ഭരദ്വാജൻ കശ്യപൻ ഗോമതൻ അത്രി വിശ്വാമിത്രൻ ജമദഗ്നി വസിഷ്ഠൻ എന്നിവർ യഥാക്രമം ഋഷിമാർ; അനുഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
ദേവന്മാരേ, ദേവന്മാരേ, നിങ്ങൾ താന്നവനെ പേർത്തുയർത്തുവിൻ; ദേവന്മാരേ, അപരാധിയെ രക്ഷിയ്ക്കുവിൻ; ദേവന്മാരേ, പേർത്തുയിർക്കൊള്ളിയ്ക്കുവിൻ! 1
ഈ ഇരുകാറ്റുകൾ സമുദ്രത്തെക്കാളും വിദൂരത്തെയ്ക്കു വിശുന്നുണ്ടല്ലോ; ഇവയിലൊന്നു ഭവാന്നു ബലം കൊണ്ടുവരട്ടെ, മറ്റതു, പാപത്തെ പറപ്പിയ്ക്കട്ടെ! 2
കാറ്റേ, മരുന്നു കൊണ്ടുവരിക; കാറ്റേ, പാപത്തെ പറപ്പിയ്ക്കുക. എല്ലാ മരുന്നുകളുമുള്ളവനും, ദേവന്മാരുടെ ദൂതനുമായി നടക്കുന്നവനാണല്ലോ, നിന്തിരുവടി! 3
‘സുഖം തരാനും ദുഃഖം നീക്കാനുമായി ഞാൻ ഭവാങ്കൽ വന്നിരിയ്ക്കുന്നു: ഭവാനു നല്ല ബലം ഞാൻ കൊണ്ടുവന്നിട്ടുണ്ടു്; ഭവാന്റെ രോഗം ഞാൻ മാറ്റാം. 4
ഇവിടെ ഇയ്യാളുടെ പാപം നശിയ്ക്കുമാറു ദേവന്മാർ രക്ഷിയ്ക്കട്ടെ; മരുദ്ഗണം രക്ഷിയ്ക്കട്ടെ; എല്ലാ ഭൂതങ്ങളും രക്ഷിയ്ക്കട്ടെ! 5
വെള്ളംതന്നേ, മരുന്ന്: വെള്ളം രോഗങ്ങളെ ശമിപ്പിയ്ക്കും. വെള്ളംതന്നേ, എല്ലാവർക്കും മരുന്ന്: അതു ഭവാനു മരുന്നു തരട്ടെ! 6
പത്തുവിരലുള്ള രണ്ടു തൃക്കൈകളാൽ സൃഷ്ടിയ്ക്കപ്പെടുന്ന നാവ് വാക്കിന്റെ മുന്നിൽ നടക്കുന്നു; ആരോഗ്യമരുളുന്ന അവകൊണ്ടു ഞങ്ങൾ നിന്നെ തൊടാം!’ 7
[1] താന്നവനെ – താന്നവനായ എന്നെ. അപരാധിയെ – കുറ്റം ചെയ്ത എന്നെ. പേർത്തുയിർക്കൊള്ളിയ്ക്കുവിൻ – ചിരജീവിയാക്കുവിൻ.
[2] സ്തോതാവിനോടു്: ഇരുകാറ്റുകൾ – കിഴക്കൻകാറ്റും, പടിഞ്ഞാറൻ കാറ്റും.
[4] സ്തോതാവിനോടു്:
[6] അതു – വെള്ളം.
[7] തൃക്കൈകളാൽ – പ്രജാപതിയുടെ. വാക്ക് – ശബ്ദം. അവകൊണ്ടു – തൃക്കൈകൾകൊണ്ടു്. തൊടാം – മന്ത്രംകൊണ്ടു തൊടുവിയ്ക്കാം.