താർക്ഷ്യപുത്രൻ സുപർണ്ണനോ യമഗോത്രൻ ഊർദ്ധ്വകൃശനോ ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും വിഷ്ടാരപംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ഇതാ, അമൃതത്വം കിട്ടിയ്ക്കുന്നതും, സർവജീവാതുവും ബലപ്രദവുമായ സോമം വിധാതാവായ ഭവാന്നായി ഒരശ്വംപോലെ പുറപ്പെടുന്നു! 1
ഇതാ, ഞങ്ങൾക്കു കല്പിച്ചുതരുന്നവന്റെ സ്തുത്യമായ വജ്രം അത്യന്തം വിളങ്ങുന്നു: തന്തിരുവടി ഊർദ്ധ്വകൃശനനെന്ന സ്തോതാവിനെ പോറ്റുന്നു; ഋഭുപോലെ, ഇമ്പപ്പെടുത്തുന്ന കർമ്മിയെയും പോറ്റുന്നു! 2
ഈ സ്വകീയരിൽ അന്തസ്സോടേ ചെല്ലുന്ന ധർഷയിതാവു കർമ്മവാനായ സുപർണ്ണന്ന് ഉൽകൃഷ്ടപ്രജ്ഞന്മാരെ ഉദ്ഭാസിപ്പിയ്ക്കട്ടെ! 3
നൂറുകണക്കിൽ ധനമുളവാക്കുന്നതും, വൃത്രനെ ആട്ടിപ്പായിച്ചതുമായ യാതൊന്നിനെ താർക്ഷ്യപുത്രൻ സുപർണ്ണൻ ദൂരത്തുനിന്നു കൊണ്ടുവന്നുവോ – 4
ബാധകരഹിതമായി, അന്നജനകമായി, അഴകിൽ വിളങ്ങുന്ന യതൊന്നിനെ പരുന്തു് അങ്ങയ്ക്കായി റാഞ്ചി കൊണ്ടുവന്നുവോ – ആ ഈ അന്നം ജീവിപ്പാൻ ആയുസ്സു വളർത്തി; ഇതു ബന്ധുവർഗ്ഗത്തെ ഉണർത്തി! 5
ഇപ്രകാരം ആ സോമം കുടിച്ച ഇന്ദ്രൻ സ്തോതാക്കളിലും ഒരു മഹാതേജസ്സിയറ്റുന്നു. സുകർമ്മാവേ, കർമ്മംമൂലം അന്നവും ആയുസ്സും വളർത്തപ്പെട്ടുവല്ലോ; ഇതാ, ഞങ്ങൾ അറിഞ്ഞു പിഴിഞ്ഞുവെച്ചിരിയ്ക്കുന്നു! 6
[1] പ്രത്യക്ഷോക്തി:
[2] പരോക്ഷം: തരുന്നവന്റെ – ഇന്ദ്രന്റെ. സ്തോതാവിനെ – എന്നെ. ഋഭു – മൂന്നു സുധന്വപുത്രന്മാരിൽ ഒന്നാമൻ കർമ്മി – യജമാനൻ.
[3] ഈ സ്വകീയർ – യജമാനർ ധർഷയിതാവ് – ഇന്ദ്രൻ. സുപർണ്ണന്ന് – എനിയ്ക്. ഉൽക്കൃഷ്ടപ്രജ്ഞന്മാരെ ഉദ്ഭാസിപ്പിയ്ക്കട്ടെ – മികച്ച ബുദ്ധിയുള്ള പുത്രാദികളെ തരട്ടെ എന്നർത്ഥം.
[5] പരുന്ത് – സുപർണ്ണൻ.
[6] സുകർമ്മാവേ ഇത്യാദി പ്രത്യക്ഷോക്തി: അന്നവും ആയുസ്സും വളർത്തപ്പെട്ടുവല്ലോ – ഭവാനാൽ; ഭവാൻ ഞങ്ങളുടെ കർമ്മത്താൽ പ്രസാദിച്ചു, ഞങ്ങൾക്ക് അന്നവും ആയുസ്സും വർദ്ധിപ്പിച്ചുവല്ലോ. വെച്ചിരിയ്ക്കുന്നു – അങ്ങയ്ക്കു സോമം.