വിശ്വാവസു എന്ന ഗന്ധർവൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സവിതാവും ഗന്ധർവനും ദേവതകൾ.
സൂര്യന്റെ രശ്മിയോടുകൂടിയ, പച്ചത്തലമുടിയുള്ള സവിതാവു് എന്നെന്നും കിഴക്കു പ്രകാശമുയർത്തുന്നു: തന്തിരുവടിയുടെ അനുജ്ഞയാൽ, അറിവുറ്റ കാവല്ക്കാരനായ പൂഷാവു് ഉലകെല്ലാം നോക്കിക്കൊണ്ടു സഞ്ചരിയ്ക്കുന്നു. 1
മനുഷ്യരെ നോക്കുന്ന തന്തിരുവടി വാനൂഴികളും അന്തരിക്ഷവും നിറച്ചുകൊണ്ടു വിൺനടുവിൽ വാണരുളുന്നു: ദിഗ്വിദിക്കുകളെയും മുൻപിൻഭാഗങ്ങളെയും മധ്യത്തെയും തൃക്കൺപാർക്കുന്നു! 2
സമ്പത്തിന്റെ അടിവേരും ധനം കിട്ടിയ്ക്കുന്നവനുമായ സവിതാവു പ്രഭകളാൽ ഉലകൊക്കെ തൃക്കൺപാർക്കുന്നു. അവിടുന്നു ദേവൻപോലെ സത്യധർമ്മാവാണു്; ഇന്ദ്രൻപോലെ വിത്തമെത്തിയ്ക്കുന്നവനുമാണു്! 3
സോമമേ, ഗന്ധർവവിശ്വാവസുവിനെ കണ്ടതോടേ തണ്ണീരുകൾ യാഗത്തിന്നായി വന്നെത്തി. അതറിഞ്ഞിട്ട്, അവയെ അയച്ച ഇന്ദ്രൻ സൂര്യന്റെ അതിരുകളെ നോക്കിത്തുടങ്ങി!4
വെള്ളമുണ്ടാക്കുന്ന ദിവ്യനായ വിശ്വാവസുഗന്ധർവൻ പരമാർത്ഥമായിട്ടുള്ളതും നാമറിഞ്ഞിട്ടില്ലാത്തതും നമുക്കു പറഞ്ഞുതരട്ടെ. ഭവാൻ കർമ്മം വളർത്തി, ഞങ്ങളുടെ ബുദ്ധിയെ രക്ഷിച്ചാലും! 5
ഗന്ധർവനായ ഇന്ദ്രൻ നദികളെ ഒഴുക്കാന്‍ മേഘത്തെ കണ്ടുപിടിച്ചു; തണ്ണീർത്തൊഴിത്തിന്റെ വാതിലുകൾ തുറന്നു. അവയ്ക്ക് അമൃതു വഹിപ്പാൻ അനുമതി നല്കി. മഴക്കാറുകളിൽ മിടുക്കേതിനാണെന്നും അവിടെയ്ക്കറിയാം! 6
[1] ഉഷസ്സുദിപ്പിന്നുശേഷം സൂര്യോദയത്തിന്നു മുമ്പുള്ള കാലത്തിന്റെ അധിദേവതയത്രേ, സവിതാവു്. പൂഷാവ് – ആദിത്യൻ. നോക്കിക്കൊണ്ടു – പ്രകാശിപ്പിച്ചുകൊണ്ടു്.
[2] തന്തിരുവടി – സവിതാവ്. നിറച്ചുകൊണ്ടു – തേജസ്സിനാൽ.
[4] തന്നെത്തന്നെ സ്തുതിയ്ക്കുന്നു: സൂര്യന്റെ അതിരുകളെ (കിഴക്കുമുതലായ ദിക്കുകളെ) നോക്കിത്തുടങ്ങി – എവിടെയാണു് യജ്ഞം നടക്കുന്നതെന്നറിയാൻ.
[5] രണ്ടാമത്തെ വാക്യം പ്രത്യക്ഷോക്തി:
[6] ഗന്ധർവൻ – വജ്രധരൻ. തണ്ണീർത്തൊഴുത്തിന്റെ – ജലത്തിന്റെ നിവാസസ്ഥാനമായ മേഘത്തിന്റെ. അവ – നദികൾ. അമൃത് – ജലം. മിടുക്ക് – വർഷണസാമർത്ഥ്യം.