താപസാഗ്നി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
അഗ്നേ, അങ്ങ് ഇവിടെ ഞങ്ങളോടു സംസാരിയ്ക്കുക; ഞങ്ങളുടേനേർക്കു നന്മനസ്സു വെയ്ക്കുക. പ്രജാപാലക, ഞങ്ങൾക്കു തന്നാലും: ഞങ്ങൾക്കു ധനം തരുന്നവനാണല്ലോ, അവിടുന്ന്! 1
അര്യമാവു നമുക്കു തരട്ടെ; ഭഗൻ തരട്ടെ; ബൃഹസ്പതി തരട്ടെ; ദേവന്മാർ തരട്ടെ; സൂനൃതാദേവി നമുക്കു ധനം തരട്ടെ! 2
സോമരാജാവിനെയും, അഗ്നിയെയും, അദിതിപുത്രന്മാരെയും, വിഷ്ണുവിനെയും, സൂര്യനെയും, ബ്രഹ്മാവിനെയും, ബൃഹസ്പതിയെയും ഞങ്ങൾ രക്ഷയ്ക്കായി സ്തുതിച്ചു വിളിയ്ക്കുന്നു. 3
ശോഭനാഹ്വാനരായ ഇന്ദ്രവായുക്കളെയും ബൃഹസ്പതിയെയും ഞങ്ങൾ ഇങ്ങോട്ടു വിളിയ്ക്കുന്നു: ഞങ്ങളുടെ ആളുകൾക്കെല്ലാം ധനലാഭത്താൽ മനം തെളിയുമാറാകണം! 4
അര്യമാവിനെയും, ബൃഹസ്പതിയെയും, ഇന്ദ്രനെയും, വായുവിനെയും, വിഷ്ണുവിനെയും, സരസ്വതിയെയും, ബലവാനായ സവിതാവിനെയും ഭവാൻ ധനം തരാൻ പ്രേരിപ്പിയ്ക്കുക! 5
അഗ്നേ, അങ്ങ് അഗ്നികളോടുകൂടി, ഞങ്ങളുടെ സ്തോത്രവും യജ്ഞവും വളർത്തിയാലും; അങ്ങ് ഞങ്ങൾക്കു യാഗത്തിന്നു പണം തരുവിച്ചാലും! 6