യമപുത്രൻ ശംഖൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; പിതൃക്കൾ ദേവത.
താന്നതരത്തിലും ഇടത്തരത്തിലും മേത്തരത്തിലും പെട്ട പിതൃക്കൾ കൈക്കൊണ്ടു കനിയട്ടെ: യാവചിലർ ചെന്നായ്ക്കളാകാതെ, യജ്ഞമറിഞ്ഞു, (നമ്മുടെ) പ്രാണൻ രക്ഷിപ്പാൻ വന്നുവോ, ആ പിതൃക്കൾ വിളിയ്ക്കപ്പെടുമ്പോൾ നമ്മെ രക്ഷിയ്ക്കട്ടെ! 1
മൂത്തവരും, ഇളയവരുമായ പരേതർ, ഭൂമിയിലെ കർമ്മത്തിലും പണക്കാരായ ബന്ധുക്കളിലും വന്ന് ഇരുന്നവർ – ഇങ്ങനെയുള്ള പിതൃക്കൾക്ക് ഇവിടെ ഇതാ, നമസ്കാരം! 2
നന്നായറിയുന്ന പിതൃക്കളെയും, യജ്ഞത്തിന്റെ നില്പ്, നടപ്പ് എന്നിവയെയും ഞാൻ കണ്ടെത്തി: ബർഹിഷത്തുകൾ എവരോ, അവർ ഇവിടെ സാദരം വന്നു സ്വധയും സോമനീരും ഭുജിയ്ക്കാറുണ്ടു്. 3
ബർഹിഷത്തുക്കളായ പിതൃക്കളേ, ഇളയവരെ രക്ഷിയ്ക്കുവിൻ: ഞങ്ങൾ ഇതാ, നിങ്ങൾക്കു ഹവിസ്സുണ്ടാക്കിയിരിയ്ക്കുന്നു; നിങ്ങൾ ഭുജിച്ചാലും. ആ നിങ്ങൾ അതിസുഖദമായ രക്ഷയ്ക്കു വന്നെത്തുവിൻ: എന്നിട്ടു, ഞങ്ങൾക്കു സുഖവും ശാന്തിയും പാപരാഹിത്യവും ഉളവാക്കുവിൻ! 4
അരിയ യജ്ഞസമ്പത്തിന്നായി വിളിയ്ക്കപ്പെട്ട സൗമ്യരായ പിതൃക്കൾ വന്നെത്തട്ടെ: അവർ ഇവിടെ (സ്തുതികൾ) കേൾക്കട്ടെ; പ്രശംസിയ്ക്കട്ടെ; അവർ നമ്മെ രക്ഷിയ്ക്കട്ടെ! 5
പിതൃക്കളേ, നിങ്ങളെല്ലാവരും കാൽമുട്ടു കുത്തി, വലത്തുഭാഗത്തിരുന്ന് ഈ യജ്ഞത്തെ ശ്ലാഘിച്ചാലും. ഞങ്ങൾ വല്ല പിഴയും മനുഷ്യത്വത്താൽ ചെയ്തിട്ടുണ്ടാവാം; എന്നാൽ അതുമൂലം നിങ്ങൾ ഞങ്ങളെ ഉപദ്രവിയ്ക്കരുത്! 6
പിതൃക്കളേ, നിങ്ങൾ അഗ്നിജ്വാലകളുടെ സമീപത്തിരുന്നു, ഹവിർദ്ദാതാവായ മനുഷ്യന്നു സമ്പത്തു നല്കുവിൻ; അയാളുടെ മക്കൾക്കു ധനം കൊടുക്കുവിൻ. അങ്ങനെ നിങ്ങൾ ഇതിൽ സ്വത്തു നിക്ഷേപിച്ചാലും! 7
നമ്മുടെ സൗമ്യരായ, സമ്പത്തേറിയ യാവചില പൂർവപിതാക്കൾ സോമപാനം നല്കിയിരിയ്ക്കുന്നുവോ, ആ കാമയമാനന്മാരോടു കൂടി രസിച്ചുംകൊണ്ടു, കാമയമാനനായ യമൻ വേണ്ടുന്ന ഹവിസ്സോരോന്നും ഭക്ഷിയ്ക്കട്ടെ! 8
യാഗാഭിജ്ഞരും മികച്ച സ്തോത്രങ്ങൾ രചിച്ചവരുമായ യാവ ചിലർ ക്രമേണ ദേവത്വമടഞ്ഞു തൃപ്തി കൊള്ളുന്നുവോ; ആ സുവിജ്ഞാനരും സത്യവാന്മാരും കവ്യഭോജികളും ധർമ്മപ്രവർത്തകരുമായ പിതൃക്കളോടൊന്നിച്ച്, അഗ്നേ, നിന്തിരുവടി ഇങ്ങോട്ടെഴുന്നള്ളിയാലും! 9
