ഉരുപുത്രൻ അംഗൻ ഋഷി; ജഗതി ഛന്ദസ്സ്: ഇന്ദ്രൻ ദേവത.
ഇന്ദ്ര, അങ്ങയുടെ സഖ്യത്താലാണല്ലോ, ആ സ്തോതാക്കളായ യജ്ഞകോവിദന്മാർ വലനെ വെട്ടിപ്പൊളിച്ചതു്. അവിടുന്നു സ്തുതിച്ച കുത്സന്ന് ഉഷസ്സുകളെ കൊടുത്തു; വെള്ളം പുറപ്പെടുവിച്ചു; വൃത്രന്റെ വേല വ്യർത്ഥമാക്കി! 1
അങ്ങ് അമ്മമാരെ താഴത്തെയ്ക്കയച്ചു; മലകളെ ഉടച്ചു; ഗോക്കളെ കേറ്റി; പ്രിയപ്പെട്ട മധു കുടിച്ചു; വൃക്ഷങ്ങളെ തഴപ്പിച്ചു. മന്ത്രസ്തുതനായ തന്തിരുവടിയുടെ പ്രവൃത്തിയാൽ സൂര്യനും പ്രകാശിച്ചു! 2
അഭിജ്ഞനായ ഇന്ദ്രൻ ദാസന്നു പക വീളുകയും, മായാവിയായ പിപ്രു എന്ന അസുരന്റെ ഉറപ്പുറ്റ (പുരികൾ) ഋജിശ്വാവിന്നുവേണ്ടി തട്ടിയുടയ്ക്കുകയുംചെയ്തുവല്ലോ; അപ്പോളാണു്, സൂര്യൻ രഥം വാനിലെയ്ക്കു വിട്ടതു്! 3
അയാസ്യനാൽ (സ്തുതിയ്ക്കപ്പെട്ട) ധർഷകൻ അധർഷിതങ്ങളായ (പുരികൾ) തകർത്തു; അസുരന്മാരുടെ നിധികൾ മുടിച്ചു; പുരികളിലെ സ്വത്തു, സൂര്യൻ മാസംകൊണ്ടെന്നപോലെ എടുത്തു; സ്തൂയമാനനായി ശത്രുക്കളെ ഒളിവീശുന്ന (വജ്രം) കൊണ്ടു കൊയ്തു! 4
പടയ്ക്കു പരിക്കേല്ക്കാതെ വജ്രംകൊണ്ടു വൃത്രനെ കൊന്ന മഹാൻ കൊടുക്കും; ആയുധങ്ങളണയ്ക്കും. ഇന്ദ്രന്റെ സർവതസ്സംഹാരിയായ വജ്രം (കൂടലരെ) പേടിപ്പിച്ചു. അതിനാൽ പകലോൻ പുറപ്പെട്ടു; ഉഷസ്സു വണ്ടി വിട്ടു! 5
അങ്ങയുടെ ഈ വീരകർമ്മങ്ങൾമാത്രമാണു്, കേൾക്കേണ്ടവ: അങ്ങ് അയജ്ഞനായ തലവനെ ഒറ്റയ്ക്കു കൊന്നു. മാസകർത്താവിനെ വാനത്തു നിർത്തി: പിളർത്തപ്പെട്ട തേർപ്പലകയെ അച്ഛൻ താങ്ങുന്നതു്, അങ്ങയെക്കൊണ്ടാകുന്നു! 6
[1] യജ്ഞകോവിദന്മാർ – അംഗിരസ്സുകൾ. ഉഷസ്സുകളെ കൊടുത്തു – വൃത്രനാൽ മറയ്ക്കപ്പെട്ടിരുന്ന ഉഷസ്സുകളെ വെളിപ്പെടുത്തി. വേല – വൃഷ്ടിനിരോധം.
[2] അമ്മമാർ – തണ്ണീരുകൾ. മലകൾ – വലൻ ഗോക്കളെ ഒളിപ്പിച്ച ഗുഹയടച്ച പാറകൾ. മധു – ഹവിസ്സ്, സോമം. ഒടുവിലെ വാക്യം പരോക്ഷം.
[3] ദാസൻ – അസുരൻ.
[4] അയാസ്യൻ – ഋഷി. ധർഷകൻ – ഇന്ദ്രൻ. അധർഷിതങ്ങളായ – ആരാലും ആക്രമിയ്ക്കപ്പെട്ടിട്ടില്ലാത്ത. മാസംകൊണ്ടെന്നപോലെ – യഥാകാലം ഭൂമിയിലെ വെള്ളമെടുക്കുന്നതുപോലെ.
[5] കൊടുക്കും – സ്തോതാക്കൾക്കു ധനം നല്കും. അണയ്ക്കും – മൂർച്ചകൂട്ടും, പുറപ്പെട്ടു – വെളിച്ചം വീശാൻ.
[6] പ്രത്യക്ഷോക്തി: അയജ്ഞനായ തലവനെ – അസുരമുഖ്യനെ, വലനെയും മറ്റും. മാസകർത്താവു് – സൂര്യൻ. തേർപ്പലക – തേരിന്റെ ഒരു വശത്തുള്ള പലക. അച്ഛൻ – ദ്യോവ്. അങ്ങയുടെ ഓരോ കർമ്മവും അസാധാരണമാകുന്നു.