പ്രജാപതിപുത്രൻ യജ്ഞൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പ്രജാപതി ദേവത.
നൂലുകൾകൊണ്ടു് എമ്പാടും പരത്തിയും, ഒരുനൂറ്റൊന്നുചേർന്ന ദേവകർമ്മങ്ങൾകൊണ്ടു നീട്ടിയും യാതൊരു യജ്ഞം സൃഷ്ടിയ്ക്കപ്പെട്ടുവോ, അതിനെ ഈ വന്ന പിതാക്കന്മാർ നെയ്തു പോരുന്നു: ‘ഭവാൻ പാവിടുക, ഭവാൻ ഊടിടുക’ എന്നിങ്ങനെ, യജ്ഞത്തിൽ ഇരിയ്ക്കുന്നു. 1
പുരുഷൻ ഇതുണ്ടാക്കി ചുറ്റി; പുരുഷൻ ഇവിടെയും സ്വർഗ്ഗത്തിലും വിരിച്ചു. ഈ രശ്മികൾ സദനത്തിലിരുന്നു, നെയ്യാൻ സാമങ്ങളെ ഊടുകളാക്കി! 2
ദേവന്മാരെല്ലാവരുംകൂടി പ്രജാപതിദേവനെ യജിച്ചുവല്ലോ: അത് എത്ര കാലത്തെയ്ക്കായിരുന്നു? ആരായിരുന്നു, ദേവത? നിദാനം എന്തായിരുന്നു? എന്തായിരുന്നു, നെയ്യ്? വിറക് എന്തായിരുന്നു? ഛന്ദസ്സെന്തായിരുന്നു? പ്രഉഗവും ശസ്ത്രവും എന്തായിരുന്നു? 3
അഗ്നിയും കൂട്ടുകാരിയായ ഗായത്രിയും ജനിച്ചു. ഉഷ്ണിക്കോടു കൂടി സവിതാവും, അനുഷ്ടുപ്പോടും ഉക്ഥങ്ങളോടുംകൂടി തേജസ്വിയായ സോമനും പിറന്നു; ബൃഹതി ബൃഹസ്പതിയുടെ വാക്യത്തോടു ചേർന്നു. 4
വിരാട്ട് മിത്രാവരുണന്മാരിൽ നിന്നു. ഇതിൽ അഹസ്സിന്റെ ഒരംശവും ത്രിഷ്ടുപ്പും ഇന്ദ്രങ്കൽ നിന്നു. ജഗതി ദേവന്മാരിലെല്ലാം ഉൾപ്പൂകി. അതിനാലത്രേ, ഋഷികളും മനുഷ്യരും സൃഷ്ടിയ്ക്കപ്പെട്ടത് – 5
പണ്ടു് ആ യജ്ഞം നടന്നപ്പോളാണ്, ഋഷികളും മനുഷ്യരും നമ്മുടെ പിതാക്കന്മാരും ജനിച്ചത്. ഈ യജ്ഞം എവർ അനുഷ്ഠിച്ചുവോ, ആ പൂർവന്മാരെ ഞാൻ കാഴ്ചയുള്ള മനസ്സുകൊണ്ടു കണ്ടു സ്തുതിയ്ക്കുന്നു! 6
സ്തോമങ്ങളോടും ഛന്ദസ്സുകളോടും ചേർന്നവരും, എത്ര കാലത്തെയ്ക്ക് എന്നറിഞ്ഞവരുമായ ഏഴു ദിവ്യർഷിമാർ പൂർവന്മാരുടെ വഴി കണ്ടറിഞ്ഞു, ബുദ്ധിമാന്മാരായിത്തീർന്നു, സൂതന്മാർ കടിഞ്ഞാൺപോലെ മുറുകെപ്പിടിച്ചു! 7
[1] നൂലുകൾ – ജ്യോതിഷ്ടോമാദികൾ. ഒരുനൂറ്റൊന്നു – അഗ്നിചയനം. ദേവകർമ്മങ്ങൾ – ഏകാഹ്നാദിസത്രങ്ങൾ. സൃഷ്ടിയ്ക്കപ്പെട്ടുവോ – പ്രജാപതിയാൽ. അതിനെ – യജ്ഞമാകുന്ന വസ്ത്രത്തെ. പിതാക്കന്മാർ – അംഗിരസ്സുകൾ. പാവിടുക – ശസ്ത്രങ്ങൾ ചൊല്ലുക. ഊടിടുക – യജ്ജുസ്സുകൾ ചൊല്ലുക. എന്നിങ്ങനെ – എന്നു തമ്മിൽ നിർദ്ദേശിച്ചുകൊണ്ട്.
