വേനപുത്രൻ പൃഥു ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഇന്ദ്ര, മഹാബല, ഞങ്ങൾ പിഴിഞ്ഞ്, അന്നമൊരുക്കി, നിന്തിരുവടിയെ സ്തുതിയ്ക്കുന്നു: അങ്ങയ്ക്കിഷ്ടം യാതൊന്നോ, ആ ശോഭനധനം ഞങ്ങൾക്കു കിട്ടിച്ചാലും; ഞങ്ങൾ അങ്ങയാൽ രക്ഷിതരായിട്ടു സമ്പത്തു സ്വയം നേടുമാറാകണം! 1
ശൂര, ഇന്ദ്ര, മഹാനായ ഭവാൻ ജനിച്ച ഉടൻതന്നേ അസുരന്മാരെ – മടയിൽക്കടന്നു മറഞ്ഞവനെയും, വെള്ളത്തിലൊളിച്ചവനെയും – സൂര്യരൂപത്താൽ കീഴമർത്തിയല്ലോ; മഴ കിട്ടുകയാൽ ഞങ്ങളും ഇപ്പോൾ സോമം ഒരുക്കുന്നു. 2
മേധാവിയും, ഋഷിമാരുടെ സ്തോത്രത്തിൽ തൽപരനും, വിദ്വാനും, സ്വാമിയുമായ ഭവാൻ സ്തുതികളെ കൊണ്ടാടിയാലും: ഞങ്ങൾ സോമങ്ങൾകൊണ്ടു പ്രീതിപ്പെടുത്തുമാറാകണം; തേരിലെഴുന്നള്ളുവനേ, അങ്ങയ്ക്കിതാ, ഭക്ഷ്യങ്ങളൂം! 3
ഇന്ദ്ര, ഇതാ, നിന്തിരുവടിയ്ക്കായി മികച്ച സ്തോത്രങ്ങൾ ചൊല്ലുന്നു: ശൂര, ഭവാൻ മനുഷ്യനേതാക്കൾക്കു ബലം നല്കിയാലും; അങ്ങ് ആരെ ഇച്ഛിയ്ക്കുന്നുവോ, അവരുടെ കർമ്മങ്ങളിൽ സംബന്ധിയ്ക്കുക; സ്തോതാക്കളെയും സംഘത്തെയും രക്ഷിച്ചാലും! 4
ശൂര, ഇന്ദ്ര, പൃഥുവിന്റെ വിളി കേൾക്കുക. അങ്ങയെ വേനപുത്രൻ മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കുന്നു: ഇവൻ അങ്ങയുടെ സജലമായ സദനത്തെ സ്തുതിച്ചുവല്ലോ. മറ്റു സ്തോതാക്കളും, നിമ്നങ്ങളിലൂടേ നീർക്കുത്തെന്നപോലെ, പായുന്നു! 5