ഋഷിത്വം പൂണ്ട അഗ്നിയും അഗ്നിവരുണസോമന്മാരും ഋഷികൾ: ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; അഗ്നിയും, ദേവന്മാരും, ഇന്ദ്രനും ദേവതകൾ.
‘അഗ്നേ, ഭവാൻ അഞ്ചും മൂന്നും ഏഴും ചേർന്ന ഈ ഞങ്ങളുടെ യജ്ഞത്തിൽ വന്നാലും: ഞങ്ങളുടെ ഹവിസ്സു വഹിച്ചാലും; മുമ്പേ നടന്നാലും. ഭവാൻ വളരെ നാളായല്ലോ, കൂരിരുട്ടിലാണ്ടുകിടക്കുന്നു!’ 1
‘ദേവത്വം വിട്ടു ഗുഹയിൽ പാർത്ത ദേവനായ ഞാൻ യാചിയ്ക്കപ്പെട്ടതിനാൽ പുറത്തെയ്ക്കു പോന്നു നോക്കിയപ്പോൾ മരണരഹിതത്വം പ്രാപിച്ചു. ശോഭനത്തെ അശോഭനനായ ഞാൻ എപ്പോൾ പരിത്യജിയ്ക്കുമോ; അപ്പോൾ ഞാൻ, സ്വന്തംസഖ്യത്താൽ, ബന്ധുവായ അരണിയിൽ പൂകും. 2
മറ്റേപ്രദേശത്തിന്റെ അതിഥിയെ നോക്കി ഞാൻ യജ്ഞത്തിന്റെ അനേകാംഗങ്ങൾ നിർമ്മിയ്ക്കാം; ബലിഷ്ഠന്മാരായ പിതാക്കന്മാർക്കു സുഖത്തിന്നായി ഉക്ഥം ചൊല്ലാം. യജ്ഞാർഹമല്ലാത്തേടത്തുനിന്നു ഞാൻ യജ്ഞാർഹപ്രദേശത്തെയ്ക്കു പോകും. 3
ഞാൻ വളരെസ്സംവത്സരം ഇവിടെ അകത്തു പാർത്തു: ഇന്ദ്രനെ വരിച്ചു ഞാൻ അച്ഛനെ ത്യജിയ്ക്കുകയായി. അഗ്നി – വരുണ – സോമന്മാർ സ്ഥാനഭ്രഷ്ടരായിപ്പോയി. തിരിച്ചുവന്നിട്ടു ഞാൻ, എന്നെ നോക്കുന്ന രാഷ്ട്രം രക്ഷിച്ചുപോരുന്നു. 4
ആ അസുരന്മാർക്കു മായകൾ നശിച്ചുപോയി. വരുണ, ഭവാന്ന് എങ്കൽ താൽപര്യമുണ്ടെങ്കിൽ, രാജാവേ, അങ്ങ് സത്യംകൊണ്ട് അസത്യത്തെ തട്ടിനീക്കി, എന്റെ രാജ്യത്തിന്നധീശനാലും.’ 5
‘ഇതാ, സ്വർഗ്ഗം: ഇതുതന്നേ വരണീയം; ഇതാ, വെളിച്ചം വീശുന്ന വിശാലമായ അന്തരിക്ഷം. സോമ, പുറപ്പെടുക: നമുക്കു വൃത്രനെക്കൊല്ലാം. ഹവിസ്സായിരിയ്ക്കുന്ന ഭവാനെ ഞങ്ങൾ ഹവിസ്സുകൊണ്ടു യജിയ്ക്കാം.’ 6
കവി കവിത്വംകൊണ്ടു സ്വർഗ്ഗത്തിൽ തേജസ്സു ചേർക്കുന്നു. വരുണൻ വലിയ പ്രയാസമില്ലാതെ തണ്ണീരുകളെ പുറപ്പെടുവിച്ചു; ആ വിശുദ്ധകൾ നദികളായിച്ചമഞ്ഞു, ജായമാർപോലെ ക്ഷേമമുളവാക്കിക്കൊണ്ടു്, അദ്ദേഹത്തിന്റെ നിറം വഹിയ്ക്കുന്നു! 7
