അംഭൃണമഹർഷിയുടെ മകൾ വാക്ക് ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പരമാത്മാവു ദേവത.
ഞാൻ രുദ്രരായും വസുക്കളായും സഞ്ചരിയ്ക്കുന്നു; ഞാൻ ആദിത്യരായും വിശ്വേദേവകളായും സഞ്ചരിയ്ക്കുന്നു. മിത്രാവരുണരിരുവരെ ഞാൻ വഹിയ്ക്കുന്നു; ഞാൻ ഇന്ദ്രാഗ്നികളെയും, ഞാൻ അശ്വികളിരുവരെയും വഹിയ്ക്കുന്നു! 1
സംഹർത്താവായ സോമനെ ഞാൻ വഹിയ്ക്കുന്നു; ത്വഷ്ടാവിനെയും പൂഷാവിനെയും ഭഗനെയും ഞാൻ വഹിയ്ക്കുന്നു. നല്ല ഹവിസ്സയയ്ക്കുന്ന, പിഴിയുന്ന യഷ്ടാവിന്നു ധനം കൊടുക്കുന്നതു ഞാനാണ്! 2
ഞാൻ രാജ്ഞിയാണു്, ധനം കിട്ടിയ്ക്കുന്നവളാണു്, അറിഞ്ഞവളാണു്, യജ്ഞാർഹരിൽ മുഖ്യയുമാണു്; ബഹുരൂപയും ബഹുക്കളിൽ ഉൾപ്പുക്കവളുമായ ആ എന്നെത്തന്നെയാണു്, ബഹുപ്രദേശങ്ങളിൽ ദേവന്മാർ അനുഷ്ഠിച്ചുപോരുന്നതു്! 3
ഭക്ഷിയ്ക്കുന്നതെന്നെക്കൊണ്ടു്; കാണുന്നതെന്നെക്കൊണ്ടു്; ശ്വസിയ്ക്കുന്നതെന്നെക്കൊണ്ടു്; ശബ്ദം കേൾക്കുന്നതെന്നെക്കൊണ്ടു് ആ എന്നെ അറിയാത്തവർ നശിച്ചുപോകും. ഹേ കേൾവിപ്പെട്ടവനേ, കേൾക്കു: പ്രയത്നപ്രാപ്യം ഭവാന്നു ഞാൻ പറഞ്ഞുതരാം – 4
സ്വയമേ ഇതു ഞാൻ പറഞ്ഞുതരാം: ദേവകളാലും മനുഷ്യരാലും സേവിയ്ക്കപ്പെട്ട വസ്തുവായ ഞാൻ, എനിയ്ക്ക് ആരിലാരിൽ ഇച്ഛ തോന്നുമോ അവനെയവനെ ഉയർത്തും: അവനെ ബ്രഹ്മാവാക്കും, ഋഷിയാക്കും, സുപ്രജ്ഞനാക്കും! 5
ഞാനാണു്, രുദ്രന്നു ബ്രഹ്മദ്വേഷിയായ ഹിംസകനെ കൊല്ലാൻ വില്ലു കുലച്ചതു്. ഞാനാണു്, ആളുകൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു്. ഞാനാണു്, വാനൂഴികളുടെ ഉള്ളിലിരിയ്ക്കുന്നതു്. 6
ഞാനാണ്, ഇതിന്റെ മുകളിൽ അച്ഛനെ പെറ്റതു്. സമുദ്രത്തിലെ വെള്ളങ്ങൾക്കുള്ളിലാകുന്നു, എന്റെ ഉൽപത്തി. അതിനാൽ ഞാൻ എല്ലാ ഭുവനങ്ങളിലും കുടികൊള്ളുന്നു; ദ്യോവിനെ ഞാൻ ദേഹം കൊണ്ടു തൊടുന്നു! 7
ഉലകെല്ലാം ഉൽപാദിപ്പിയ്ക്കുന്ന ഞാൻ, കാറ്റുപോലെ സ്വയം വീശുന്നു. ഇത്രയും പോന്ന ഞാൻ മഹത്ത്വത്താൽ ദ്യോവിന്റെ മീതെയും, ഈ ഭൂവിന്റെ മീതെയും വർത്തിയ്ക്കുന്നു! 8
[1] ഋഷി, സർവവും താൻതന്നെ എന്നു, തന്നെത്തന്നെ സ്തുതിയ്ക്കുന്നു: ഞാൻ – ബ്രഹ്മമായിച്ചമഞ്ഞ ഞാൻ.
[2] സംഹർത്താവു് – ശത്രുഹന്താവു്. അയയ്ക്കുന്ന – ദേവന്മാർക്ക്.
[3] ധനം – സ്തോതാക്കൾക്ക്. അറിഞ്ഞവൾ – പരബ്രഹ്മത്തെ സാക്ഷാൽക്കരിച്ചവൾ. ബഹുക്കളിൽ – വളരെദ്ദേഹികളിൽ. ഉൾപ്പുക്കവൾ – ജീവത്വേന പ്രവേശിച്ചവൾ. അനുഷ്ഠിച്ചുപോരുന്നതു് – ദേവന്മാരുടെ കർമ്മവും, ഞാൻതന്നെ.
[4] പ്രയത്നപ്രാപ്യം – ബ്രഹ്മം.
[5] വസ്തു – ബ്രഹ്മം.
[6] ഹിംസകനെ – ത്രിപുരാസുരനെ. ആളുകൾ – സ്തോതാക്കൾ.
[7] ഇതിന്റെ – ഭൂലോകത്തിന്റെ. അച്ഛനെ – ആകാശത്തെ. സമുദ്രത്തിലെ (അന്തരിക്ഷത്തിലെ) വെള്ളം – ദേവശരീരങ്ങൾ; അവയുടെ ഉള്ളിലിരിയ്ക്കുന്ന ബ്രഹ്മചൈതന്യമാണു്, എന്നെ ഉൽപ്പാദിപ്പിച്ചതു്. അച്ഛനായ അംഭൃണനും സമുദ്രജലാന്തർവത്തിയത്രേ. ദ്യോവിനെ – സ്വർഗ്ഗാദിവികാരത്തെയൊക്കെ.
[8] വീശുന്നു – സർവത്ര വ്യാപിയ്ക്കുന്നു. സർവോൽക്കൃഷ്ടയാണ്, ഞാൻ.