വസിഷ്ഠപുത്രൻ മൃളീകൻ ഋഷി; ബൃഹതിയും ഉപരിഷ്ടാജ്ജ്യോതിസ്സും ഛന്ദസ്സുകൾ; അഗ്നി ദേവത.
ഹവ്യവാഹന, അവിടുന്ന് ഉജ്ജ്വലനെങ്കിലും, ദേവന്മാർക്കായി ജ്വലിപ്പിയ്ക്കുപ്പെടുന്നു: ആ ഭവാൻ ആദിത്യ – വസു രുദ്രന്മാരോടുകൂടി ഞങ്ങളിൽ വന്നാലും – മൃളീകനായ എനിയ്ക്കായി വന്നാലും! 1
നിന്തിരുവടി ഈ യജ്ഞവും ഈ സ്തോത്രവും സ്വീകരിപ്പാൻ വന്നണഞ്ഞാലും: സമുജ്ജ്വല, മർത്ത്യരായ ഞങ്ങൾ അങ്ങയെ വിളിയ്ക്കുന്നു – മൃളീകന്നായി വിളിയ്ക്കുന്നു! 2
വിശ്വവരേണ്യനായ, ജാതവേദസ്സായ ഭവാനെത്തന്നേ ഞാൻ സ്തോത്രംകൊണ്ടു സ്തുതിയ്ക്കുന്നു: അഗ്നേ, അവിടുന്നു പ്രിയവ്രതരായ ദേവന്മാരെ ഞങ്ങൾക്കായി കൊണ്ടുവന്നാലും – പ്രിയവ്രതന്മാരെ മൃളീകന്നായി കൊണ്ടുവന്നാലും! 3
അഗ്നിദേവൻ ദേവന്മാർക്കു പുരോഹിതനായി; ആ അഗ്നിയെത്തന്നേ ഋഷിമാരായ മനുഷ്യർ ജ്വലിപ്പിച്ചുപോരുന്നു. ഞാൻ വമ്പിച്ച സമ്പത്തു കിട്ടാൻ അഗ്നിയെ വിളിയ്കുന്നു; അദ്ദേഹം മൃളീകന്നു സമ്പത്തു കിട്ടിയ്ക്കട്ടെ! 4
അത്രിയും, ഭരദ്വാജനുംം ഗവിഷ്ഠിരനും, കണ്വനും ത്രസദസ്യുവുമാകുന്ന ഞങ്ങളെ യുദ്ധത്തിൽ അഗ്നി രക്ഷിയ്ക്കട്ടെ: പുരോഹിതൻ വസിഷ്ഠൻ അഗ്നിയെ വിളിയ്ക്കുന്നു; മൃളീകന്നായി മുമ്പിലിരുത്തട്ടെ! 5