്കാലികൾക്കുടയവൻ; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 3
ഈ ഹിമവാനും മറ്റും ആരുടെ മഹത്ത്വമോ, സമുദ്രങ്ങളും സരിത്തുക്കളും ആരുടെ എന്നു പറഞ്ഞുവരുന്നുവോ, ഈ ദിക്കുകളും പ്രദിക്കുകളും ആരുടെ തൃക്കൈകളോ; ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 4
ആര്‍ ദ്യോവിനെയും ബലിഷ്ഠയായ ഭൂവിനെയും ഇളകാതാക്കിയോ, ആര്‍ സ്വര്‍ഗ്ഗത്തെയും സുര്യനെയും ഉറപ്പിച്ചുവോ, ആര്‍ അന്തരിക്ഷത്തില്‍ വെള്ളമുണ്ടാക്കുന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിക്കുക! 5
രോചിസ്സാര്‍ന്ന രോദസ്സുകള്‍ ഉറപ്പിയ്ക്കപ്പെട്ടു, രക്ഷയ്ക്കായി മനംകൊണ്ടു നോക്കുന്നതാരെയോ, ആരുടെ താങ്ങിനാല്‍ സൂര്യന്‍ ഉദിച്ചു വിളങ്ങുന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 6
അഗ്ന്യാതികളെ ജനിപ്പിയ്ക്കാന്‍ ആരെ ഗര്‍ഭത്തില്‍ ധരിച്ചാണോ, പെരിയ തണ്ണീരുകള്‍ എങ്ങും വ്യാപിച്ചത്; അതില്‍ യതൊരേകന്‍ ദേവാദികള്‍ക്കു പ്രാണനായി പിറന്നുവോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 7
യജ്ഞത്തെ ജനിപ്പിയ്ക്കാന്‍ ദക്ഷനെ ധരിച്ച തണ്ണീരുകളെ ആര്‍ മഹിമയാല്‍ നോക്കിക്കണ്ടുവോ, ആര്‍ ഒറ്റയ്ക്കു ദേവന്മാര്‍ക്കും ദേവനായോ; ആ കന്‍ എന്ന ദേവന്നു നാം ഹവിസ്സര്‍പ്പിയ്ക്കുക! 8
സത്യധർമ്മാവായ ആർ ഭൂവിനെയും, ആർ ദ്യോവിനെയും ജനിപ്പിച്ചുവോ; ആർ പെരിയ കുളിർതണ്ണീരുകളെയും ജനിപ്പിച്ചുവോ; അദ്ദേഹം നമ്മെ ദ്രോഹിയ്ക്കരുത് – ആ കൻ എന്ന ദേവന്നു നാം ഹവിസ്സർപ്പിയ്ക്കുക! 9
പ്രജാപതേ, നിന്തിരുവടിയല്ലാതെ മറ്റാരുമില്ല, ഈ ജനിച്ചവയെയെല്ലാം കൈക്കൊൾവാൻ. എന്തിച്ഛിച്ചാണോ, ഞങ്ങൾ അങ്ങയ്ക്കു ഹോമിയ്ക്കുന്നതു്, അതു ഞങ്ങൾക്കുണ്ടാകട്ടെ; ഞങ്ങൾ ധനങ്ങളുടെ ഉടമകളാകണം! 10
[1] മുമ്പേ – പ്രപഞ്ചോല്പത്തിയ്ക്കു മുമ്പ്. കൻ – പ്രജാപതിയുടെ ഒരു പേർ.
[2] ആത്മാക്കളെ – എല്ലാ ആത്മാക്കളും പരമാത്മാവിങ്കൽനിന്നാണല്ലോ, പിറക്കുന്നതു്.
[4] ആരുടെ എന്നു – ആരുടെ മഹിമയെന്ന്.
[6] രോചിസ്സ് = തിളക്കം. രോദസ്സുകൾ = വാനൂഴികൾ. ഉറപ്പിയ്ക്കപ്പെട്ടു – പ്രജാപതിയാൽ.
[7] അതിൽ – ഗർഭത്തിൽ.
[8] ദക്ഷനെ – പ്രജാപതിയെ. ദേവൻ – അധീശ്വരൻ.
[10] ഈ ജനിച്ചവയെയെല്ലാം കൈക്കൊൾവാൻ – പഞ്ചഭൂതങ്ങളെ എടുത്തു ജഗൽസൃഷ്ടി നടത്താൻ.