[2] പുരുഷൻ – പ്രജാപതി. ഇത് – യജ്ഞവസ്ത്രം. ഇവിടെയും – ഭൂലോകത്തിലും. രശ്മികൾ – പ്രജാപതിയുടെ കിരണങ്ങളായ ദേവന്മാർ. സദനത്തിലിരുന്നു – വിശ്വസൃഷ്ടിയ്ക്കു ‘വിശ്വസൃജാമയന’മെന്ന യജ്ഞം ചെയ്വാൻ യജ്ഞസ്ഥലത്തുപവേശിച്ച്.
[3] അന്നു ലോകമുണ്ടായിട്ടില്ലാതിരിയ്ക്കെ, യജ്ഞവസ്തുക്കൾ എങ്ങനെ ഉണ്ടായി എന്നു ചോദിയ്ക്കുന്നു. നിദാനം – ആദികാരണം, ഫലം.
[4] മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഈ ഋക്കിലും അടുത്ത ഋക്കിലുമായി പറയുന്നു: ജനിച്ചു – യജനീയനായ പ്രജാപതിയുടെ മുഖത്തുനിന്ന്. ബൃഹസ്പതി ബൃഹസ്പതിയുടെ വാക്യത്തോടു ചേർന്നു – ബൃഹസ്പതീച്ഛന്ദസ്സോടുകൂടി ബൃഹസ്പതി ജനിച്ചു എന്നു സാരം.
[5] വിരാട്ട് എന്ന ഛന്ദസ്സോടൊപ്പം മിത്രാവരുണന്മാർ പിറന്നു. ഇതിൽ ഈ യജ്ഞത്തിൽ. അഹസ്സിന്റെ ഒരംശത്തോടും(മധ്യാഹ്നസവനത്തോടും)ത്രിഷ്ടുപ്പ് ഛന്ദസ്സോടും കൂടി ഇന്ദ്രൻ പിറന്നു. ജഗതിയോടുകൂടി ദേവന്മാരെല്ലാം പിറന്നു. ഇങ്ങനെ, ദേവതയും, ഛന്ദസ്സും പ്രഉഗ – ശസ്ത്രങ്ങളും ഇന്നിന്നതാണെന്നു പറഞ്ഞു കഴിഞ്ഞു. ബാക്കിച്ചോദ്യങ്ങളുടെ ഉത്തരം തൈത്തിരീയത്തിലും പുരുഷസൂക്തത്തിലും കാണാം: എത്ര കാലത്തെയ്ക്കു്? നൂറായിരം കൊല്ലത്തെയ്ക്ക്. നിദാനം എന്ത്? വിശ്വസൃഷ്ടി. നെയ്യ്, സർവരസോൽപാദകമായ വസന്തം. വിറക്, ഗ്രീഷ്മം.
[6] ആ പൂർവന്മാരെ – ദേവന്മാരെ.
[7] എത്ര കാലത്തെയ്ക്ക് – യജ്ഞം. പൂർവന്മാർ – അംഗിരഃപ്രഭൃതികൾ. മുറുകെപ്പിടിച്ചു – യജ്ഞാനുഷ്ഠാനത്തെ; ശരിയ്ക്കു യജ്ഞംചെയ്തുപോന്നു.