കക്ഷീവാന്റെ പുത്രൻ സുകീർത്തി ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും അശ്വികളും ദേവത.
ഇന്ദ്ര, കീഴമർത്തുന്നവനേ, ശൂര, മുന്നിലും പിന്നിലും മുകളിലും ചുവട്ടിലുമുള്ള പരിപന്ഥികളെയെല്ലാം നിന്തിരുവടി ആട്ടിപ്പായിച്ചാലും: ഞങ്ങൾ അങ്ങയുടെ വിശാലമായ ഗൃഹത്തിൽ ആഹ്ലാദിയ്ക്കുമാറാകണം!1
കൃഷിക്കാർ യവവും മറ്റും മുമ്പുപിമ്പായി വേർതിരിച്ചു, ധാരാളം കൊയ്യുമല്ലോ; അപ്രകാരം നിന്തിരുവടി, യജ്ഞഹവിസ്സു തൃജിച്ചിട്ടില്ലാത്തവർക്ക് ഇവിടെയിവിടെ ധനങ്ങൾ കല്പിച്ചരുളിയാലും! 2
ഒന്നിനെമാത്രം പൂട്ടിയ വണ്ടി സമയത്തെത്തില്ല; യുദ്ധങ്ങളിൽ കീർത്തിയും നേടില്ല. ഗോവിനെയും അശ്വത്തെയും അന്നത്തെയും ഇച്ഛിയ്ക്കുന്ന മേധാവികൾ വൃഷാവായ ഇന്ദ്രനെ സഖ്യത്തിന്നു (വിളിയ്ക്കുന്നു.) 3
അശ്വികളേ, നല്ല കോപ്പണിഞ്ഞവരും, രമണീയം വിശേഷേണ നുകരുന്നവരുമായ നിങ്ങൾ ഒത്തൊരുമിച്ച് അസുരരോടു പൊരുതുന്ന ഇന്ദ്രനെ പയറ്റുകളിൽ സംരക്ഷിച്ചുവല്ലോ! 4
ഇന്ദ്ര, അശ്വികളിരുവരും അങ്ങയെ, അച്ഛനമ്മമാർ മകനെയെന്നപോലെ പ്രശസ്തകർമ്മങ്ങൾകൊണ്ടു രക്ഷിച്ചു; മഘവാവേ, അങ്ങ് ശക്തികളോടുകൂടി രമണീയം നുകരുമ്പോൾ, സരസ്വതി അങ്ങയെ ഉപാസിച്ചു! 5
സുത്രാമാവായി മഘവാവായി വിശ്വവേദസ്സായിരിയ്ക്കുന്ന ഇന്ദ്രൻ രക്ഷകൾകൊണ്ടു തുലോം സുഖിപ്പിയ്ക്കട്ടെ; ദ്രോഹികളെ നശിപ്പിയ്ക്കട്ടെ; അഭയം തന്നരുളട്ടെ. നമ്മൾ ശോഭനവീര്യത്തിന്നുടമകളായിത്തീരണം! 6
ആ യജനീയന്നു നമ്മളിൽ നല്ല മനസ്സ് – ശുഭമായ സൌമനസ്യം – ഉളവാകണം. സുത്രാമാവായി മഘവാവായിരിയ്ക്കുന്ന ആ ഇന്ദ്രൻ ദൂരത്തുള്ള വൈരികളെയും കുഴിച്ചുമൂടട്ടെ! 7
[1] പരിപന്ഥികൾ = ശത്രുക്കൾ. അങ്ങയുടെ – ഭവാൻ തന്ന.
[2] വേർതിരിച്ചു – വെവ്വേറെ വിതച്ച്. യജ്ഞഹവിസ്സു ത്യജിച്ചിട്ടില്ലാത്ത – അർപ്പിച്ചുപോരുന്ന. ഇവർക്ക് – യജമാനർക്ക്. ഇവിടെയിവിടെ വേണ്ടുന്നിടത്തെല്ലാം.
[3] ഒന്നിനെ – ഒരു മാടിനെയോ, ഒരു കുതിരയെയോ. ഇന്ദ്രനോ, സമയത്തെത്തിയ്ക്കും; കീർത്തിയുമുളവാക്കും. ആ വൃഷാവിനെ മേധാവികൾ (ഞങ്ങൾ) സഖ്യത്തിന്നു വിളിയ്ക്കുന്നു.
[4] രമണീയം – ഹവിസ്സ്.
[5] എടുത്തുപറയുന്നു:
[6] സുഖിപ്പിയ്ക്കട്ടെ – നമ്മെ.