യമപുത്രൻ ദമനൻ ഋഷി; ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
അഗ്നേ, അങ്ങ് ഇദ്ദേഹത്തെ കരിയ്ക്കരുതു്; പൊള്ളിയ്ക്കരുതു്; ഇദ്ദേഹത്തിന്റെ തൊലിയും ദേഹവും ചിതറിയ്ക്കരുതു്. ജാതവേദസ്സേ, അവിടുന്ന് ഇദ്ദേഹത്തെ വേവിച്ചിട്ടു പിതൃക്കൾക്കയച്ചാലും! 1
ജാതവേദസ്സേ, വേവിച്ചിട്ട് ഇവനെ പിതൃക്കൾക്കു കൊടുത്തേയ്ക്കുക. ഇങ്ങനെ ഉയിർ കിട്ടുന്നതോടേ ഇദ്ദേഹം ദേവകൾക്കധീനനാകും! 2
ഭവാന്റെ കണ്ണു സൂര്യങ്കലും, പ്രാണൻ വായുവിങ്കലും ചെന്നണയട്ടെ. ഭവാൻ ധർമ്മത്താൽ വിണ്ണിലോ മന്നിലോ ചെല്ലുക. അഥവാ, അന്തരിക്ഷത്തിൽ ചെല്ലുക: അവിടെയാണ്, ഭവാന്റേതു വെച്ചിരിയ്ക്കുന്നതു്. ഭവാന്റെ അവയവങ്ങൾ സസ്യങ്ങളിൽ നില്ക്കട്ടേ! 3
ജാതവേദസ്സേ, ജനനമില്ലാത്ത ഒരു ഭാഗമുണ്ടല്ലോ; അതിനെ അങ്ങ് തേജസ്സുകൊണ്ടു തപിപ്പിച്ചാലും. അതിനെ അങ്ങയുടെ ശോചിസ്സും, അതിനെ അങ്ങയുടെ അർച്ചിസ്സും സംസ്കരിയ്ക്കട്ടെ. അങ്ങയ്ക്കുണ്ടല്ലോ, സുഖകരങ്ങളായ തിരുവുടലുകൾ; അവകൊണ്ടു് ഇദ്ദേഹത്തെ പുണ്യലോകത്തു കൊണ്ടാക്കുക! 4
അഗ്നേ, അങ്ങയ്ക്കർപ്പിയ്ക്കപ്പെട്ടു, സ്വധ ഭുജിച്ചു നടകൊള്ളുന്നവനെ അങ്ങ് തിരിയേ പിതൃക്കൾക്കയച്ചേയ്ക്കുക: അദ്ദേഹം ആയുസ്സുടുത്ത് അവശേഷമടയട്ടെ; ശരീരത്തോടു ചേരട്ടെ! 5
ഭവാന്റെ യാതൊരവയവത്തിൽ കാക്ക കൊത്തിയോ, എറുമ്പോ പാമ്പോ കുറുക്കനോ കടിച്ചുവോ; അതിനെ സർവഭോജിയായ അഗ്നിയും, ബ്രാഹ്മണരെ പ്രാപിച്ച സോമവും ചികിത്സിയ്ക്കട്ടെ! 6
ഭവാൻ അഗ്നിയുടെ കവചത്തെ കാളത്തോൽകൊണ്ടു മറച്ചാലും; തടിച്ച മേദസ്സുകൊണ്ടു മൂടിയാലും: എന്നാൽ, തേജസ്സാൽ ധർഷിയ്ക്കുന്ന, തുലോം ഹർഷിയ്ക്കുന്ന, ചുട്ടെരിയ്ക്കുന്ന ധൃഷ്ടൻ ഭവാനെ അത്ര പൊതിയില്ല! 7
അഗ്നേ, അങ്ങ് ഈ ചമസം തട്ടിമറിയ്ക്കരുതു്: ദേവന്മാർക്കും പിതൃക്കൾക്കും പ്രിയപ്പെട്ടതാണല്ലോ, ഇത് ദേവന്മാരുടെ ചഷകമാണ്, ചമസം; ഇതിൽ മരണരഹിതരായ ദേവന്മാർ ഇമ്പംകൊള്ളുന്നു! 8
മാംസം തിന്നുന്ന അഗ്നിയെ ഞാൻ ദൂരത്തെയ്ക്കെറിയുന്നു: ആ പാപി യമരാജ്യത്തെയ്ക്കു പോകട്ടെ. ഈ സുവിദിതനായ മറ്റേജ്ജാതവേദസ്സ് ഇവിടെത്തന്നെ ദേവന്മാർക്കു ഹവിസ്സു വഹിയ്ക്കട്ടെ! 9
