വസിഷ്ഠപുത്രൻ ചിത്രമഹസ്സ് ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
വസുവും, വരേണ്യനും, സുഖകരനും അതിഥിയും അസപത്നനുമായ അഗ്നിയെ ഇപ്പോൾ ചിത്രമഹസ്സെന്ന ഞാൻ സ്തുതിയ്ക്കുന്നു: ആ ഹോതാവായ ഗൃഹപതി ദുഃഖനാശിനികളായ വിശ്വധാരിണികളെയും നല്ല വീര്യവും നല്കുമല്ലോ! 1
അഗ്നേ, അവിടുന്നു പ്രസാദിച്ച്, എന്റെ സ്തുതിയിൽ ഇച്ഛവെയ്ക്കുക: സുകർമ്മാവേ, വിജ്ഞേയമെല്ലാം അങ്ങയ്ക്കറിയാമല്ലോ. നൈകൊണ്ടു തടിയ്ക്കുന്നവനേ, അങ്ങ് ബ്രാഹ്മണന്നു യജ്ഞം കിട്ടിച്ചാലും: അങ്ങയുടെ കർമ്മമനുസരിച്ചാണല്ലോ, ദേവന്മാർ (ഫലം) ഉളവാക്കുന്നതു്! 2
അഗ്നേ, ഏഴിടങ്ങളിൽ ചുറ്റിനടക്കുന്ന അമർത്ത്യനായ നിന്തിരുവടി ഹവിർദ്ദാതാവായ സുകർമ്മാവിന്നു നല്കിയാലും; ചമതയുമായി ഭവാങ്കലണയുന്നവനെയും ഭവാൻ നല്ല പുത്രരെക്കൊണ്ടും വർദ്ധിച്ചുവരുന്ന സമ്പത്തുകൊണ്ടും മാനിച്ചാലും! 3
യാഗത്തിന്റെ കൊടിമരവും, ഒന്നാമനും, പുരോഹിതനും, ബലവാനും, കേൾക്കുന്നവനും, ഉജ്ജ്വലാംഗനും, വൃഷ്ടികർത്താവും, പ്രീതിപ്പെടുത്തുന്നവനെ പ്രീതിപ്പെടുത്തുന്നവനും, ശോഭനവീര്യനുമായ അഗ്നിദേവനെ ഏഴുപേർ ഹവിസ്സെടുത്തു സ്തുതിയ്ക്കുന്നു. 4
നിന്തിരുവടി ദൂതനും ഒന്നാമനും സേവ്യനുമാണല്ലോ: അമൃതത്വത്തിന്നായി വിളിയ്ക്കപ്പെടുന്ന ആ നിന്തിരുവടി സന്തൃപ്തി പൂണ്ടാലും. അങ്ങയെ മരുത്തുക്കൾ മോടിപ്പെടുത്തുന്നു; ഹവിർദ്ദാതാവിന്റെ ഗൃഹത്തിൽ അങ്ങയെ ഭൃഗുക്കൾ സ്തോത്രങ്ങൾകൊണ്ടുജ്ജ്വലിപ്പിച്ചു! 5
അഗ്നേ, സുകർമ്മാവേ, അങ്ങ് യജ്ഞത്താൽ പ്രീണിപ്പിയ്ക്കുന്ന യജമാനനുവേണ്ടി, വിശ്വധാരിണിയായ സുദുഘയിങ്കൽനിന്നു പാൽ കറന്നെടുക്കുന്നു; നെയ്യിൽക്കുളിച്ചു മൂവിടങ്ങളെ തിളങ്ങിയ്ക്കുന്നു; ശാലയിലും യാഗത്തിലും ചുറ്റിനടന്ന്, ഒരു യഷ്ടാവിന്റെ മട്ടെടുക്കുന്നു! 6
അഗ്നേ, ഈ ഉഷസ്സു പുലരുമ്പോൾ, മനുഷ്യർ അങ്ങയെത്തന്നേ ദൂതനാക്കി യജിയ്ക്കുന്നു; ദേവന്മാരും അങ്ങയെ യാഗത്തിൽ നെയ്യുതേപ്പിച്ചു, സ്വന്തം മേന്മയ്ക്കായി വളർത്തിപ്പോരുന്നു! 7
അഗ്നേ, കെല്പുറ്റ ഭവാനെ യജ്ഞകർത്താക്കളായ വസിഷ്ഠപുത്രന്മാർ സ്തുതിച്ചു വിളിച്ചുവല്ലോ; ആ ഭവാൻ യഷ്ടാക്കളിൽ ‘ധനപോഷം’ നിക്ഷേപിച്ചാലും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 8
[1] ഗൃഹപതി – അഗ്നി. വിശ്വധാരിണികൾ – പാൽകൊണ്ടു ലോകത്തെ പോറ്റുന്നവ, പൈക്കൾ. നല്കുമല്ലോ – യജമാനർക്ക്.
[2] ബ്രാഹ്മണൻ – യജ്ഞകർത്താവ്
[3] ഏഴിടങ്ങൾ – സപ്തലോകങ്ങൾ. നല്കിയാലും – ധനം.
[4] പ്രീതിപ്പെടുത്തുന്നവനെ പ്രീതിപ്പെടുത്തുന്നവനും – യഷ്ടാവിനെ ധനം നല്കിസ്സന്തോഷിപ്പിയ്ക്കുന്നവനും. ഏഴുപേർ – ഹോതൃപ്രഭൃതികൾ.
[5] അമൃതത്വം – മരണമില്ലായ്മ. അങ്ങയെ – വൈദ്യുതാഗ്നിയായി വർത്തിയ്ക്കുന്ന ഭവാനെ.
[6] സുദുഘ – സുഖേന കറക്കാവുന്ന യജ്ഞമാകുന്ന പയ്യ്. പാൽ – ഫലം. മൂവിടങ്ങൾ – ഗാർഹപത്യാദിസ്ഥാനങ്ങൾ.
[8] യഷ്ടാക്കളിൽ – യാഗം ചെയ്യുന്ന ഞങ്ങളിൽ.