ശിരീഷപുത്രൻ സുവേദസ്സ് ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
വജ്രപാണേ, തള്ളിനീക്കേണ്ടുന്ന വൃത്രനെ വധിച്ചു ഭവാൻ വെള്ളം ഇങ്ങോട്ടയച്ചുവല്ലോ; ഭവാന്റെ ആ മുന്തിയ തേജസ്സിനെ ഞാൻ ബഹുമാനിയ്ക്കുന്നു. വാനൂഴികൾ രണ്ടും അങ്ങയുടെ വരുതിയിലായല്ലോ; അപ്പോൾ അന്തരിക്ഷവും അങ്ങയുടെ ബലത്താൽ വിറക്കൊണ്ടു! 1
അനവദ്യ, അവിടുന്നു യശസ്സിച്ഛിച്ചു, മായാവിയായ വൃത്രനെ ബുദ്ധികൌശലത്താൽ വലച്ചു. നേതാക്കൾ ഗോക്കളെ കണ്ടുപിടിയ്ക്കുന്നതിൽ അങ്ങയെത്തന്നെ വരിച്ചു; പ്രാർത്ഥനീയങ്ങളായ എല്ലാ യാഗങ്ങളിലും അങ്ങയെ വരിച്ചു. 2
പുരുഹൂത, അങ്ങ് ഈ സ്തോതാക്കളിൽ താൽപര്യം പൂണ്ടാലും: മഘവാവേ, വളർന്നു ധനം നേടുമല്ലോ, ഇവർ. പുത്രന്നും പൗത്രന്നും ലജ്ജാകരമല്ലാത്ത സമ്പത്തിന്നും മറ്റു ഫലങ്ങൾക്കുംവേണ്ടി ഇവർ ബലവാനായ ഭവാനെത്തന്നേ യജ്ഞത്തിൽ പൂജിച്ചുപോരുന്നു! 3
ആർ തന്തിരുവടിയ്ക്ക് ഊക്കിനൊത്ത ലഹരി വരുത്തുമോ, അവന്നു പൊടുന്നനെ സുഭൃതമായ സമ്പത്തു കിട്ടും; മഘവാവേ, അങ്ങയാൽ വളർത്തപ്പെട്ട ആ യ്ഷ്ടാവു പെട്ടെന്ന് ആൾക്കാരെക്കൊണ്ട് അന്നവും ധനവും സമ്പാദിയ്ക്കും! 4
മഘവാവേ, മികവിൽ പുകഴത്തപ്പെടുന്ന നിന്തിരുവടി ബലം തഴപ്പിച്ചാലും; ധനം തന്നാലും. ഹേ ദർശനീയ, വീതിയ്ക്കുന്ന ഭവാൻ, മിത്രൻപോലെയും വരുണൻപോലെയും ബുദ്ധിയിരുത്തി, ഞങ്ങൾക്കിപ്പോൾ അന്നം തന്നരുളും! 5