പരമേഷ്ഠി എന്ന പ്രജാപതി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പരമാത്മാവു ദേവത.
അന്ന് അസത്തുണ്ടായിരുന്നില്ല; സത്തും ഉണ്ടായിരുന്നില്ല. ലോകങ്ങളില്ല, അന്തരിക്ഷമില്ല, അതിന്റെ മുകൾത്തട്ടുമില്ല. ആവരണം എന്ത്? എവിടെ, ആർക്കു സുഖഭോഗം? എന്തായിരുന്നു, ആഴമേറിയ ഗഹനമായ ജലം? 1
അന്നു മരണമില്ല, മരണരാഹിത്യവുമില്ല; അല്ലും അഹസ്സും അറിയപ്പെട്ടിരുന്നില്ല. മായയോടു ചേർന്ന അതൊന്നേ ജീവിച്ചിരുന്നുള്ളു: അതൊഴിഞ്ഞു മറ്റൊന്നുമില്ലായിരുന്നു! 2
മുമ്പു തമസ്സുണ്ടായിരുന്നു: തമസ്സിനാൽ മൂടപ്പെട്ടതുകൊണ്ടാണ്, ഈ ലോകമെല്ലാം അറിയപ്പെടാതിരുന്നതു്. ഒരു ലഘുവസ്തുവാൽ മറയ്ക്കപ്പെട്ടിരുന്നതു യാതൊന്നോ, അത് ഏകീഭവിച്ചിരുന്നുവെങ്കിലും, തപസ്സിന്റെ മഹത്ത്വത്താൽ ഉൽപന്നമായി! 3
മുമ്പേ തിരുമനസ്സിൽ ഒരിച്ഛ തോന്നി: മുല്പാടുള്ളതു യാതൊന്നോ, അതു ബീജമായിത്തീർന്നു. സത്തിന്റെ ഹേതു അസത്താണെന്നു, ക്രാന്തദർശികൾ നെഞ്ചിൽ നിർത്തപ്പെട്ട ബുദ്ധികൊണ്ടു കണ്ടറിഞ്ഞിരിയ്ക്കുന്നു! 4
ഇവയുടെ രശ്മി എങ്ങും പരന്നു: അതു നടുവിലായിരുന്നുവോ? താഴത്തായിരുന്നുവോ? മുകളിലായിരുന്നുവോ? ഇടയിൽ ബീജകർത്താക്കളുണ്ടായി; മഹത്തുക്കളുണ്ടായി. ഭോഗ്യം താഴെയും, ഭോക്താവു മീതെയുമായി! 5
ആർ ശരിയ്ക്കറിയും? ഇവിടെ ആർ പറഞ്ഞുതരും? ഈ വിചിത്രസൃഷ്ടി എന്തിൽനിന്ന്, എന്തുകൊണ്ടുണ്ടായി? ഇതു സൃഷ്ടിയ്ക്കപ്പെട്ടതിൽപ്പിന്നെയാണു്, ദേവന്മാർ ജനിച്ചതു്; ആരറിയും, ഇന്നതിൽനിന്നുണ്ടായി എന്ന്? 6
ഈ വിചിത്രസൃഷ്ടി ആരിൽനിന്നോ, അദ്ദേഹം സൃഷ്ടിച്ചുവോ, ഇല്ലയോ ആവോ! ആർ ഇതിന്റെ അധീശനായി പരമവ്യോമത്തിൽ വാഴുന്നുവോ, അദ്ദേഹം അറിയും; അഥവാ, അറിയില്ല! 7
[1] അന്ന് – പ്രളയദശയിൽ. അസത്ത് – മൂലകാരണം. സത്ത് – ജഗത്ത്. ആവരണം, സുഖഭോഗം, ജലം എന്നിവയും ഉണ്ടായിരുന്നില്ല എന്നർത്ഥം.
[2] അത് – ബ്രഹ്മം.
[3] ലഘുവസ്തു – തമസ്സ്. തപസ്സ് – സൃഷ്ടിപര്യാലോചനമാകുന്ന തപസ്സ്.
[4] മുമ്പേ – സൃഷ്ടിയ്ക്കു മുമ്പു്. തിരുമനസ്സിൽ – ഈശ്വരന്റെ മനസ്സിൽ. മുല്പാടുള്ളതു – പ്രാണികളുടെ പുണ്യാപുണ്യകർമ്മം. നെഞ്ചിൽ നിർത്തപ്പെട്ട – പ്രാണായാമം കൊണ്ടുറപ്പിച്ച.
[5] ഇവ – അവിദ്യാ – കാമ – കർമ്മങ്ങൾ. അതു (രശ്മി, പ്രവൃത്തി) നടുവിലൊ താഴത്തോ മുകളിലോ ആദ്യം പ്രസരിച്ചതെന്നറിഞ്ഞുകൂടാ; അത്ര വേഗത്തിലായിരുന്നു. ബീജകർത്താക്കൾ – കർത്താക്കളും ഭോക്താക്കളുമായ ജീവികൾ. മഹത്തുക്കൾ – ആകാശാദികൾ. ഈശ്വരനാൽ ജഗത്തു ഭോഗ്യ – ഭോക്തൃരൂപേണ വിഭജിയ്ക്കപ്പെട്ടു; അതിൽ ഭോഗ്യം താഴെയും, ഭോക്താവു മീതെയുമായി.
[6] ദേവന്മാർക്കും അറിഞ്ഞുകൂടാ.
[7] അദ്ദേഹം – പരമേശ്വരൻ; അവിടെയ്ക്കുതന്നെയും അറിഞ്ഞുകൂടാ എന്നു വരാം.