സംഖ്യപുത്രൻ അത്രി ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; അശ്വികൾ ദേവത.
ആ കഷ്ടപ്പാടാൽ പനിപിടിച്ച അത്രിയെപ്പോലും നിങ്ങൾ ഒരശ്വത്തെപ്പോലെ വേണ്ടേടത്തെയ്ക്കു നടത്തി; കക്ഷീവാനെ നിങ്ങൾ ഒരു തേരിനെപ്പോലെ വീണ്ടും പുതുക്കി! 1
അധൃഷ്യന്മാർ ആരെ, ഒരു നടക്കുതിരയെപ്പോലെ കെട്ടിവലിച്ചുവോ, ആ അത്രിയെപ്പോലും നിങ്ങൾ, ഒരു മുറുകിയ കെട്ടുപോലെ അഴിച്ച്, അതിയുവാവാക്കി, ഈഅ ലോകത്തെയ്ക്കയച്ചു! 2
തുലോം ദർശനീയരായി വിളങ്ങുന്ന നേതാക്കളേ, നിങ്ങൾ അത്രിയ്ക്കു കർമ്മം തന്നരുളുവിൻ: എന്നാൽ സ്തോതാവിന്റെ സ്തോത്രവും നേതാകളായ നിങ്ങളിൽ വീണ്ടും വന്നെത്തും! 3
ശോഭനധനന്മാരായ അശ്വികളേ, ഞങ്ങളുടെ സ്തുതിയും അർപ്പണവും നിങ്ങൾക്കറിയാം: നേതാക്കളേ, വിശാലമായ യജ്ഞസദനത്തിലെങ്ങും ഞങ്ങളെ രക്ഷിയ്ക്കാറുമുണ്ടല്ലോ, നിങ്ങൾ! 4
നാസത്യന്മാരേ, ഉദധിയിൽ ഉഴിഞ്ഞാലാടിയ ഭുജ്യുവിനെ നിങ്ങൾ പായ്ത്തോണികൾകൊണ്ടു വെള്ളത്തിൽനിന്നു കരയ്ക്കണച്ചു; സേവനസമർത്ഥനുമാക്കി! 5
സർവജ്ഞരായ നേതാക്കളേ, നിങ്ങൾ രണ്ടു തിരുമേനിമാർപോലെ സുഖങ്ങളൊടേ വലിയ ദാനത്തിനു വന്നെത്തി, ധാരാളം പാൽ പയ്യിന്റെ അകിടിനെയെന്നപോലെ, ഞങ്ങളെ ചമയിയ്ക്കുവിൻ! 6
[1] പ്രത്യക്ഷോക്തി: കഷ്ടപ്പാടാൽ – അസുരന്മാർ യന്ത്രത്തിൽ പിടിച്ചിട്ടതിനാൽ. പനിപിടിച്ച – രോഗിയായിത്തീർന്ന. അത്രിയെ – എന്നെ. ഒരു മന്ദബുദ്ധിയായിരുന്ന കക്ഷീവാനെ നിങ്ങൾ മികച്ച ബുദ്ധിമാനാക്കി.
[2] അധൃഷ്യന്മാർ – ബലിഷ്ഠരായ അസുരന്മാർ.
[3] സ്തോതാവിന്റെ – എന്റെ.
[4] അർപ്പണം – ഹവിർദ്ദാനം.
[5] ഉഴിഞ്ഞാലാടിയ – തിരമാലയിലലഞ്ഞ. സേവനസമർത്ഥൻ – നിങ്ങളെ സേവിപ്പാൻ കഴിവുള്ളവൻ.
[6] തിരുമേനിമാർ – രാജാക്കന്മാർ. സുഖങ്ങളോടേ – ഞങ്ങൾക്കു തരാൻ സുഖങ്ങളുംകൊണ്ടു്. ചമയിയ്ക്കുവിൻ – ധനങ്ങൾകൊണ്ടലംകരിയ്ക്കുവിൻ, ധനസമൃദ്ധരാക്കുവിൻ.