ഭൂഗുഗോത്രൻ വേനൽ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വേനൽ ദേവത.
മേഘമാകുന്ന ജരായുവിനോടുകൂടിയ ഈ വേനൻ അന്തരിക്ഷത്തിലെ രശ്മിക്കിടാങ്ങളെ താഴത്തെയ്ക്കയയ്ക്കുന്നു: വെള്ളവും സൂര്യനും ഒത്തുകൂടുന്നേടത്തു മേവുന്ന ഇദ്ദേഹത്തെ മേധാവികൾ സ്തുതികൾകൊണ്ടു്, ഒരു കുഞ്ഞിനെയെന്നപോലെ മുകരുന്നു! 1
വാനിൽപ്പിറന്ന വേനൻ അന്തരിക്ഷത്തിൽനിന്നു മഴ പൊഴിയ്ക്കുന്നു. അപ്പോൾ കമനീയന്റെ പുറം കാണാം. അദ്ദേഹം സ്വർഗ്ഗത്തിൽ വെള്ളത്തിന്മുകളിൽ വിളങ്ങുന്നു; പരിവാരങ്ങൾ പൊതുപാർപ്പിടത്തെ പുകഴ്ത്തുന്നു! 2
ഉണ്ണിയുടെ അമ്മമാർ, ഒരേസ്ഥലത്തു മേവുന്ന വളരെപ്പേർ, പൊതുസ്ഥാനത്തു ചുറ്റും ഒച്ചയിട്ടുകൊണ്ടു നില്ക്കുന്നു; വെള്ളത്തിന്റെ ഉയർന്ന ഇരിപ്പിടത്തിൽ പ്രസരിയ്ക്കുന്ന മധുരജലസ്വനങ്ങൾ (അദ്ദേഹത്തെ) മുകരുകയുംചെയ്യുന്നു! 3
മേധാവികൾ തിരുവുടൽ അറിഞ്ഞു പുകഴ്ത്തുന്നു: ആരായേണ്ടുന്ന മഹാന്റെ ഗർജ്ജിതം കേൾക്കാറുണ്ടല്ലോ. സ്തുതിച്ചു ചെല്ലുന്നവർക്കുവെള്ളം വേണ്ടുവോളം കിട്ടും: ഗന്ധർവന്റെ വരുതിയിലാണല്ലോ, അമൃതമായ ജലം! 4
ഇത്തിരിനേരം അരികിൽ പുഞ്ചിരിയിടുന്ന ഒരപ്സരസ്ത്രീ ജാരനായ വേനനെ ഉയർവാനത്തു പുലർത്തിപ്പോരുന്നു; പ്രിയന്റെ സ്ഥാനങ്ങളിൽ ചെല്ലുന്നു. അദ്ദേഹവും അരുമപ്പെട്ടു പൊന്നിൻചിറകിലിരിയ്ക്കുന്നു. 5
വൈദ്യുതാഗ്നിയുടെ ഇരിപ്പിടത്തിലെപ്പക്ഷിയും, പൊന്നിൻചിറകുകളാൽ ഭംഗിയിൽപ്പാറിപ്പറക്കുന്നവനും, വരുണന്റെ ദൂതനും, പോറ്റുന്നവനുമായ ഭവാൻ, മനസ്സുകൊണ്ടിച്ഛിയ്ക്കുന്നവർക്ക് അരികേ അന്തരിക്ഷത്തിൽ കാണുമാറാകും! 6
ഗന്ധർവൻ സ്വന്തം വിചിത്രായുധങ്ങളെടുത്ത്, ഇങ്ങോട്ടു നോക്കിക്കൊണ്ടു, മുകളിൽ അന്തരിക്ഷത്തിൽ സ്ഥിതിചെയ്യുന്നു: അഴകുറ്റരൂപം, സൂര്യൻപോലെ കാഴ്ചയ്ക്കായി പുതയ്ക്കുന്നു; അരുമപ്പെട്ട വെള്ളം ഉൽപ്പാദിപ്പിയ്ക്കുന്നു. 7
അന്തരിക്ഷത്തിൽ നീർത്തുള്ളികൾ പൂണ്ടു, കതിരവന്റെ കണ്ണിനാൽ നോക്കുന്ന വേനൻ മേഘത്തിൽ ചെല്ലുമ്പോളത്രേ, സൂര്യൻ തെളിതേജസ്സുകൊണ്ടു മൂന്നാംലോകത്തിൽ പ്രകാശിച്ചു പ്രിയപ്പെട്ട വെള്ളം പൊഴിയ്ക്കുന്നതു്! 8
[1] ജരായു – ഗർഭശിശുവിനെ പൊതിയുന്ന ഒരുതരം തൊലി, ‘മറുപിള്ള’. മേഘമാകുന്ന ജരായുവോടുകൂടിയ – മേഘത്തിന്റെ ഉള്ളിലിരിയ്ക്കുന്ന. വേനൻ – ഒരു ദേവൻ. രശ്മിക്കിടാങ്ങളെ – സൂര്യരശ്മികളുടെ കുട്ടികളായ ജലങ്ങളെ. ഒത്തുകൂടുന്നേടത്ത് – അന്തരിക്ഷത്തിൽ. കുഞ്ഞിനെയെന്നപോലെ – കുട്ടിയെ അച്ഛനമ്മമാർ മുകരുന്നതുപോലെ.
[2] കമനീയന്റെ പുറം – ആകാശം(?). പരിവാരങ്ങൾ – മേഘങ്ങൾ. പുകഴ്ത്തുന്നു – ഇടിമുഴക്കലിനെ സ്തുതിയ്ക്കലാക്കിയിരിയ്ക്കയാണു്.
[3] ഉണ്ണിയുടെ അമ്മമാർ – വൈദ്യുതാഗ്നിയുടെ മാതാക്കളായ തണ്ണീരുകൾ. ഇരിപ്പിടത്തിൽ – അന്തരിക്ഷത്തിൽ.
[4] തിരുവുടൽ (വേനന്റെ രൂപം) അറിയുന്നതു, ഇടിയൊച്ച കേട്ടിട്ടാണെന്നർത്ഥം. ഗന്ധർവന്റെ – ഉദകധാരിയായ വേനന്റെ.
[5] ഒരപ്സരസ്ത്രീ – മിന്നൽക്കൊടി. പൊന്നിൻചിറകിൽ – മേഘത്തിൽ. ഇരിയ്ക്കുന്നു – അവളോടുകൂടി.
[6] പോറ്റുന്നവൻ – മഴയാൽ ഭുവനത്തെയൊക്കെ പുലർത്തുന്നവൻ.
[7] ഗന്ധർവൻ – വേനന്‍.
[8] കതിരവന്റെ കണ്ണിനാൽ നോക്കുന്ന – സൂര്യതേജസ്സാൽ പ്രകാശിയ്ക്കുന്ന.