മാംസം തിന്നുന്ന യാതൊരഗ്നി നിങ്ങളുടെ ഗൃഹത്തിൽ കടന്നു കൂടിയിട്ടുണ്ടോ, ആ ദേവനെ ഞാൻ പിതൃയജ്ഞത്തിന്നായി പുറത്തു കളയുന്നു. ഇതാ, മറ്റേജ്ജാതവേദസ്സ്; അദ്ദേഹം ഉൽക്കൃഷ്ടസ്ഥാനത്തു യജ്ഞത്തിൽ വന്നെത്തട്ടെ! 10
യാതൊരഗ്നി കവ്യം വഹിച്ചു, സത്യവൃദ്ധരായ പിതൃക്കളെ യജിയ്ക്കുന്നുവോ; അദ്ദേഹം ഹവിസ്സുകൾ ദേവന്മാരെയും പിതൃക്കളെയും അറിയിയ്ക്കട്ടെ! 11
ഞങ്ങൾ ഇച്ഛയാ അങ്ങയെ പ്രതിഷ്ഠിയ്ക്കാം, ഇച്ഛയാ ജ്വലിപ്പിയ്ക്കാം: ഇച്ഛിയ്ക്കുന്ന ഭവാൻ ഇച്ഛിയ്ക്കുന്ന പിതൃക്കളെ ഹവിസ്സുണ്ണാൻ കൊണ്ടുവന്നാലും! 12
അഗ്നേ, അങ്ങ് യാതൊരിടത്തെ എരിച്ചുവോ, അതിനെ വീണ്ടും തണുപ്പിച്ചാലും: അവിടെ ഇത്തിരി വെള്ളവും, പല ചിനച്ചങ്ങളോടുകൂടിയ മൂത്ത കറുകയും ഉണ്ടായിവരട്ടെ! 13
കുളിരും, കുളിർവസ്തുക്കളും, ആഹ്ലാദവും ആഹ്ലാദകങ്ങളും ചേർന്നവളേ, ഭവതി പെൺതവളയോടൊന്നിച്ച്, ഈ അഗ്നിയെ ഇമ്പപ്പെടുത്തിയാലും! 14
[1] മരിച്ച യജമാനനെ ദഹിപ്പിയ്ക്കുമ്പോൾ ചൊല്ലേണ്ടുന്ന – ആറു മന്ത്രങ്ങൾ:
[2] ഉയിർ കിട്ടുന്നതോടേ – അഗ്നി പുതിയ ദേഹവും ജീവനും കൊടുത്തുകഴിഞ്ഞാൽ. ദേവകൾക്കുധീനനാകും – ദേവകളാൽ, അവരുടെ കൂട്ടത്തിൽ ചേർക്കപ്പെടും.
[3] മൃതനോട്: ധർമ്മത്താൽ – സ്വകർമ്മാനുസാരേണ. ഭവാന്റേതു – ഭവാന്റെ കർമ്മഫലം.
[4] ജനനമില്ലാത്ത ഒരു ഭാഗം – ആന്തരപുരുഷൻ. അജോ ഭാഗഃ എന്നാണ് മൂലം: ഇതിന്ന് അങ്ങയുടെ അംശമായ ആട് എന്നർത്ഥമാണ്, അധികം യുക്തമെന്നു തോന്നുന്നു. ശോചിസ്സും അർച്ചിസ്സും ഒന്നു(ജ്വാല)തന്നെ. സുഖകരങ്ങളായ – പൊള്ളിയ്ക്കുകയും മറ്റും ചെയ്യാത്ത.
[5] അങ്ങയ്ക്കർപ്പിയ്ക്കപ്പെട്ടു – ഞങ്ങളാൽ മന്ത്രപൂർവം ചിതമേൽ വെയ്ക്കപ്പെട്ട്. സ്വധ – സ്വധോച്ചാരണത്തോടേ പകർന്ന വെള്ളവും മറ്റും. ആയുസ്സുടുത്തു – ജീവിച്ച്. അവശേഷം – അസ്ഥി.
[6] മൃതനോട്: ബ്രാഹ്മണർ – ഋത്വിഗാദികൾ. ചികിത്സിയ്ക്കട്ടേ – സ്വാസ്ഥ്യപ്പെടുത്തട്ടെ.
[7] കവചം – ജ്വാല. കാളത്തോൽ – ശവത്തെ പുതപ്പിച്ചതു്. ധൃഷ്ടൻ – അഗ്നി.
[8] ചമസം – ചിതയ്ക്കരികിൽ വെയ്ക്കുന്ന, മന്ത്രപൂതമായ ജലം നിറച്ച പാത്രം.
[9] മാംസം തിന്നുന്ന – ശവമെരിയ്ക്കുന്ന. മറ്റേജ്ജാതവേദസ്സ് – മാംസഭോജിയല്ലാത്ത അഗ്നി.
[14] പൃഥിവിയോട്: ആഹ്ലാദകങ്ങൾ – ആഹ്ലാദിപ്പിയ്ക്കുന്ന കായ്കളുള്ള വൃക്ഷങ്ങൾ. പെൺതവള – വൃഷ്ടിപ്രിയയാണല്ലോ. ഇമ്പപ്പെടുത്തിയാലും – മഴകൊണ്ടു്.