യമഗോത്രൻ കുമാരൻ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; യമൻ ദേവത.
എവിടെ നല്ല ഇലകളുള്ള വൃക്ഷത്തിൻചുവട്ടിൽ യമൻ ദേവന്മാരോടുകൂടി ഊൺകഴിയ്ക്കുന്നുവോ; അവിടെ പണ്ടേത്തവരെ അനുവർത്തിയ്ക്കണം ഞാനെന്ന്, ഞങ്ങളുടെ പ്രജാധിപനായ അച്ഛൻ ഇച്ഛിച്ചു.1
ഞാൻ പണ്ടേത്തവരെ അനുവർത്തിയ്ക്കണമെന്നിച്ഛിച്ച, ഈ ദുർബുദ്ധിയോടേ പെരുമാറിയ അദ്ദേഹത്തെ ഞാൻ കുശുമ്പോടെയാണു്, നോക്കിയതു്; എന്നാൽ പിന്നീട് എനിയ്ക്കു താൽപര്യം തോന്നി. 2
‘കുമാര, നീ ഒറ്റ ഇരുപ്പടിമാത്രമുള്ള, നീളെപ്പായുന്ന ഒരു പുതിയ വട്ടില്ലാത്തേര്‍ മനസ്സുകൊണ്ടു നിര്‍മ്മിച്ചു; ആലോചിയ്ക്കാതെ അതില്‍ കേറുകയും ചെയ്തു.3
‘കുമാര, ആ തേർ നീ മേധാവികളുടെ മീതെ ഇങ്ങോട്ടു തെളിച്ചു: അവിടെനിന്നു, തോണിയിൽ വെയ്ക്കപ്പെട്ട സാന്ത്വനം അതിന്റെ പിറകേ പോന്നു!’ 4
ആരുല്‍പാദിപ്പിച്ചു. കുമാരനെ? തേർ ആരുണ്ടാക്കി? എങ്ങനെയാണു്, ഇവനെ തിരിച്ചുകൊടുത്തതെന്നു, നമ്മോടിപ്പോൾ ആർ പറയും? 5
തിരിച്ചുകൊടുത്തതു്, അച്ഛന്റെ മുന്നുപദേശത്താലാണു്: മുമ്പേ വേർ പടർന്നു; പിന്നെ നിർഗ്ഗമനം നല്കി. 6
ഇതത്രേ, ദേവനിർമ്മിതമെന്നു പറയപ്പെടുന്ന യമന്റെ പാർപ്പിടം: ഇതാ, അദ്ദേഹത്തിന്നായി ഓടക്കുഴലൂതുന്നു; അദ്ദേഹത്തെ സ്തുതികൾ ചമയിയ്ക്കുന്നു! 7
[1] അച്ഛനായ വാജശ്രവസനാൽ യമലോകത്തെയ്ക്കുയയ്ക്കപ്പെട്ട കുമാരൻ നചികേതസ്സ് യമനെക്കണ്ടു പ്രസാദിപ്പിച്ചു, ഭൂലോകത്തെയ്ക്കുതന്നേ തിരിച്ചുപോന്നു, ഇതാണു്, ഈ ഋക്കുകളിലെ വിഷയം. അവിടെ – യമാലയത്തിൽ. പണ്ടേത്തവരെ – പിതൃക്കളെ. അനുവർത്തിയ്ക്കണം ഞാനെന്ന് – ഞാൻ (നചികേതസ്സ്) പിതൃക്കളോടൊന്നിച്ചു യമാലയത്തിൽ വസിയ്ക്കണമെന്നു്. ഞങ്ങളുടെ – എന്റെ. അച്ഛൻ – വാജശ്രവസൻ. ഉപനിഷത്തിലെ നചികേതസ്സുതന്നെയാണിതു്.
[2] പെരുമാറിയ – എന്നോടു യമസമീപത്തെയ്ക്കു പോകാൻ പറഞ്ഞ. കുശുമ്പു് – സുഖേന ജീവിയ്കുന്ന എന്നെ മൃത്യുലോകത്തെയ്ക്കയയ്ക്കയാണെന്ന അസൂയ. താൽപര്യം തോന്നി – യമസമീപത്തെയ്ക്കു പോകാൻ.
[3] യമസമീപത്തു ചെന്ന നചികേതസ്സിനോടു യമൻ പറയുന്നു. വട്ടില്ലാത്തേർ – ഇങ്ങോട്ടു പോരാനുള്ള നിശ്ചയം.
[4] മേധാവികളുടെ മീതെ – ഭൂലോകത്തിൽ മേവുന്ന സ്വബന്ധുക്കളുടെ മുകളിൽ, അന്തരിക്ഷത്തിൽ. സാന്ത്വനം പിറകേ പോന്നു – പുറപ്പെട്ട നിനക്കു പ്രത്യാഗമനോപായം അച്ഛൻ ഉപദേശിച്ചു; അതു നീ തോണി(ബുദ്ധി)യിൽവെച്ചു.
[5] മകനെ യമസമീപത്തെയ്ക്കയയ്ക്കുന്ന അച്ഛൻ അച്ഛനല്ല; അതിന്നു തേരുണ്ടാക്കിയവനും – അനുകൂലിച്ചവനും – മൂർഖൻതന്നെ. കുമാരനെ യമൻ തിരിച്ചു കൊടുത്തതു് എങ്ങനെയാണെന്ന് ആർക്കറിയാം?
[6] മുന്നുപദേശം – യമനോടു നീ ഇന്നിന്നതു പറയണമെന്ന താതോപദേശം. വേർ – ‘നീ യമാലയത്തിൽ പോക’ എന്നാജ്ഞാപിച്ച ക്രോധം. പിന്നെ – ക്രോധം നിലച്ചപ്പോൾ. നിർഗ്ഗമനം നല്കി – യമങ്കൽനിന്നു പോരാനുള്ള വഴി അച്ഛൻ പറഞ്ഞുകൊടുത്തു.