ഹിരണ്യസ്തൂപപുത്രൻ അർച്ചത്ത് ഋഷി; ത്രിഷ്ടുപ്പ് ഛന്ദ്സ്സ്; സവിതാവ് ദേവത.
സവിതാവ് പാശങ്ങൾ കൊണ്ടു ഭൂമിയെ സുഖപ്പെടുത്തുന്നു: സവിതാവ് ഒരു പിടിപാടുമില്ലാത്തേടത്തു വിണ്ടലത്തെ ഉറപ്പിച്ചു; സവിതാവ് വെമ്പലില്ലാത്ത അന്തരിക്ഷത്തിൽ ബന്ധിയ്ക്കപ്പെട്ട മേഘത്തെ ഇളക്കിവിട്ട്, ഒരശ്വത്തെയെന്നപോലെ തല്ലിപ്പഠിപ്പിയ്ക്കുന്നു! 1
അപാംനപാത്തേ, എവിടെ നിർത്തപ്പെട്ടാൽ മേഘം മഴ ചാറുമോ, അവിടം സവിതാവിന്നറിയാം: അദ്ദേഹത്തിൽനിന്നാണു്, ഭൂമിയുണ്ടായതു്; അദ്ദേഹത്തിൽനിന്നാണ്, അന്തരിക്ഷമുണ്ടായതു്; അദ്ദേഹത്തിൽനിന്നാണു്, വാനൂഴികൾക്കു വീതി വന്നതു്! 2
പിന്നീടത്രേ, ഈ മറ്റ് അമർത്ത്യലോകസ്ഥർ പ്രായേണ യജനീയരായിത്തീർന്നതു് സുപർണ്ണനായ ഗരുഡൻ സവിതാവിനെക്കാൾ മുമ്പു ജനിച്ചിരിയ്ക്കുന്നു. അതിനാൽ അദ്ദേഹം ഇദ്ദേഹത്തിന്റെ ധർമ്മം അനുസരിച്ചുപോരുന്നു! 3
മാടുകൾ ഗ്രാമത്തിലെയ്ക്കെന്നപോലെയും, യോദ്ധാവ് അശ്വസമീപത്തെയ്ക്കെന്നപോലെയും, മനംതെളിഞ്ഞ കറവപ്പയ്യ് ഉമ്പയിട്ടുകൊണ്ടു കിടാവിങ്കലെയ്ക്കെന്നപോലെയും, ഭർത്താവു ഭാര്യാന്തികത്തിലെയ്ക്കെന്നപോലെയും, സ്വർഗ്ഗമുറപ്പിച്ച, സർവവരേണ്യനായ സവിതാവു നമ്മുടെ അടുക്കലെയ്ക്കു വരുമാറാകട്ടെ! 4
സവിതാവേ, അംഗിരഃപുത്രൻ ഹിരണ്യാസ്തൂപൻ ഈ അന്നത്തിന്നായി അങ്ങയെ വിളിച്ചുവല്ലോ. അപ്രകാരം അർച്ചത്തും രക്ഷയ്ക്ക് അങ്ങയെ സ്തുതിയ്ക്കുന്നു; സോമലതയെക്കുറിച്ചെന്നപോലെ, ഉണർവുകൊള്ളുകയുംചെയ്യുന്നു. 5
[1] പാശങ്ങൾകൊണ്ടു – വായുപാശങ്ങൾകൊണ്ടു കെട്ടി. സുഖിപ്പിയ്ക്കുന്നു – ഉറപ്പിൽ നിർത്തുന്നു. വെമ്പലില്ലാത്ത – നിശ്ചലമായ എന്നർത്ഥം. പഠിപ്പിയ്ക്കുന്നു – മഴപെയ്യൽ ശീലിപ്പിയ്ക്കുന്നു.
[2] അപാംനപാത്ത് – വൈദ്യുതാഗ്നി.
[3] സ്തോതാവിനോട്: അമത്ത്യലോകസ്ഥർ = സ്വർഗ്ഗവാസികൾ, ദേവന്മാർ. ഇദ്ദേഹം – സവിതാവ് ഗരുഡൻ സോമം കൊണ്ടുവന്നതും സവിതാവിന്റെ പ്രേരണത്താലാകുന്നു; അതിന്നുശേഷമാണു്, സോമയാഗം തുടങ്ങിയതു്.
[5] ഹിരണ്യസ്തൂപൻ – എന്റെ അച്ഛൻ. ഈ അന്നത്തിന്നായി – ഈ സോമം അങ്ങയ്ക്കു തരാൻ. അർച്ചത്തും – ഞാനും സോമലതയെക്കുറിച്ചെന്നപോലെ – യജമാനൻ സോമലതയെ കണ്ണടയ്ക്കാതെ കാത്തുരക്ഷിയ്ക്കുമല്ലോ; അതുപോലെ ഞാൻ ത്വൽപരിചര്യയിൽ ഉണർവുകൊള്ളുന്നു, ഉത്സുകനായിരിയ്ക്കുന്നു.