വാതരശനപുത്രന്മാർ ജൂതി – വാതജൂതിപ്രഭൃതികൾ ഋഷികൾ; അനുഷ്ടുപ്പ് ഛന്ദസ്സ്; അഗ്നിസൂര്യവായുക്കൾ ദേവതകൾ.
കതിരവൻ അഗ്നിയെയും, കതിരവൻ ജലത്തെയും, കതിരവൻ വാനൂഴികളെയും ഭരിയ്ക്കുന്നു: കതിരവൻ ജഗത്തെല്ലാം കാണുമാറാക്കുന്നു. ഈ ജ്യോതിസ്സിനെയാണു്, കതിരവൻ എന്നു പറയുന്നതു്. 1
കുരാൽമരവുരിയുടുക്കുന്നവരാണു്, വാതരശനപുത്രന്മാരായ മുനിമാർ: ഇവർ ദേവത്വം പ്രാപിച്ചിട്ടു, വായുവിന്റെ ഗതി പിന്തുടരുന്നു! 2
മുനിത്വംമൂലം ഇമ്പം മുഴുത്തു, വായുവിങ്കൽ വാഴുന്നവരാണു്, ഞങ്ങൾ: മനുഷ്യരേ, ഞങ്ങളുടെ ദേഹമേ നിങ്ങൾ കാണുന്നുള്ളു! 3
മുനി എല്ലാ വസ്തുക്കളെയും വെളിപ്പെടുത്തിക്കൊണ്ട്, അന്തരിക്ഷത്തിലൂടേ നടക്കുന്നു; ദേവന്റെ ദേവന്റെ സഖാവാകയാൽ, യജ്ഞം വഴിപോലെ അനുഷ്ഠിപ്പാൻ വരിയ്ക്കപ്പെട്ടുമിരിയ്ക്കുന്നു. 4
കാറ്റുണ്ണുന്നവനും, വായുവിന്റെ സഖാവുമായ മുനി ദേവനായിത്തീർന്നിട്ടു, കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങൾ രണ്ടിലും ചെല്ലുന്നു! 5
അപ്സരസ്സുകളുടെയും ഗന്ധർവരുടെയും മൃഗങ്ങളുടെയും മാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്ന കതിരവൻ ജ്ഞാതവ്യന്റെ സഖാവാണു്, വിദ്വാനാണു്, രസോൽപാദകനാണു്. തുലോം ഇമ്പപ്പെടുത്തുന്നവനുമാണു്! 6
കതിരവൻ രുദ്രനോടുകൂടി വെള്ളം പാത്രംകൊണ്ടു കുടിയ്ക്കുമല്ലോ; അതിനെ വായു കടയും; അന്തരിക്ഷവാണി പൊടിയ്ക്കും! 7
[1] ഹോമകാലം സൂര്യഗതിയ്ക്കധീനമാണല്ലോ; അതിനാലത്രേ, കതിരവൻ അഗ്നിയെ ഭരിയ്ക്കുന്നു എന്നു പറഞ്ഞതു്. ഈ – ഹസ്തനിർദ്ദേശം. ജ്യോതിസ്സ് – മണ്ഡലസ്ഥമായ തേജസ്സ്.
[2] വായുവിന്റെ ഗതി പിന്തുടരുന്നു – പ്രാണോപാസനയാൽ പ്രാണവായുക്കളായിത്തീർന്നിരിയ്ക്കുന്നു.
[3] കാണുന്നുള്ളു – ഞങ്ങളെ കാണുന്നില്ല.
[4] മുനി – ഈ ഋക്കു നിർമ്മിച്ച വൃഷാണകനെന്ന ഋഷി. നടക്കുന്നു – സൂര്യോപാസനയാൽ സൂര്യരൂപനായിത്തീർന്നിട്ട്.
[5] മുനി – കരിക്രതൻ എന്ന ഋഷി. ദേവൻ – വായുവോ, സൂര്യനോ.
[6] അപ്സരസ്സുകളുടെയും ഗന്ധർവരുടെയും മാർഗ്ഗം – അന്തരിക്ഷം. മൃഗങ്ങളുടെ മാർഗ്ഗം – ഭൂമി. കതിരവൻ – അഗ്നിയോ, വായുവോ, സൂര്യനോ. ജ്ഞാതവ്യൻ – ഈ അറിയപ്പെടേണ്ടുന്ന ഋക്കിന്റെ ഋഷിയായ ഏതശൻ.
[7] രുദ്രൻ – വൈദ്യുതാഗ്നി, പാത്രം – രശ്മിജാലം. അന്തരിക്ഷവാണി – ഇടിയൊച്ച. പൊടിയ്ക്കും – കീഴ്പോട്ടുതിർക്കാൻ, മഴ പെയ്യാൻ.