നാലു ശാർങ്ഗപക്ഷികൾ; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
അഗ്നേ, ഇവൻ ഭവാനെത്തന്നേ സ്തുതിയ്ക്കുന്നു: ബലപുത്ര, മറ്റൊരു ശരണമില്ല. മൂന്നുനിലയുള്ള നല്ല ഗൃഹമുണ്ടല്ലോ, ഭവാന്റെ പക്കൽ. ജ്വാല കഷ്ടപ്പെടുന്ന ഞങ്ങളിൽനിന്ന് അകറ്റിയാലും! 1
അഗ്നേ, അന്നകാമനായ അങ്ങയുടെ ആവിർഭാവം ഉൽക്കൃഷ്ടമാകുന്നു: അങ്ങ്, ഒരു സചിവൻപോലെ ഭുവനത്തെയെല്ലാം വശത്താക്കിയിരിയ്ക്കുന്നു. ഞങ്ങളുടെ സ്തോത്രങ്ങൾ, അശ്വങ്ങൾപോലെ അങ്ങയെ പ്രാപിയ്ക്കുന്നു; ഇടയർപോലെ സ്വയം മുമ്പിൽ നടക്കുന്നു. 2
തേജസ്വിൻ, അഗ്നേ, അവിടുന്നു വളരെ പുല്പടർപ്പ് ചുട്ടെരിയ്ക്കും. അതിനാൽ, കൃഷിനിലങ്ങളിൽ നടക്കാം. അങ്ങയുടെ വമ്പിച്ച ആയുധത്തെ ഞങ്ങൾ അരിശപ്പെടുത്തരുതേ! 3
ഉയർന്നവയെയും താന്നവയെയും ചുട്ടെരിച്ചെത്തുന്ന ഭവാൻ, കൊള്ളയിടുന്ന പടപോലെ പലവഴിയ്ക്കോടും. കാറ്റ് അങ്ങയുടെ കത്തലിന്നിണങ്ങിവീശുമ്പോൾ അങ്ങ്, ഒരു ക്ഷുരകൻപോലെ ഭൂമിയുടെ രോമങ്ങൾ വടിച്ചുകളയും! 4
അഗ്നേ, അവിടുന്നു കൈകളാൽ തുടച്ചുനീക്കിക്കൊണ്ടു, കുനിഞ്ഞു മുകളിലെയ്ക്കു കേറുമ്പോൾ, അങ്ങയുടെ ജ്വാലാനിര, വളരെത്തേരുകൾ ഒരേവരിയായിപ്പായുന്നതുപോലെ കാണപ്പെടും! 5
അഗ്നേ, അങ്ങയുടെ ജ്വാലകൾ ഉയരട്ടെ, തേജസ്സുയരട്ടെ, പായുന്ന ഭവാന്റെ ഊക്കുകൾ ഉയരട്ടെ! ഭവാൻ വളർന്നു, പൊങ്ങുകയും താഴുകയും ചെയ്താലും; വസുക്കളെല്ലാം ഇപ്പോൾ ഭവാങ്കലണയട്ടെ! 6
ഇത് ഒരു നീരാഴിയാണു്; കടലിന്റെ ഇരിപ്പിടമാണു്. അങ്ങ് ഇവിടെനിന്നു മറ്റൊരു വഴി തീർത്ത്, അതിലൂടേ യഥേഷ്ടം പോയ്ക്കൊള്ളുക! 7
അങ്ങയുടെ വരവിലോ പോക്കിലോ പൂക്കറുക മുളയ്ക്കട്ടെ; നീരാഴികളും താമരപ്പൂക്കളും ഉണ്ടാകട്ടെ; ഇവിടെ സമുദ്രം പാർത്തുകൊള്ളട്ടെ! 8
[2] അശ്വങ്ങൾപോലെ – കുതിരകൾ യുദ്ധത്തിൽപാഞ്ഞുചെല്ലുന്നതുപോലെ. ഇടയർപോലെ – ഇടയന്മാർ മാടുകളുടെ മുമ്പിലെന്നപോലെ. മുന്നിൽ – അങ്ങയുടെ മുമ്പിൽ.
[3] ആയുധം – ജ്വാല; അതു ഞങ്ങളെ പീഡിപ്പിയ്ക്കത്തക്കവണ്ണം ഞങ്ങൾ യാതൊന്നും ചെയ്തുപോകരുതു്.
[4] ഉയർന്നവ – വൃക്ഷാദികൾ. താന്നവ – ചെടികൾ. രോമങ്ങൾ – ചെടിപ്പടർപ്പും മറ്റും.
[5] കൈകളാൽ – ജ്വാലകൾകൊണ്ടു്.
[6] വസുക്കൾ = രശ്മികളോ, ദേവന്മാരോ.
[7] ഇങ്ങനെ, ഖാണ്ഡവദാഹത്തിൽ, ജരിതാവു മുതലായ മൂന്നു പക്ഷികൾ രക്ഷയ്ക്കായി അഗ്നിയെ സ്തുതിച്ചു. നാലാമനായ സ്തംബമിത്രനെന്ന പക്ഷിയുടെ അഗ്നിസ്തുതിയാണു്, ഈ ഋക്കിലും അടുത്തതിലും: ഇത് – ഞങ്ങളുടെ വാസസ്ഥാനം. ഒരു നീരാഴിയാണു് – ചുട്ടെരിയ്ക്കാവുന്നതല്ല.
[8] ഇവിടെ സമുദ്രം പാർത്തുകൊള്ളട്ടെ – സമുദ്രത്തിന്റെ പാർപ്പിടം ദഹിപ്പിയ്ക്കാവുന്നതല്ലല്ലോ; അതുപോലെ, ഇവിടം ഭവാൻ ദഹിപ്പിയ്ക്കരുതു്.