അവ അദ്ദേഹത്തിന്റെ മികച്ച വീര്യം ഉൾക്കൊള്ളുന്നു: അന്നംകൊണ്ടാഹ്ലാദിപ്പിയ്ക്കുന്ന അവയെ അദ്ദേഹം അഭിഗമിയ്ക്കും. പ്രജകൾ രാജാവിനെയെന്നപോലെ, അദ്ദേഹത്തെ സേവിച്ചുപോന്ന അവവൃത്രനാൽ നിരുദ്ധകളായിപ്പോയി; പിന്നെ വിടുതി നേടി! 8
ആ നിരുദ്ധകളുടെ സഖാവാണു്, ദിവ്യജലങ്ങളുടെ സഖ്യത്തിൽ വർത്തിയ്ക്കുന്ന സൂര്യനെന്നു പറഞ്ഞുവരുന്നു. യാഗത്തിന്നു വീണ്ടും വീണ്ടും എഴുന്നള്ളുന്ന ഇന്ദ്രനെ കവികൾ പുകഴ്ത്തിപ്പൂജിയ്ക്കുന്നു! 9
[1] ഭ്രാതാക്കൾ ഹവിസ്സു വഹിച്ചു മരിച്ചതിനാൽ പേടിച്ചോടി ഗുഹയിലൊളിച്ച അഗ്നിയെ ഋഷിമാർ വിളിയ്ക്കുന്നു: അഞ്ചും – യജമാനനും നാലൃത്വിക്കുകളും. മൂന്നും – പാകയജ്ഞം. ഹവിര്യജ്ഞം, സോമയജ്ഞം. ഏഴും – അഗ്നിഷ്ടോമവും, അത്യഗ്നിഷ്ടോമവും, ഉക്ഥ്യവും, ഷോഡശിയും, വാജപേയവും, അതിരാത്രവും, അപ്തോര്യോമവും. വന്നാലും – ഓടിക്കളയരുത്.
[2] അഗ്നി പറയുന്നു: യാചിയ്ക്കപ്പെട്ടതിനാൽ – ദേവന്മാരപേക്ഷിച്ചതിനാൽ. ശോഭനത്തെ – യജ്ഞത്തെ. പരിത്യജിയ്ക്കുക – യജ്ഞാവസാനത്തിൽ വിടുക. യാഗം കഴിഞ്ഞാൽ ഞാൻ സ്വന്തംസഖ്യത്താൽ (ചിരനിവാസത്താൽ) ബന്ധുവായ അരണിയിലെയ്ക്കു പോകും.
[3] മറ്റേപ്രദേശത്തിന്റെ അതിഥിയെ – സൂര്യനെ. നോക്കി – സൂര്യഗതിയനുസരിച്ചു യാഗകാലമറിഞ്ഞ് പിതാക്കന്മാർക്ക് – ദേവന്മാർക്ക്.
[4] ഇവിടെ – യജ്ഞവേദിയിൽ അച്ഛനെ – അരണിയെ. സ്ഥാനഭ്രഷ്ടരായി – ഞാൻ പോന്നു ഗുഹയിലൊളിച്ചപ്പോൾ. എന്നെ നോക്കുന്ന രാഷ്ട്രം – യാഗഭൂമി. രക്ഷിച്ചുപോരുന്നു – അസുരന്മാരിൽനിന്ന്.
[6] വരുണൻ പറയുന്നു: ഹവിസ്സായിരിയ്ക്കുന്ന ഭവാനെ – ലതയായി നില്ക്കുന്ന ദേവതാത്മാവായ അങ്ങയെ.
[7] കവി – മിത്രൻ. ആ വിശുദ്ധകൾ – തണ്ണീരുകൾ. ജായമാർപോലെ – ഭാര്യമാർ ഭർത്താവിന്നെന്നപോലെ, ലോകത്തിന്നു ക്ഷേമമുളവാക്കിക്കൊണ്ടു്.
[8] അവ – തണ്ണീരുകൾ. അന്നംകൊണ്ടു് – നെല്ലും മറ്റും ഉൽപ്പാദിപ്പിച്ച്. പിന്നെ – വൃത്രവധാനന്തരം.
[9] ആ നിരുദ്ധകൾ – തണ്ണീരുകൾ. കവികൾ – ക്രാന്തദർശികളായ ഋഷികൾ.