അംഗിരോഗോത്രൻ വിഹവ്യൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വദേവന്മാർ ദേവത.
അഗ്നേ, എനിയ്ക്കു യുദ്ധങ്ങളിൽ തേജസ്സുണ്ടാകട്ടെ: ഞങ്ങൾ അങ്ങയെ ജ്വലിപ്പിച്ചു തിരുവുടൽ തടിപ്പിയ്ക്കാം. ദിക്ക നാലും എന്നെ വണങ്ങട്ടെ: അങ്ങയുടെ കീഴിൽ ഞങ്ങൾ പടകളെ ജയിയ്ക്കുമാറാകണം! 1
ഇന്ദ്രൻ, മരുത്തുക്കൾ, വിഷ്ണു, അഗ്നി എന്നീ ദേവന്മാരെല്ലാം യുദ്ധത്തിൽ എന്റെയാകട്ടെ; അന്തരിക്ഷം എനിയ്ക്കു വിശാലമായ വെളിച്ചം തരട്ടെ; കാറ്റ് എന്റെ ഈ ആശയ്ക്കൊത്തു വീശട്ടെ!2
ദേവന്മാർ എങ്കൽ ധനം എത്തിയ്ക്കട്ടെ; എനിയ്ക്കു ഫലം കിട്ടട്ടെ; എനിയ്ക്കു യജ്ഞം സിദ്ധിയ്ക്കട്ടെ; ഹോതാക്കൾ ദേവന്മാരിൽ മുല്പാടണയട്ടെ; ഞങ്ങൾക്കു ദേഹസുഖവും നല്ല പുത്രന്മാരുമുണ്ടാകണം! 3
എനിയ്ക്കുവേണ്ടി, എന്റെ ഹവിസ്സുകൾകൊണ്ടു യജിയ്ക്കട്ടെ: എന്റെ മനോരഥം നിറവേറട്ടെ. ഞാൻ യാതൊരു പാപത്തിലും പെട്ടുപോകരുതു്. ഞങ്ങളെ ദേവന്മാരെല്ലാം കൂട്ടിപ്പറയട്ടെ! 4
ആറുർവീദേവിമാരേ, നിങ്ങൾ ഞങ്ങൾക്കു (ധനം) പെരുപ്പിയ്ക്കുവിൻ: ദേവന്മാരേ, ഇതിൽ നിങ്ങളെല്ലാവരും വിക്രമിച്ചാലും. ഞങ്ങളെ സന്താനവും ദേഹവും സന്ത്യജിയ്ക്കരുത്; സോമരാജാവേ, ഞങ്ങൾ ദ്രോഹിയ്ക്കടിപെടരുത്! 5
അഗ്നേ, പരിക്കു പറ്റാതെ അരികളുടെ അരിശം അടക്കുന്നവനും, രക്ഷിതാവുമായ ഭവാൻ ഞങ്ങളെ പരിപാലിച്ചാലും: അവർ ഞെരങ്ങിക്കൊണ്ടു മടങ്ങിപ്പോകട്ടെ; അവർക്കു മനോബോധം നശിയ്ക്കട്ടെ! 6
വിധാതാക്കളുടെയും വിധാതാവും, വിശ്വത്തിന്റെ സ്വാമിയും, ത്രാതാവും, എതിരാളികളെ അമർത്തുന്നവനുമായ ദേവനെ (ഞാൻ സ്തുതിയ്ക്കുന്നു.) അശ്വികളിരുവരും ബൃഹസ്പതിയും ദേവന്മാരും ഈ യജ്ഞത്തെയും യഷ്ടാവിനെയും നികൃഷ്ടതയിൽനിന്നു രക്ഷിച്ചരുളട്ടെ! 7
എങ്ങും വ്യാപിച്ച മഹാനായ, പുരുസ്തുതനായ പുരുഹൂതൻ ഈ യജ്ഞത്തിൽ നമുക്കു സുഖം തന്നരുളട്ടെ: ഹര്യശ്വ, ഇന്ദ്ര, ആ നിന്തിരുവടി ഞങ്ങളുടെ സന്തതിയെ സുഖിപ്പിച്ചാലും: ഞങ്ങളെ പീഡിപ്പിയ്ക്കരുത്; ത്യജിയ്ക്കരുത്! 8
നമ്മുടെ ശത്രുക്കൾ വിട്ടുപോകട്ടെ: ഇന്ദ്രാഗ്നികളെക്കൊണ്ടു നാം അവരെ ചതച്ചുവിടുക. വസുക്കളും രുദ്രന്മാരും ആദിത്യരും (എന്നെ) ഉയർന്ന നിലയിലാക്കട്ടെ – ബലിഷ്ഠനും അഭിജ്ഞനും അധീശ്വരനുമാക്കട്ടെ! 9
[1] പടകളെ – ശത്രുസേനകളെ.
[2] എന്റെയാകട്ടെ – എന്നെ സഹായിയ്ക്കട്ടെ എന്നർത്ഥം.
[3] ഹോതാക്കൾ – എന്റെ ഋത്വിക്കുകൾ. മുല്‍പ്പാട് – മറ്റ് ഋത്വിക്കുകളെക്കാള്‍ മുമ്പെ.
[4] ജയിയ്ക്കട്ടെ – ഋത്വിക്കുകള്‍. കൂട്ടിപ്പറയുക – പ്രശംസിയ്ക്കുക.
[5] ആറുർവീദേവിമാര്‍ – ദ്യോവും, ഭൂവും, പകലും, രാത്രിയും, ജലവും, ഓഷധിയും. ഇതിൽ – ഞങ്ങൾക്കു ധനം ലഭിപ്പാൻ. സന്താനവും ദേഹവും സന്ത്യജിയ്ക്കരുത് – ഞങ്ങൾക്കു പുത്രന്മാരും ദേഹബലവുമുണ്ടായിവരണം.
[6] അവർ – അരികൾ, ശത്രുക്കൾ.
[7] ദേവൻ – ഇന്ദ്രനോ, സവിതാവോ.