ഹവിസുണ്ണുകയും ഹവിസ്സു കുടിയ്ക്കുകയും ചെയ്യുന്ന യാവചിലസത്യവാന്മാർ ഇന്ദ്രനോടും ദേവന്മാരോടുംകൂടി ഒരേ തേർ നിർത്തിയിരിയ്ക്കുന്നുവോ; ആ ദേവസ്തോത്രയുക്തരായ, ധർമ്മപ്രവർത്തകരായ, പണ്ടും മുമ്പുമുള്ള ഒരായിരം പിതൃക്കളോടൊന്നിച്ച് അഗ്നേ, നിന്തിരുവടി എഴുന്നള്ളിയാലും! 10
അഗ്നിഷ്വാത്തപിതൃക്കളേ, നിങ്ങൾ ഇവിടെ വരുവിൻ: ശരിയ്ക്കു കൊണ്ടുനടക്കുന്നവരേ, ഓരോ സ്ഥാനത്തിരിയ്ക്കുവിൻ; ദർഭയിലെ പരിശുദ്ധഹവിസ്സുകൾ ഭക്ഷിയ്ക്കുവിൻ; സർവവീരോപേതമായ സമ്പത്തു തരുവിൻ! 11
അഗ്നേ, ജാതവേദസ്സേ, ഈഡിതനായ നിന്തിരുവടി ഹവിസ്സുകളെ സുഗന്ധംപിടിപ്പിച്ചാണല്ലോ, പിതൃക്കൾക്കു കൊണ്ടുകൊടുത്തതു്: അവർ സ്വധ ഭുജിയ്ക്കട്ടെ; ദേവ, അവിടുന്നും പരിശുദ്ധഹവിസ്സുകൾ ഭക്ഷിച്ചാലും ! 12
ജാതവേദസ്സേ, ഇവിടെയുള്ളവരും ഇവിടെയില്ലാത്തവരും, ഞങ്ങൾ അറിയുന്നവരും ഞങ്ങളറിയാത്തവരുമായ പിതൃക്കളെയെല്ലാം അങ്ങയ്ക്കറിയാം; ഹവിസ്സുകൾ വഴിപോലെ ഒരുക്കിയ യജ്ഞം അവിടുന്നു സ്വീകരിച്ചാലും! 13
അഗ്നികൊണ്ടു ദഹിപ്പിയ്ക്കപ്പെട്ടവരും, അഗ്നികൊണ്ടു ദഹിപ്പിയ്ക്കപ്പെടാത്തവരും വിൺനടുവിൽ സ്വധ മതിയാവോളം ഭുജിച്ചുപോരുന്നുണ്ടല്ലോ; അവരോടൊന്നിച്ചു, സ്വയം തിളങ്ങുന്ന നിന്തിരുവടി ഉയിർക്കൊള്ളിയ്ക്കേണ്ടുന്ന ഈ ശരീരത്തെ യഥേഷ്ടം ഉപയോഗിച്ചാലും! 14
[1] കൈക്കൊണ്ടു – ഹവിസ്സു സ്വീകരിച്ച്. ചെന്നായ്ക്കളാകാതെ – നമ്മെ ഉപദ്രവിയ്ക്കാതെ.
[2] ബന്ധുക്കൾ – ശ്രാദ്ധാദ്യനുഷ്ഠായികൾ.
[3] അറിയുന്ന – എന്റെ ഭക്തിയെ. ബർഹിഷത്തുക്കൾ – യാഗം കഴിച്ചു, മരിച്ചു പിതൃലോകമടഞ്ഞവർ.
[4] ശാന്തി – ദുഃഖശമനം.
[5] അരിയ = പ്രിയപ്പെട്ട. യജ്ഞസമ്പത്ത് – ഹവിസ്സ്.
[6] മനുഷ്യത്വത്താൽ – മനുഷ്യസാധാരണമായ പ്രമാദത്താൽ.
[7] ഇതിൽ – ഞങ്ങളുടെ കർമ്മത്തിൽ.
[8] നല്കിയിരിയ്ക്കുന്നുവോ – ദേവകൾക്കും, പിതൃക്കൾക്കും. കാമയമാനന്മാർ – യമനോടൊന്നിച്ചു ഹവിസ്സുണ്ണാൻ ഇച്ഛിയ്ക്കുന്നവർ. കാമയമാനൻ – പിതൃക്കളോടൊന്നിച്ചു ഹവിസ്സുണ്ണാൻ ഇച്ഛിയ്ക്കുന്നവൻ.
[11] അഗ്നിഷ്വാത്തർ – പേര്. സർവവീരോപേതം – പുത്രപൗത്രസഹിതം.